

ചെന്നൈ: സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ടിവികെ മേധാവിയും നടനുമായ വിജയ് റാലിക്ക് അനുമതി തേടി പൊലീസിനെ സമീപിച്ചു. കരൂർ ദുരന്തം നടന്ന് മാസങ്ങൾ പിന്നിടുമ്പോഴാണ് വീണ്ടും തെരഞ്ഞെടുപ്പ് റാലി നടത്താനായി വിജയ് ഒരുങ്ങുന്നത്. വാര്യന്തങ്ങളിലാണ് വിജയ് പ്രധാന മണ്ഡലങ്ങളിൽ പൊതു റാലികൾ സംഘടിപ്പിച്ചിരുന്നത്. ഡിസംബർ നാലിന് റാലി നടത്താനുള്ള അനുമതിയാണ് വിജയ് ആവശ്യപ്പെട്ടിരിക്കുന്നത്. സേലം പൊലീസിനാണ് അപേക്ഷ നൽകിയതെന്ന് ടിവികെ വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.
സേലത്ത് നിന്നും വീണ്ടും പ്രചരണം ആരംഭിക്കാനാണ് ടിവികെയുടെ പദ്ധതി. കരൂര്‍ ദുരന്തത്തിന് പിന്നാലെ എല്ലാ പ്രചരണ പരിപാടികളും നിര്‍ത്തിവയ്ക്കാന്‍ വിജയ് പാര്‍ട്ടി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിരുന്നു. അപ്രതീക്ഷിതമായി ഉണ്ടായ ദുരന്തം വിജയ്‌യെയും പ്രവര്‍ത്തകരെയും സാരമായി ബാധിച്ചു. ദുരന്തത്തിന്റെ ആഘാതത്തില്‍ നിന്നും വിജയ് മോചിതനായിട്ടില്ലെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ തന്നെ വ്യക്തമാക്കിയിരുന്നു. രാഷ്ട്രീയ ജീവിതത്തില്‍ വിജയ് നേരിട്ട ഏറ്റവും വലിയ വെല്ലുവിളിക്ക് പിന്നാലെ ഈയടുത്ത് ചെന്നൈയില്‍ നടന്ന ടിവികെയുടെ പ്രത്യേക ജനറല്‍ കമ്മിറ്റിയില്‍ അദ്ദേഹം പങ്കെടുത്തിരുന്നു. യോഗത്തില്‍ ഡിഎംകെയ്‌ക്കെതിരെയുള്ള തന്റെ വിമര്‍ശനം തുടരുമെന്നും തന്റെ രാഷ്ട്രീയ യാത്ര കൂടുതല്‍ ദൃഢനിശ്ചയത്തോടെ മുന്നോട്ടു കൊണ്ടുപോകുമെന്നും വിജയ് പറഞ്ഞിരുന്നു. ഈ യോഗത്തിനിടെയാണ് സേലത്ത് നിന്നുള്ള ചില നേതാക്കള്‍ അവിടെ നിന്നും വിജയ് വീണ്ടും പ്രചരണം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടത്. ഇത് വിജയ് അംഗീകരിക്കുകയാണ് ഉണ്ടായത്.
സെപ്തംബര്‍ 27 ന് വൈകിട്ടായിരുന്നു രാജ്യത്തെ നടുക്കിയ ദുരന്തമുണ്ടായത്. ടിവികെയുടെ പരിപാടിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 41 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. നിശ്ചയിച്ചതിലും ആറ് മണിക്കൂര്‍ വൈകി വൈകിട്ട് ഏഴ് മണിയോടെയായിരുന്നു വിജയ് പരിപാടിക്ക് എത്തിയത്. ഈ സമയമത്രയും ഭക്ഷണവും വെള്ളവുമില്ലാതെ ആളുകള്‍ കാത്തുനിന്നു. വിജയ് പ്രസംഗം ആരംഭിച്ച് അല്‍പസമയം കഴിഞ്ഞപ്പോള്‍ തന്നെ ആളുകള്‍ തളര്‍ന്നുതുടങ്ങി. സ്ഥലത്തുണ്ടായിരുന്ന പൊലീസും ടിവികെ പ്രവര്‍ത്തകരും അടക്കമുള്ളവര്‍ ആളുകളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആദ്യ ദിനം 38 പേരായിരുന്നു മരിച്ചത്. പിന്നീട് മൂന്ന് പേരുടെ മരണം കൂടി സ്ഥിരീകരിച്ചു.
Content Highlights: Vijay to Conduct Rally on december 4th seeks permission