ബില്ലുകൾക്ക് മേലുള്ള ഗവർണറുടെ അധികാരം; രാഷ്ട്രപതിയുടെ ചോദ്യങ്ങളും സുപ്രീം കോടതിയുടെ മറുപടിയും

രാഷ്ട്രപതി ഉന്നയിച്ച ചോദ്യങ്ങളും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് നൽകിയ മറുപടിയും ചുരുക്കത്തിൽ ഇങ്ങനെ വായിച്ചെടുക്കാം.

ബില്ലുകൾക്ക് മേലുള്ള ഗവർണറുടെ അധികാരം; രാഷ്ട്രപതിയുടെ ചോദ്യങ്ങളും സുപ്രീം കോടതിയുടെ മറുപടിയും
ശ്യാം ദേവരാജ്
1 min read|20 Nov 2025, 08:25 pm
dot image

ബില്ലുകൾ ഒപ്പിടുന്നതിൽ ഗവർണ്ണർക്ക് മേൽ സമയപരിധി നിശ്ചയിക്കാനാവില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സുപ്രീം കോടതി. ബില്ലുകൾ ഒപ്പിടുന്നതിൽ ഗവർണ്ണറുടെ വിവേചനാധികാരം പരിമിതമെന്നും സുപ്രീം കോടതി നിലപാടെടുത്തു. ബില്ലുകൾ അനിശ്ചിതകാലം തടഞ്ഞുവെച്ചാൽ സംസ്ഥാനങ്ങൾക്ക് സുപ്രീം കോടതിയെ സമീപിക്കാമെന്നും വ്യക്തത വരുത്തിയിട്ടുണ്ട്. രാഷ്ട്രപതിയുടെ റഫറൻസിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ ഉത്തരം. റഫറൻസിൽ രാഷ്ട്രപതി ചീഫ് ജസ്റ്റിസിനോട് ഉന്നയിച്ച ചോദ്യങ്ങളും ചീഫ് ജസ്റ്റിസ് ബി ആർ ഗവായ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് നൽകിയ മറുപടിയും ചുരുക്കത്തിൽ ഇങ്ങനെ വായിച്ചെടുക്കാം.

Supreme Court
  1. ഭരണഘടനയുടെ അനുച്ഛേദം 200 അനുസരിച്ച് ബില്ലുകളിൽ ഗവർണ്ണർമാർക്ക് എന്തൊക്കെ തീരുമാനങ്ങളെടുക്കാം.

മണി ബില്ലുകൾ അല്ലാത്ത ബില്ലുകൾ പരിഗണനയ്ക്ക് വന്നാൽ ഗവർണ്ണർക്ക് മുന്നിൽ മൂന്ന് സാധ്യതകളുണ്ട്. ബില്ലുകൾക്ക് അംഗീകാരം നൽകാം. ബില്ലുകൾ രാഷ്ട്രപതിക്ക് അയക്കാം. അല്ലെങ്കിൽ ബില്ലുകൾ നിയമസഭയ്ക്ക് തിരിച്ചയയ്ക്കാം. ഗവർണർമാർക്ക് മുന്നിൽ നാലാമതൊരു സാധ്യതയില്ല. അതായത് അംഗീകാരം തടഞ്ഞുവെയ്ക്കാൻ ഗവർണ്ണർക്ക് കഴിയില്ല. അംഗീകാരം തടഞ്ഞാൽ നിർബന്ധമായും നിയമസഭയ്ക്ക് തിരിച്ചയയ്ക്കണം. ബില്ലുകൾ തടഞ്ഞുവെയ്ക്കുന്നത് ഫെഡറൽ തത്വങ്ങൾക്ക് എതിരാണ്. ബില്ലുകൾ അനിശ്ചിതകാലം തടഞ്ഞുവെയ്ക്കാനുള്ള വിവേചനാധികാരം ഗവർണ്ണർക്കില്ല. ബില്ലുകൾ രാഷ്ട്രപതിക്ക് അയക്കണോ അതോ നിയമസഭയ്ക്ക് തിരിച്ചയയ്ക്കണോ എന്നതിലാണ് പരിമതിമായ വിവേചനാധികാരം ഉപയോഗിക്കേണ്ടതെന്നും സുപ്രീംകോടതിയുടെ മറുപടി. നിയമസഭയ്ക്ക് തിരിച്ചയയ്ക്കാതെ ബില്ലുകൾ തടഞ്ഞുവെയ്ക്കാൻ ഗവർണ്ണർക്ക് അധികാരമുണ്ടെന്ന കേന്ദ്ര സർക്കാരിന്റെ വാദം സുപ്രീം കോടതി തള്ളി.

