

മാസങ്ങൾക്ക് മുൻപ് ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് പരസ്പര സഹകരണത്തോടെ നിലകൊണ്ട രാജ്യങ്ങൾ ആണ് പാകിസ്താനും തുർക്കിയും. പാക്സിതാന് വേണ്ട എല്ലാ പിന്തുണയും നൽകിയ, ഇപ്പോഴും നൽകിക്കൊണ്ടിരിക്കുന്ന തുർക്കി എന്ന രാജ്യത്തിന്റ ഇന്ത്യയോടുള്ള സമീപനമാണ് ഇപ്പോൾ ചർച്ച വിഷയം. പാകിസ്ഥാന് അൺക്രൂഡ് ഏരിയൽ സിസ്റ്റങ്ങൾ (UAS), ഡ്രോണുകൾ എന്നിവയുൾപ്പെടെയുള്ള പ്രതിരോധ ഹാർഡ്‌വെയർ തുർക്കി നൽകിയിട്ടുണ്ട്. അഞ്ചാം തലമുറ വിമാനമായ KAAN ഉൾപ്പെടെ നിര്‍മിക്കുന്ന ടർക്കിഷ് എയ്‌റോസ്‌പേസ് ഇൻഡസ്ട്രീസിൽ പാകിസ്താൻ എഞ്ചിനീയർമാരും ടെക്‌നീഷ്യന്മാരും ജോലി ചെയ്യുന്നുമുണ്ട്. കഴിഞ്ഞ സെപ്റ്റംബറിൽ ചൈനയിലെ ടിയാൻജിനിൽ നടന്ന ഷാങ്ഹായ് സഹകരണ സംഘടനയുടെ യോഗത്തിൽ ഈ കൂട്ടുകെട്ടിനെ കുറിച്ച് ഇന്ത്യ എടുത്തു പറയുകയും ചെയ്തിരുന്നു.
ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് തുർക്കി പാകിസ്താന് നൽകിയ പിന്തുണയെ കുറിച്ച് നമുക്കറിയാമെങ്കിലും ഇപ്പോൾ ഇന്ത്യയെ വലയ്ക്കുന്നത് തുർക്കിയുടെ മറ്റൊരു നീക്കമാണ്. അടുത്തിടെ, ഇന്ത്യൻ സൈന്യത്തിന്റെ ആറ് AH-64E അപ്പാച്ചെ ഹെലികോപ്റ്ററുകളുടെ രണ്ടാമത്തെയും അവസാനത്തെയും ബാച്ചിന്റെ വിതരണം തുർക്കി തടസ്സപ്പെടുത്തി എന്ന റിപ്പോർട്ട് വന്നതിനു ശേഷമാണ് രാജ്യത്തിന് ഇന്ത്യയോട് ഇത്ര ശത്രുത ഉണ്ടോ എന്ന ചോദ്യം വന്നത്. തുർക്കിയുടെ വ്യോമാതിർത്തിയിലേക്കുള്ള അനുമതി നിഷേധിച്ചാണ് ഇന്ത്യയുടെ ഹെലികോപ്റ്ററുകളുടെ വിതരണം തുർക്കി തടഞ്ഞത്. ഇതുമൂലം ഹെലികോപ്റ്ററുകളുടെ രണ്ടാമത്തെ ബാച്ചിനെ വഹിച്ച വിമാനത്തിന് കൂടുതൽ ദൈർഘ്യമേറിയ മറ്റൊരു റൂട്ട് തിരഞ്ഞെടുക്കേണ്ടി വരികയായിരുന്നു. ആ നീക്കം ഇന്ത്യയുടെ സമയക്രമത്തെ തടസ്സപ്പെടുത്തുകയും പ്രവർത്തന ചെലവ് വർദ്ധിപ്പിക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ പാക്-തുർക്കി സൈനിക, തന്ത്രപരമായ ബന്ധങ്ങൾ ഇന്ത്യക്ക് എങ്ങനെയൊക്കെ തലവേദയാകുമെന്ന കാര്യവും ചർച്ച ചെയ്യേണ്ടിയിരിക്കുന്നു…
പാക്-തുർക്കി ബന്ധങ്ങൾക്ക് രണ്ട് ഇസ്ലാമിക രാജ്യങ്ങൾ എന്ന നിലയിലുള്ള അടിത്തറ കൂടിയുണ്ട്. ഇസ്ലാമിക രാജ്യങ്ങൾക്കിടയിലെ ഏറ്റവും ശക്തരായവർ എന്ന നിലയിൽ ഈ രണ്ട് രാജ്യങ്ങൾക്കും വലിയ സൈനിക സന്നാഹങ്ങളും ഉണ്ട്. ആയുധ വിൽപ്പനയിലൂടെയും സംയുക്ത അഭ്യാസങ്ങളിലൂടെയുമുള്ള പ്രതിരോധ പങ്കാളിത്തം, രാഷ്ട്രീയ, സാമ്പത്തിക സഹകരണം, കശ്മീർ പോലുള്ള പ്രാദേശിക വിഷയങ്ങളിൽ പരസ്പര പിന്തുണ എന്നിവ ഇവരുടെ അടുപ്പത്തിലെ ആണിക്കല്ലുകളാണ്. ഇരു രാജ്യങ്ങളും സമാനമായ കാഴ്ചപ്പാടും പ്രത്യയശാസ്ത്രവും പങ്കിടുന്നവരാണ്. അതുപോലെതന്നെ ഇരുവരും ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷന്റെ (OIC) പ്രധാന അംഗങ്ങളുമാണ്. തുർക്കിയിലെയും പാകിസ്താനിലെയും ജനങ്ങളിൽ കൂടുതൽ പേരും സുന്നി ഇസ്ലാമിസം പിന്തുടരുന്നവരാണ്. കശ്മീർ പാകിസ്താനിൽ ചേരണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ ഐക്യരാഷ്ട്രസഭ സംഘടിപ്പിക്കുന്ന ഒരു ഹിതപരിശോധന നടത്തണമെന്ന പാകിസ്താന്‍റെ നിലപാടിനെ പിന്തുണച്ച രാജ്യമാണ് തുർക്കിയും പ്രസിഡന്റ് എർദോഗാനും.

