പോറ്റിയുടെ അപേക്ഷയിൽ പത്മകുമാർ അമിതതാത്പര്യമെടുത്തു; എ പത്മകുമാറിനെ കുടുക്കിയത് വാസുവിന്‍റെ മൊഴി

പത്മകുമാർ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ നിർണായക മൊഴി നൽകി

പോറ്റിയുടെ അപേക്ഷയിൽ പത്മകുമാർ അമിതതാത്പര്യമെടുത്തു; എ പത്മകുമാറിനെ കുടുക്കിയത് വാസുവിന്‍റെ മൊഴി
dot image

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിനെ കുടുക്കിയത് എൻ വാസുവിന്റെ മൊഴി. ഉണ്ണികൃഷ്ണൻ പോറ്റിയുടെ അപേക്ഷയിൽ അമിത താത്പര്യമെടുത്തത് പത്മകുമാർ ആണെന്നും നടപടി വേഗത്തിലാക്കാൻ അദ്ദേഹം നിർദേശം നൽകിയെന്നുമാണ് ദേവസ്വം മുൻ കമ്മീഷണറും ബോർഡ് പ്രസിഡന്റുമായിരുന്ന എൻ വാസുവിന്റെ മൊഴി. പോറ്റിയും എ പത്മകുമാറും തമ്മിൽ അടുത്ത ബന്ധമാണുള്ളത്. പോറ്റിയുമായുള്ള ബന്ധത്തെക്കുറിച്ച് കൂടുതൽ വിവരങ്ങളും വാസു നൽകി.


താൻ അപേക്ഷ കൈമാറുക മാത്രമാണ് ചെയ്തതെന്നും വാസു അന്വേഷണ സംഘത്തിന് മൊഴി നൽകി. എക്‌സിക്യുട്ടീവ് ഓഫീസർക്ക് പാളികൾ അറ്റകുറ്റപ്പണി നടത്തണമെന്നാവശ്യപ്പെട്ട് ഉണ്ണികൃഷ്ണൻപോറ്റി അപേക്ഷ നൽകി. ആ അപേക്ഷ ദേവസ്വം കമ്മീഷണറായ തന്നിലേക്ക് എത്തിപ്പെട്ടു. ഇത് ദേവസ്വം ബോർഡിലേക്ക് ഫോർവേഡ് ചെയ്യുകമാത്രമാണ് താൻ ചെയ്തത് എന്നാണ് വാസു നൽകിയ മൊഴി. ഈ അപേക്ഷയിൽ അന്നത്തെ ദേവസ്വം പ്രസിഡന്റായിരുന്ന പത്മകുമാർ പ്രത്യേക താല്പര്യം കാണിച്ചു. നടപടി വേഗത്തിലാക്കാൻ താനടക്കമുള്ള ദേവസ്വം ഉദ്യോഗസ്ഥർക്ക് പത്മകുമാർ നിർദേശം നൽകിയെന്നും വാസു പറയുന്നു.

ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ എ പത്മകുമാറിനെ പ്രത്യേക അന്വേഷണ സംഘം ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. പത്മകുമാർ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ നിർണായക മൊഴി നൽകിയതായാണ് പുറത്തുവരുന്ന വിവരം. സ്വർണ്ണപ്പാളി അറ്റകുറ്റപ്പണി നടത്തുന്നതിനായി കൊണ്ടുപോകുന്നതിന് ഉണ്ണികൃഷ്ണൻ പോറ്റി സർക്കാരിന് അപേക്ഷ നൽകിയിരുന്നുവെന്നും ആ അപേക്ഷയിലാണ് ഫയൽ നീക്കം നടന്നതെന്നുമാണ് പത്മകുമാറിന്റെ മൊഴി. സ്വർണ്ണപ്പാളി അറ്റകുറ്റപ്പണിക്കായി കൊണ്ടുപോകാനായി പോറ്റി ആദ്യം അപേക്ഷ നൽകിയത് ദേവസ്വം ബോർഡിലോ ബോർഡ് ഉദ്യോഗസ്ഥരുടെ പക്കലോ അല്ല സർക്കാരിനാണ്. ആ അപേക്ഷയാണ് ദേവസ്വം ബോർഡിലേക്ക് എത്തിയത്. അന്നത്തെ ദേവസ്വം മന്ത്രിയായ കടകംപള്ളി സുരേന്ദ്രൻ അടക്കമുള്ളവർ അറിയാതെ അപേക്ഷ ദേവസ്വം ബോർഡിലേക്ക് എത്തില്ല. ആ അപേക്ഷയിന്മേലാണ് ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരും ഭരണസിമിതിയും താൻ അടക്കമുള്ള ആളുകളും തുടർനടപടി സ്വീകരിച്ചത്. ഫയൽനീക്കം നടത്തിയതെല്ലാം ഉദ്യോഗസ്ഥരാണെന്നും പത്മകുമാർ നൽകിയ മൊഴിയിൽ പറയുന്നുണ്ട്. സ്വർണ്ണക്കൊള്ളയെക്കുറിച്ച് അറിഞ്ഞിരുന്നില്ല. അറിഞ്ഞിരുന്നെങ്കിൽ അനുമതി നൽകുമായിരുന്നില്ലെന്നും നാല് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനിടെ പത്മകുമാർ പറഞ്ഞിരുന്നു.

എന്‍ വാസുവിനെ കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്. ഇരുവരെയും ഒരുമിച്ചിരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. ചോദ്യം ചെയ്യലിന് ശേഷം പത്മകുമാറിനെ വൈദ്യപരിശോധനയ്ക്ക് എത്തിച്ചിരുന്നു. എല്ലാം അയ്യപ്പൻ തീരുമാനിക്കും എന്നായിരുന്നു ആശുപത്രിയിൽവെച്ച് മാധ്യമങ്ങളോട് അദ്ദേഹം പ്രതികരിച്ചത്.

അതേസമയം പാർട്ടിക്കോ സർക്കാരിനോ ശബരിമല സ്വർണക്കൊള്ളയിൽ ബന്ധമില്ലെന്ന് പറഞ്ഞിരുന്ന സിപിഐഎമ്മിനെയും പ്രതിരോധത്തിലാക്കുന്നതാണ് പുതിയ വെളിപ്പെടുത്തലുകൾ. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇത് പ്രതികൂലമായി ബാധിച്ചേക്കാമെന്ന ആശങ്കയും നേതൃത്വത്തിനകത്ത് ഉയരുന്നുണ്ട്.

Content Highlights: N Vasu's statement about A Padmakumar in the Sabarimala gold case

dot image
To advertise here,contact us
dot image