  1. മന്ത്രിസഭയുടെ ഉപദേശവും സഹായവും അനുസരിച്ചാണോ ഭരണഘടനയുടെ അനുച്ഛേദം 200 അനുസരിച്ച് ഗവർണ്ണർ ബില്ലുകളിൽ തീരുമാനമെടുക്കേണ്ടത്?

സാധാരണ സാഹചര്യങ്ങളിൽ മന്ത്രിസഭയുടെ ഉപദേശവും സഹായവും അനുസരിച്ചാണ് ഗവർണ്ണറുടെ പ്രവർത്തനം. എന്നാൽ ഭരണഘടനയുടെ അനുച്ഛേദം 200 അനുസരിച്ച് ബില്ലുകളിൽ തീരുമാനമെടുക്കുന്നത് പരിമിതമായ വിവേചനാധികാരം ഉപയോഗിച്ചാണ്. മന്ത്രിസഭയുടെ ഉപദേശവും സഹായവും അനുസരിച്ചല്ല എന്നുമാണ് സുപ്രീംകോടതിയുടെ മറുപടി.

  1. ഭരണഘടനയുടെ അനുച്ഛേദം 200 അനുസരിച്ചുള്ള വിവേചനാധികാരത്തിലെ നീതികരണം എന്ത്?

ഗവർണ്ണറുടെ വിവേചനാധികാര വിഷയമല്ല കോടതി പരിഗണിക്കേണ്ടത്. ബില്ലുകൾക്ക് അംഗീകാരം നൽകുന്നതിൽ ഇടപെടുന്നതിൽ കോടതികൾക്കുള്ള അധികാരം പരിമിതമാണ്. ബില്ലുകളിൽ ഗവർണ്ണർമാർ ദീർഘകാലവും കാരണം വ്യക്തമാക്കാതെയും തീരുമാനമെടുക്കാതെയും ഇരുന്നാൽ കോടതികൾക്ക് പരിമിതിമായി ഇടപെടാനാകും. സമയപരിധിക്കുള്ളിൽ തീരുമാനമെടുക്കണമെന്ന് ഗവർണ്ണറോട് നിർദ്ദേശിക്കാൻ സുപ്രിംകോടതിക്ക് കഴിയുമെന്നുമാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ മറുപടി.

CJI B R Gavai
ചീഫ് ജസ്റഅലറ
  1. ഭരണഘടനയുടെ അനുച്ഛേദം 361 അനുസരിച്ച് ഗവർണ്ണറുടെ തീരുമാനത്തിന് കോടതിയുടെ പരിശോധനയിൽ നിന്ന് സംരക്ഷണമുണ്ടോ ?

ഭരണഘടനയുടെ അനുച്ഛേദം 361 അനുസരിച്ച് ഗവർണ്ണർമാർക്ക് സംരക്ഷണമുണ്ട്. അത് വ്യക്തിപരമായ സംരക്ഷണമാണ്. ഭരണഘടനാ സ്ഥാപനം എന്ന നിലയിൽ കോടതിയുടെ പരിശോധനയിൽ നിന്ന് സംരക്ഷണമില്ല. ഗവർണ്ണറുടെ ഓഫീസിന്റെ തീരുമാനങ്ങൾ കോടതിയുടെ പരിശോധനയ്ക്ക് വിധേയമാണെന്നും ഭരണഘടനാ ബെഞ്ചിന്റെ മറുപടി.