ഇതൊന്നും കൂടാതെ, ആണവ വിതരണ ഗ്രൂപ്പിലെ (NSG) പാകിസ്താന്റെ അംഗത്വത്തെ പിന്തുണക്കുകയും ചെയ്യുന്ന രാജ്യമാണ് തുർക്കി. ഇന്ത്യയെ NSGയിൽ ഉൾപ്പെടുത്തുന്നതിനെ എതിർക്കുകയും മുമ്പ് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സിൽ (FATF) പാകിസ്താനെ ഉൾപ്പെടുത്തുന്നതിന് പിന്തുണക്കുകയും ചെയ്ത രാജ്യമാണ് തുർക്കി എന്നാണ് റിപ്പോർട്ട്. പാക്സിതാൻ വ്യോമസേനയ്ക്കായി എഫ്-16 യുദ്ധവിമാനങ്ങളുടെ ഒരു ബാച്ച് നവീകരിക്കുന്നതിനും എഞ്ചിനുകളും സ്പെയർ പാർട്‌സും നിർമ്മിക്കുന്നതിനും സഹായിച്ച തുർക്കി പല ഘട്ടങ്ങളിലും പാക് വ്യോമസേനാ ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുകയും ചെയ്തിട്ടുണ്ട്. ഓപ്പറേഷൻ സിന്ദൂർ ദൗത്യത്തിനിടെ പടിഞ്ഞാറൻ അതിർത്തിയിൽ പാകിസ്താന്‍ നടത്തിയ പ്രധാന ഡ്രോൺ ആക്രമണത്തെ ഇന്ത്യ വിജയകരമായി തടഞ്ഞത് നാം കണ്ടതാണ്. അന്ന് ഇന്ത്യയുടെ സൈനിക, സിവിലിയൻ സ്ഥലങ്ങളെ ലക്ഷ്യമിട്ടു വന്ന ആ 300-ലധികം ഡ്രോണുകൾ തുർക്കി നിർമ്മിത മോഡലുകൾ ആണെന്നാണ് പറഞ്ഞു കേട്ടത്. അങ്ങനെയങ്ങനെ നീളുന്നു. പാകിസ്താനും തുർക്കിയും തമ്മിലുള്ള ബന്ധത്തിന്റെ കഥകൾ…

ഇന്ത്യയെ സംബന്ധിച്ചിടത്തോളം, തുർക്കിയുമായുള്ള ബന്ധം സങ്കീർണ്ണമാണ്. സാമ്പത്തിക, പ്രതിരോധ സഹകരണവും ഇടയ്ക്കിടെയുള്ള രാഷ്ട്രീയ സംഘർഷങ്ങളും ഇന്ത്യയും തുർക്കിയും തമ്മിൽ ഉണ്ടാകാറുണ്ട്. പണ്ട് ശക്തമായ വ്യാപാര ബന്ധങ്ങളും പ്രതിരോധ സഹകരണവും ഇരുവരും തമ്മിൽ ഉണ്ടായിരുന്നതാണ്. എന്നാൽ പല ജിയോപോളിറ്റിക്കൽ ഇവെന്റുകളിലെ സംഘർഷങ്ങളിൽ തുർക്കി ഡ്രോണുകൾ ഉപയോഗിക്കുന്നതും ഇന്ത്യൻ സൈനിക നടപടികളെ തുർക്കി അപലപിക്കുന്നതും പോലുള്ള സമീപകാല സംഭവങ്ങൾ പുതിയ സമ്മർദ്ദങ്ങൾ സൃഷ്ടിച്ചു എന്ന് തന്നെ വേണം പറയാൻ.
