

ഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനത്തിലെ പ്രതികളായ ഫരീദാബാദിലെ അല്‍ ഫലാ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ക്ക് വിദേശബന്ധമുണ്ടെന്ന് കണ്ടെത്തല്‍. മൂന്ന് വിദേശികളുമായി ബന്ധമുണ്ടെന്നും ഇതില്‍ ഒരാള്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത മുസമില്‍ അഹ്‌മദ് ഗനിയയ്ക്ക് എന്‍ക്രിപ്റ്റഡ് ആപ്പ് വഴി ബോംബ് നിര്‍മിക്കുന്നതിന്റെ വീഡിയോകള്‍ അയച്ച് നല്‍കിയെന്നും ദേശീയ മാധ്യമമായ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 42 വീഡിയോകളാണ് ഇത്തരത്തില്‍ മുസമിലിന് അയച്ച് നല്‍കിയത്.
അടുത്തിടെ ഇന്ത്യയില്‍ നടന്ന സമാന രീതിയിലുള്ള സ്‌ഫോടനങ്ങളുമായി ഈ വിദേശികള്‍ക്ക് ബന്ധമുണ്ടോയെന്ന് സുരക്ഷാ ഏജന്‍സികള്‍ അന്വേഷിച്ചുവരികയാണ്. നിലവില്‍ 'ഹന്‍സുള്ള', 'നിസാര്‍', 'ഉകാസ' എന്നിങ്ങനെയാണ് ഈ സഹായികളെ തിരിച്ചറിഞ്ഞിരിക്കുന്നത്. ഈ പേരുകള്‍ അവരുടെ യഥാര്‍ത്ഥ പേരായിരിക്കില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്.
ഹന്‍സുള്ളയാണ് മുസമ്മിലിന് ബോംബ് നിര്‍മിക്കാനുള്ള വീഡിയോ അയച്ച് നല്‍കിയതെന്നാണ് കരുതുന്നത്. ചെങ്കോട്ട സ്‌ഫോടനത്തിന് 10 ദിവസം മുമ്പ് തന്നെ മുസമിലിനെ 2500 കിലോഗ്രാം സ്‌ഫോടക വസ്തുക്കള്‍ കൈവശം വെച്ചതിന് അറസ്റ്റ് ചെയ്തിരുന്നു. 2020 മുതല്‍ തമിഴ്‌നാട്ടിലെ തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധമുണ്ടെന്ന് കരുതുന്ന കേണല്‍, ലാപ്‌ടോപ് ഭായ്, ഭായ് എന്നിങ്ങനെയുള്ള പേരുകളില്‍ അറിയപ്പെടുന്ന മുഹമ്മദ് ഷാഹിദ് ഫൈസല്‍ എന്ന വിദേശ ഹാന്‍ഡ്‌ലര്‍ക്കും ഈ കേസില്‍ പങ്കുണ്ടെന്ന സംശയവും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നുണ്ട്.
2022 ഒക്ടോബര്‍ 23ന് കോയമ്പത്തൂര്‍ ചാവേറാക്രമണത്തിന് പിന്നിലും നവംബര്‍ 20ന് നടന്ന ഓട്ടോറിക്ഷാ സ്‌ഫോടനത്തിലും കഴിഞ്ഞ വര്‍ഷം മാര്‍ച്ച് ഒന്നിന് രാമേശ്വരം കഫേയില്‍ നിന്ന് നടന്ന സ്‌ഫോടനത്തിലും ഇയാള്‍ക്ക് ബന്ധമുണ്ടെന്നാണ് വിവരം. 2012ല്‍ 28 വയസുള്ളപ്പോള്‍ ബെംഗളൂരുവില്‍ നിന്ന് കാണാതായ എഞ്ചിനീയറിങ് ബിരുദദാരിയാണ് ഫൈസല്‍ എന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍. ഇയാള്‍ക്ക് സാകിര്‍ ഉസ്ദാത് എന്ന പേരുമുണ്ട്.
സ്‌ഫോടനങ്ങളില്‍ പ്രധാനിയാണെന്ന് സുരക്ഷാ ഏജന്‍സികള്‍ കണ്ടെത്തിയതിന് പിന്നാലെ ഇയാള്‍ പാകിസ്താനിലേക്ക് കടന്നെന്നാണ് റിപ്പോര്‍ട്ട്. അടുത്തിടെ ഫൈസല്‍ സിറിയ- തുര്‍ക്കി അതിര്‍ത്തിയിലേക്ക് മാറിയെന്നും നിലവില്‍ ഒളിവിലാണെന്നുമാണ് അന്വേഷണ സംഘം പറയുന്നത്. ഉകാസ എന്ന ചെങ്കോട്ട സ്‌ഫോടനവുമായ ബന്ധമുണ്ടെന്ന് കരുതുന്ന വിദേശ ഹാന്‍ഡ്‌ലര്‍ തുര്‍ക്കിയിലാണെന്നതും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
'കര്‍ണാടക, തമിഴ്‌നാട് സ്‌ഫോടനങ്ങളുമായി ചെങ്കോട്ട സ്‌ഫോടനത്തിന് ബന്ധമുണ്ടാകാന്‍ സാധ്യതയുണ്ട്. ഹാന്‍ഡ്‌ലര്‍ തലത്തില്‍ ഈ സ്‌ഫോടനങ്ങള്‍ക്ക് പല സാമ്യതകളുമുണ്ട്. ഇത് കൂടുതല്‍ അന്വേഷിക്കേണ്ടതുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരാനുണ്ട്', ഡല്‍ഹി സ്‌ഫോടനത്തിലും തെക്കന്‍ ഇന്ത്യയിലെ കേസുകളുമായും ബന്ധമുള്ള അന്വേഷണ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം സിറിയയിലെ ഭീകര സംഘങ്ങളുമായി ഉമര്‍ നബി കൂടിക്കാഴ്ച നടത്തിയെന്ന വിവരവും പുറത്ത് വരുന്നുണ്ട്. 2022 ലായിരുന്നു കൂടിക്കാഴ്ചയെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. കൂടിക്കാഴ്ചയില്‍ മുസമിലും ഷക്കീലും മുസാഫര്‍ റാഥറും കൂടെയുണ്ടായിരുന്നു. ഉകാസയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു കൂടിക്കാഴ്ച. ലഷ്‌കര്‍ ഇ ത്വയ്ബയില്‍ ചേരാനായിരുന്നു ഇവരുടെ നീക്കമെന്നും ജെയ്‌ഷേ മുഹമ്മദിന്റെ നിര്‍ദ്ദേശ പ്രകാരമാണ് പദ്ധതി മാറ്റിയതെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
Content Highlights: Red Fort incident foreign handlers send 42 videos to Muzammil Gania