ബില്ലുകൾ ഒപ്പിടുന്നതിൽ ഗവർണ്ണർമാർക്ക് മേൽ ഭരണഘടനയിൽ നിർവ്വചിക്കാത്ത സമയപരിധി സുപ്രിംകോടതിക്ക് നിശ്ചയിക്കാനാകുമോ.?

  1. ബില്ലുകള്‍ ഒപ്പിടുന്നതില്‍ ഗവര്‍ണ്ണര്‍മാര്‍ക്ക് മേല്‍ ഭരണഘടനയില്‍ നിര്‍വ്വചിക്കാത്ത സമയപരിധി സുപ്രിംകോടതിക്ക് നിശ്ചയിക്കാനാകുമോ.?

ബില്ലുകള്‍ ഒപ്പിടുന്നതില്‍ ഭരണഘടനാ വ്യവസ്ഥയുടെ അഭാവത്തില്‍ ഗവര്‍ണ്ണര്‍ക്ക് മേല്‍ നീതിന്യായ വ്യവസ്ഥയ്ക്ക് സമയപരിധി നിശ്ചയിക്കാനാവില്ല. ഭരണഘടനയില്‍ പ്രത്യക്ഷത്തില്‍ നിര്‍വചിക്കാത്തവയില്‍ കോടതിക്ക് വ്യാഖ്യാനം നല്‍കാനാവില്ലെന്നും സുപ്രിംകോടതി.

  • 6&7 ഭരണഘടനയുടെ അനുച്ഛേദം 201 അുസരിച്ചുള്ള രാഷ്ട്രപതിയുടെ വിവേചനാധികാരത്തിന്റെ നീതീകരണവും രാഷ്ട്രപതിക്ക് മുകളിലുള്ള സമയപരിധിയും

ഗവര്‍ണ്ണര്‍ക്ക് എന്നതിന് സമാനമായി രാഷ്ട്രപതിക്ക് മുകളിലും ബില്ലുകള്‍ ഒപ്പിടുന്നതില്‍ നീതിന്യായ വ്യവസ്ഥയ്ക്ക് സമയപരിധി നിശ്ചയിക്കാനാവില്ല. സമയപരിധി നിശ്ചയിക്കുന്നത് അനുചിതമെന്നും ഭരണഘടനാ ബെഞ്ചിന്റെ മറുപടി.

  1. ഗവര്‍ണ്ണര്‍ ബില്ലുകള്‍ രാഷ്ട്രപതിക്ക് വിട്ടാല്‍ എപ്പോഴും ചീഫ് ജസ്റ്റിസിന്റെ ഉപദേശം തേടേണ്ടത് അനിവാര്യമാണോ?

ചീഫ് ജസ്റ്റിസിന്റെ ഉപദേശം തേടേണ്ടത് അനിവാര്യമല്ല. ബില്ലുകള്‍ ഒപ്പിടുന്നതിലെ രാഷ്ട്രപതിയുടെ തൃപ്തി മതിയാകും. ഭരണഘടനയുടെ അനുച്ഛേദം 143 അനുസരിച്ച് ചീഫ് ജസ്റ്റിസിന്റെ അഭിപ്രായം തേടുന്നത് രാഷ്ട്രപതിയുടെ വിവേചനാധികാരമാണ്.

  1. നിയമമാകുന്നതിന് മുന്‍പുള്ള സാഹചര്യത്തില്‍ ബില്ലുകള്‍ നീതിന്യായ വ്യവസ്ഥയുടെ പരിശോധനയ്ക്ക് വിധേയമാക്കാന്‍ കഴിയുമോ.?

ബില്ലുകള്‍ക്ക് നിയമ പ്രാബല്യം ലഭിക്കുന്നതിന് മുന്‍പ് ജുഡീഷ്യല്‍ പരിശോധനയ്ക്ക് വിധേയമാക്കാനാവില്ല. ബില്ലുകളുടെ നിയമ സാധുതയില്‍ ജുഡീഷ്യല്‍ പരിശോധനയില്ല. ബില്ലുകള്‍ നിയമമായതിന് ശേഷം മാത്രമാണ് ജുഡീഷ്യല്‍ പരിശോധന. ഭരണഘടനയുടെ അനുച്ഛേദം 143 അനുസരിച്ച് ബില്ലുകള്‍ സംബന്ധിച്ച പരിശോധന നിതീനിര്‍വ്വഹണത്തിന്റെ ഭാഗമല്ലെന്നും ഭരണഘടനാ ബെഞ്ച്.