അതുപോലെ തന്നെ പണ്ട് 20 ബില്യൺ ഡോളറിന്റെ വരെ വ്യാപാരം ഉണ്ടാകണമെന്ന് ഇരു രാജ്യങ്ങളും തമ്മിൽ ധാരണയുണ്ടായിരുന്നു. എന്നാൽ 2024-25 ൽ ഇന്ത്യ-തുർക്കി ഉഭയകക്ഷി വ്യാപാരം ഏകദേശം 8.71 ബില്യൺ ഡോളറായി ചുരുങ്ങി. ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂരിനുശേഷം തുർക്കി പാകിസ്താനെ പിന്തുണച്ചതിനെത്തുടർന്ന്, തുർക്കിയുടെ ഉൽപ്പന്നങ്ങൾ ബഹിഷ്‌കരിക്കാൻ ഇന്ത്യയിൽ ആഹ്വാനങ്ങൾ ഉയർന്നിരുന്നതാണ്. ഇത് മാർബിൾ, ആപ്പിൾ തുടങ്ങിയ പ്രത്യേക ഇറക്കുമതികളെയും പ്രതികൂലമായി ബാധിച്ചു.
2025 പകുതി വരെ ഇന്ത്യൻ സർക്കാർ തുർക്കിയിൽ പൂർണ്ണമായ വ്യാപാര നിരോധനം ഏർപ്പെടുത്തിയിരുന്നില്ല, എന്നാൽ തുർക്കിയുമായും അസർബൈജാനുമായുള്ള വ്യാപാരം ഇപ്പോൾ അനിശ്ചിതത്വത്തിൽ തന്നെയാണ്. പകരമായി അർമേനിയ, ഗ്രീസ്, സൈപ്രസ് എന്നിങ്ങനെയുള്ള രാജ്യങ്ങളെ തങ്ങളുടെ കൂടെ നിർത്താൻ ഇന്ത്യ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അതുപോലെ തന്നെ, ഏഷ്യയ്ക്കും യൂറോപ്പിനും ഇടയിലുള്ള ഒരു പാലമായി മാറാനുള്ള തുർക്കിയുടെ മോഹങ്ങൾക്ക്, ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി (IMEC) പോലുള്ള പദ്ധതികൾ വെല്ലുവിളി ആയതും അവർക്ക് സഹിച്ചില്ല. തുർക്കിയുടെ റൂട്ടിനെ ലക്‌ഷ്യം വെച്ച് എത്തുന്ന ഈ നീക്കങ്ങളെയെല്ലാം വിമർശിക്കുന്ന എർദോഗൻ റെയിൽവേ, ഹൈവേകൾ, തുറമുഖങ്ങൾ, നഗരങ്ങൾ എന്നിവയുടെ ഒരു ശൃംഖല സ്ഥാപിച്ച് പശ്ചിമേഷ്യയെ യൂറോപ്പുമായി ബന്ധിപ്പിക്കാൻ ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

ഇനി, തുർക്കിയുടെയും പാകിസ്താന്‍റെയും നിലവിലെ സമ്പദ് വ്യവസ്ഥയെ ഇന്ത്യയുടേതുമായി താരതമ്യം ചെയ്തു നോക്കാം. 4 ട്രില്യൺ ഡോളറിലേയ്ക്ക് വളർന്ന് ഇന്ത്യ താമസിയാതെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഉയർന്നുവരാൻ പോകുന്നു എന്നാണ് റിപ്പോർട്ട്. 1.5 ട്രില്യൺ ഡോളറുമായി തുർക്കിയും 410 മില്യൺ ഡോളറുമായി പാകിസ്താനും ഇന്ത്യക്ക് വളരെ പിന്നിലാണ്. ഇനി, ആഗോള സൈനിക ശക്തിയുടെ കാര്യത്തിൽ, 4ാം സ്ഥാനത്ത് ആണ് ഇന്ത്യ ഉള്ളത്. അത് മറികടക്കാൻ കഴിയാതെ 9 ,12 സ്ഥാനങ്ങളിൽ ആണ് തുർക്കിയും പാകിസ്താനും.
ഇതിനെല്ലാം പുറമെ, തുർക്കി സർക്കാർ സ്പോൺസർ ചെയ്ത കാർഗോ വിമാനങ്ങൾ ഓപ്പറേഷന്‍
സിന്ദൂരിനിടെ പാകിസ്താനിലേക്ക് സൈനിക സാധനങ്ങൾ എത്തിച്ചിരുന്നുവെന്ന് ഒരു റിപ്പോർട്ട് ഉണ്ടായിരുന്നു. എന്നാൽ തുർക്കി റഷ്യയുടെ ഓരം പിടിച്ച് ചൈനയോട് അടുക്കാൻ ശ്രമിക്കുകയാണ് എന്നാണ് അമേരിക്കയുടെ പക്ഷം. പാകിസ്താൻ എല്ലാ ആവശ്യങ്ങൾക്കും ചൈനയുമായി ബന്ധം പുലർത്തുന്നുണ്ട് എന്നും നമുക്കറിയാം. അതുപോലെ തന്നെ ചൈനയെ കൂട്ടുകക്ഷിയാക്കി കാര്യങ്ങൾ നടത്തിയെടുക്കാനാണോ തുർക്കിയും ശ്രമിക്കുന്നത് എന്നാണ് ഉയർന്നു വരുന്ന ചോദ്യങ്ങൾ.
Content Highlights : Is Turkey India’s new enemy?