

ന്യൂഡൽഹി: മുഗൾ ഭരണാധികാരികൾ രാജ്യം മുഴുവൻ ഇസ്ലാമികവത്കരിക്കാൻ ശ്രമിച്ചെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുഗളർ ഹിന്ദു ചിഹ്നങ്ങളെയും ആചാരങ്ങളെയും ലക്ഷ്യം വെച്ചതായും യോഗി ആദിത്യനാഥ് വിമർശിച്ചു. മുഗൾ ചക്രവർത്തി ഔറംഗസേബ് മതപരമായ പീഡനം നടത്തുകയും ഹിന്ദു പാരമ്പര്യങ്ങളെ തകർക്കാൻ ബലപ്രയോഗം നടത്തുകയും ചെയ്തുവെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി ആരോപിച്ചു.
മുഗളർ ഇന്ത്യയെ മുഴുവനായി ഇസ്ലാമികവൽക്കരിക്കാൻ ഒരു പ്രചാരണം ആരംഭിച്ചിരുന്നു. ഔറംഗസേബ് തിലകം മായ്ക്കാനും പൂണൂൽ മുറിച്ച് മാറ്റാനും ശ്രമിച്ചു.കശ്മീരിൽ ഉൾപ്പെടെ വ്യാപകമായ അടിച്ചമർത്തലിനും അതിക്രമങ്ങൾക്കും ഔറംഗസേബ് ശ്രമിച്ചെന്നും യോഗി ആദിത്യനാഥ് ആരോപിച്ചു. ഈ കാലയളവിൽ ഗുരു തേജ് ബഹാദൂർ 'ശബ്ദം ഉയർത്തി' പീഡനത്തിനെതിരെ ഒരു തടസ്സമായി നിലകൊണ്ടുവെന്നും സിഖ് ചരിത്രത്തെ പരാമർശിച്ചുകൊണ്ട് യോഗി ആദിത്യനാഥ് പറഞ്ഞു.
ഗുരുവിന്റെ കൂട്ടാളികൾക്ക് ഗുരുതരമായ പീഢനങ്ങൾ നേരിടേണ്ടി വന്നിരുന്നുവെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. 'ഭായി മതി ദാസിനെ ആദ്യം പീഡിപ്പിച്ച് കഷണങ്ങളാക്കി. ഭായ് സതി ദാസിനെ ഒരു പഞ്ഞിക്കെട്ടിൽ ഇട്ട് തീയിട്ടു. ഭായ് ദയാലയെ തിളച്ച വെള്ളത്തിന്റെ പാത്രത്തിലേക്ക് എറിഞ്ഞു. എന്നിട്ടും ഗുരു തേജ് ബഹദൂർ ജി മഹാരാജ് തൻ്റെ വിശ്വാസത്തിലോ ദൃഢനിശ്ചയത്തിലോ പതറിയില്ല' എന്നായിരുന്നു യോഗി ആദിത്യനാഥിൻ്റെ പ്രതികരണം.
Content Highlights: Mughal rulers tried to Islamize India as a whole Yogi Adityanath takes controversial stand