ത്രിരാഷ്ട്ര പരമ്പര; ശ്രീലങ്കയ്ക്കെതിരെ ചരിത്ര വിജയവുമായി സിംബാബ്‍വെ

ലങ്കൻ നിരയിൽ ഒമ്പത് താരങ്ങൾക്കാണ് രണ്ടക്കം പോലും കടക്കാൻ സാധിക്കാതിരുന്നത്

ത്രിരാഷ്ട്ര പരമ്പര; ശ്രീലങ്കയ്ക്കെതിരെ ചരിത്ര വിജയവുമായി സിംബാബ്‍വെ
dot image

പാകിസ്താനിൽ നടക്കുന്ന ത്രിരാഷ്ട്ര ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ സിംബാബ്‍വെയ്ക്ക് ചരിത്ര വിജയം. 67 റൺസിനാണ് സിംബാബ്‍വെ വിജയിച്ചത്. ശ്രീലങ്കയ്ക്കെതിരെ സിംബാബ്‍വെയുടെ റൺസ് അടിസ്ഥാനത്തിലെ ഏറ്റവും ഉയർന്ന വിജയമാണിത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സിംബാബ്‍വെ നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 162 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 20 ഓവറിൽ വെറും 95 റൺസിൽ ശ്രീലങ്ക ഓൾ ഔട്ടായി.

മത്സരത്തിൽ ടോസ് നേടിയ ശ്രീലങ്ക ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ബ്രയാൻ ബെന്നറ്റ് നേടിയ 49 റൺസിന്റെയും ക്യാപ്റ്റൻ സിക്കന്ദർ റാസ നേടിയ 47 റൺസിന്റെയും ബലത്തിലാണ് സിംബാബ്‍വെ മികച്ച സ്കോറിലേക്കെത്തിയത്. മൂന്നാം വിക്കറ്റിൽ ബെന്നറ്റും റാസയും 61 റൺസ് കൂട്ടിച്ചേർത്തിരുന്നു. ശ്രീലങ്കൻ ബൗളിങ് നിരയിൽ വനീന്ദു ഹസരങ്ക മൂന്ന് വിക്കറ്റുകൾ സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിൽ ശ്രീലങ്കൻ നിരയിൽ ആർക്കും തിളങ്ങാൻ സാധിച്ചില്ല. 34 റൺസെടുത്ത ക്യാപ്റ്റൻ ദസുൻ ശങ്കയാണ് ലങ്കൻ നിരയുടെ ടോപ് സ്കോറർ. ഭനുക രാജപക്സെ 11 റൺസെടുത്തു. ലങ്കൻ നിരയിൽ ഒമ്പത് താരങ്ങൾക്കാണ് രണ്ടക്കം പോലും കടക്കാൻ സാധിക്കാതിരുന്നത്. സിംബാബ്‍വെയ്ക്കായി ബ്രാഡ് ഇവാൻസ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.

ശ്രീലങ്കയ്ക്കെതിരെ സിംബാബ്‍വെയുടെ മൂന്നാം ട്വന്റി 20 വിജയം മാത്രമാണിത്. എന്നാൽ കഴിഞ്ഞ മൂന്ന് മത്സരങ്ങൾ നേർക്കുനേർ വന്നതിൽ രണ്ടിലും സിംബാബ്‍വെയ്ക്കായിരുന്നു വിജയം. ത്രിരാഷ്ട്ര പരമ്പരയിൽ മൂന്ന് ടീമുകളും ഓരോ മത്സരങ്ങൾ പിന്നിടുമ്പോൾ സിംബാബ്‍വെ, പാകിസ്താൻ ടീമുകൾ ഓരോ മത്സരം വിജയിച്ചു. ആദ്യ വിജയം തേടി ശ്രീലങ്കൻ സംഘം മറ്റെന്നാൾ പാകിസ്താനെ നേരിടും.

Content Highlights: Zimbabwe clinch win as Sri Lanka bundled out for 95

dot image
To advertise here,contact us
dot image