  1. ഭരണഘടനയുടെ അനുച്ഛേദങ്ങള്‍ 200, 201 ഉറപ്പുനല്‍കുന്ന ഗവര്‍ണ്ണറുടെയും രാഷ്ട്രപതിയുടെയും അധികാരങ്ങള്‍ സുപ്രീം കോടതിയുടെ പ്രത്യേക അധികാരത്തിലൂടെ പുനസ്ഥാപിക്കാനാകുമോ.?

ഭരണഘടനാ സ്ഥാപനങ്ങളുടെ അധികാരങ്ങള്‍ സ്ഥാപിച്ചെടുക്കാനുള്ള പകരം സംവിധാനമായി ഭരണഘടനയുടെ അനുച്ഛേദം 142 അനുസരിച്ചുള്ള സുപ്രീം കോടതിയുടെ പ്രത്യേക അധികാരം പ്രയോഗിക്കാനാവില്ല. ഭരണഘടനാ വ്യവസ്ഥകളെ പ്രത്യേക അധികാരത്തിലൂടെ നീതിന്യായ സംവിധാനം മറികടക്കരുത്.

  1. ഭരണഘടനയുടെ അനുച്ഛേദം 200 അനുസരിച്ച് ഗവര്‍ണ്ണറുടെ അംഗീകാരം ലഭിക്കാത്ത സംസ്ഥാന നിയമത്തിന് നിയമ പ്രാബല്യമുണ്ടാകുമോ.?

ഭരണഘടനാനുസൃതമായി ഗവര്‍ണ്ണര്‍ അംഗീകാരം നല്‍കാത്ത ബില്ലുകള്‍ നിയമമാവില്ല. രണ്ടംഗ ബെഞ്ചിന്റെ വിധിക്ക് പിന്നാലെ ബില്ലുകള്‍ വിജ്ഞാപനം ചെയ്ത തമിഴ്നാട് സര്‍ക്കാരിന്റെ നടപടി നിയമപരമല്ല എന്നാണ് രാഷ്ട്രപതിയുടെ ചോദ്യത്തിന് സുപ്രീംകോടതി നല്‍കിയ ഉത്തരം.

  • 12, 13, & 14 ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ സുപ്രിംകോടതി വിസമ്മതിച്ചു.

ഭരണഘടനാ വിഷയം അഞ്ചംഗ ഭരണഘടനാ ബെഞ്ച് അല്ലേ ഉത്തരം നല്‍കേണ്ടത് എന്നും നടപടിക്രമങ്ങള്‍ സംബന്ധിച്ച നിയമത്തില്‍ മാത്രമാണോ സുപ്രീംകോടതിയുടെ സവിശേഷ അധികാരം എന്നതിനും ഭരണഘടനയുടെ അനുച്ഛേദം 131 അനുസരിച്ച് അല്ലാതെ കേന്ദ്ര സര്‍ക്കാരും സംസ്ഥാനങ്ങളും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ സുപ്രീം കോടതിക്ക് ഇടപെടാനാകുമോ എന്ന ചോദ്യത്തിലും സുപ്രീംകോടതി പ്രത്യേകം ഉത്തരം നല്‍കിയില്ല.

ബില്ലുകള്‍ ഒപ്പിടുന്നതില്‍ ഗവര്‍ണ്ണര്‍മാര്‍ക്ക് മേല്‍ ഭരണഘടനയില്‍ നിര്‍വചിക്കാത്ത സമയപരിധി സുപ്രീം കോടതിക്ക് നിശ്ചയിക്കാനാകുമോ എന്ന ചോദ്യത്തിലും സുപ്രിംകോടതി പ്രത്യേകം ഉത്തരം നല്‍കിയില്ല.

Content Highlights: Governors duties in bill assent, Supreme Court's answers Presidential Reference

dot image
To advertise here,contact us
dot image