സ്വര്‍ണ്ണമോ വജ്രമോ ചോദിക്കാനല്ല, വാക്ക് പാലിക്കണം; മുഖ്യമന്ത്രി കസേരക്കായി ഡികെഎസ് എംഎല്‍എമാര്‍ ഡല്‍ഹിയില്‍

കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇന്ന് രണ്ടരവര്‍ഷം തികയ്ക്കുകയാണ്

സ്വര്‍ണ്ണമോ വജ്രമോ ചോദിക്കാനല്ല, വാക്ക് പാലിക്കണം; മുഖ്യമന്ത്രി കസേരക്കായി ഡികെഎസ് എംഎല്‍എമാര്‍ ഡല്‍ഹിയില്‍
dot image

ബെംഗളൂരു: കര്‍ണ്ണാടകയില്‍ മുഖ്യമന്ത്രി പദവി പങ്കിടല്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്കിടെ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ പാളയത്തിലെ എംഎല്‍എമാര്‍ ഡല്‍ഹിയില്‍. അധികാരം പങ്കിടുന്നത് നടപ്പിലാക്കുന്നതില്‍ ഹൈക്കമാന്‍ഡിന് മേല്‍ സമ്മര്‍ദ്ദം ചെലുത്താനാണ് നേതാക്കളുടെ ഡല്‍ഹി സന്ദര്‍ശനമെന്നാണ് റിപ്പോര്‍ട്ടുകള്‍. കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇന്ന് രണ്ടരവര്‍ഷം തികയ്ക്കുകയാണ്.

ഡി കെ ശിവകുമാറുമായി അടുത്ത് നില്‍ക്കുന്ന എംഎല്‍എമാര്‍ ഇന്ന് ഉച്ചയോടെയാണ് തലസ്ഥാനത്തേക്ക് യാത്ര തിരിച്ചത്. സിദ്ധരാമയ്യ സര്‍ക്കാര്‍ രണ്ടരവര്‍ഷം പൂര്‍ത്തീകരിച്ച സാഹചര്യത്തില്‍ അധികാര കൈമാറ്റം നടക്കണമെന്നാണ് ഡി കെ ക്യാംപിന്റെ ആവശ്യം. നാളെ രാവിലെ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലുമായി എംഎല്‍എമാര്‍ കൂടിക്കാഴ്ച നടത്തും. രണ്ടര വര്‍ഷം മുന്‍പ് നല്‍കിയ വാഗ്ദാനം പാലിക്കുകയെന്ന ആവശ്യമാണ് ഇവര്‍ മുന്നോട്ടുവെക്കുക.

തീരുമാനം ആയില്ലെങ്കില്‍ കൂടുതല്‍ എംഎല്‍എമാര്‍ ഡല്‍ഹിയിലേക്ക് തിരിക്കും. ദിനേഷ് ഗൂളിഗൗഡ, രവി ഗനിഗ, ഗുബ്ബി വാസു എന്നിവരാണ് ഇന്ന് ഡല്‍ഹിയിലെത്തിയത്. അനേക്കല്‍ ശിവണ്ണ, നെലമംഗല ശ്രീനിവാസ്, ഇഖ്ബാല്‍ ഹുസൈന്‍, കുനിഗല്‍ രംഗനാഥ്, ശിവഗംഗ ബസവരാജു, ബാലകൃഷ്ണ തുടങ്ങിയ കൂടുതല്‍ നേതാക്കള്‍ നാളെ എത്തും. താന്‍ എന്തിനാണ് ഡല്‍ഹിയിലേക്ക് പോകുന്നത്? സ്വര്‍ണ്ണമോ വജ്രമോ ചോദിക്കാനാണോ? അല്ല, ഡി കെ ശിവകുമാറിന് വേണ്ടിയാണ് താന്‍ പോകുന്നത് എന്നാണ് എംഎല്‍എ ഹുസൈന്‍ ഇന്ത്യാ ടുഡേയോട് പ്രതികരിച്ചത്.

2023ല്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലേറിയപ്പോള്‍ സിദ്ധരാമയ്യയും ഡി കെ ശിവകുമാറും മുഖ്യമന്ത്രി പദവിക്കായി അവകാശവാദം ഉന്നയിച്ചിരുന്നു. തുടര്‍ന്ന് രണ്ടര വര്‍ഷത്തിനുശേഷം അധികാരം കൈമാറാമെന്ന വ്യവസ്ഥയിലാണ് സിദ്ധരാമയ്യയ്ക്ക് ആദ്യം അവസരം നല്‍കിയത്. എന്നാല്‍ സര്‍ക്കാരിന്റെ കാലാവധി കഴിയുംവരെ താന്‍ മുഖ്യമന്ത്രിയായി തുടരുമെന്നാണ് സിദ്ധരാമയ്യ ഈയിടെ പ്രതികരിച്ചത്.

Content Highlights: karnataka D K Shivakumar loyalists head to Delhi amid CM Post discussion

dot image
To advertise here,contact us
dot image