ചെങ്കോട്ട സ്‌ഫോടനം: ഉമർ നബിയുടെ സഹായി പിടിയിൽ; സ്ഫോടനത്തിൽ തകർന്ന ഐ 20 കാർ ഇയാളുടെ പേരിൽ

ഗൂഢാലോചനയുമായി ബന്ധപ്പെട്ട് കൂടുതൽ പേരിലേക്ക് അന്വേഷണം നീളുകയാണെന്നും ഉമർ നബി ചാവേറാണെന്നും എൻഐഎ

ചെങ്കോട്ട സ്‌ഫോടനം: ഉമർ നബിയുടെ സഹായി പിടിയിൽ; സ്ഫോടനത്തിൽ തകർന്ന ഐ 20 കാർ ഇയാളുടെ പേരിൽ
dot image

ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ ചെങ്കോട്ട സ്‌ഫോടനത്തിൽ ഒരാൾകൂടി പിടിയിലായി. ഉമർ നബിയുടെ സഹായിയായ അമീർ റഷീദ് അലിയെയാണ് എൻഐഎ അറസ്റ്റ് ചെയ്തത്. സ്‌ഫോടനത്തിൽ തകർന്ന ഐ ട്വന്‍റി കാർ അമീർ റഷീദിന്റെ പേരിലാണ് വാങ്ങിയിട്ടുള്ളതെന്നാണ് എൻഐഎയുടെ കണ്ടെത്തൽ. സ്‌ഫോടനത്തിനുവേണ്ടി കാർ വാങ്ങാൻ ആണ് അമീർ റഷീദ് ഡൽഹിയിൽ എത്തിയതെന്നും ഭീകരാക്രമണം നടത്താൻ ഉമറുമായി അമീർ റഷീദ് ഗൂഢാലോചന നടത്തിയെന്നും എൻഐഎ പറയുന്നു.

ഉമർ നബിക്ക് പാകിസ്താനിൽ നിന്ന് ടെലഗ്രാം വഴി നിർദേശങ്ങൾ ലഭിച്ചുവെന്നും എൻഐഎ പറയുന്നു. ബോംബ് നിർമ്മാണത്തിന് വീട്ടിൽ ഉമർ ലാബ് ഒരുക്കിയിരുന്നു. ഹരിയാനയിലെ നൂഹിലും ഉമറും സംഘവും വീടുകൾ വാടകയ്ക്ക് എടുത്തു. കാർ പൊട്ടിത്തെറിക്കുമ്പോൾ 30 മുതൽ 40 കിലോ വരെ സ്‌ഫോടക വസ്തുക്കൾ കാറിൽ ഉണ്ടായിരുന്നതായി ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. സ്‌ഫോടനം നടന്ന ചെങ്കോട്ടക്ക് സമീപത്തുനിന്ന് ഒൻപത് എംഎം കാലിബർ വെടിയുണ്ടയും കണ്ടെത്തിയിട്ടുണ്ട്. സ്ഫോടനവുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ കൂടുതൽ പേരിലേക്ക് അന്വേഷണം നീളുകയാണെന്നും ഉമർ നബി ചാവേറാണെന്നും എൻഐഎ വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് എൻഐഎ നടത്തുന്ന ആദ്യ പ്രതികരണമാണിത്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 73 പേരുടെ മൊഴിയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അൽഫലാ സർവകലാശാലയിലെ കൂടുതൽ ഡോക്ടർമാരെ ചോദ്യംചെയ്യാനും എൻഐഎ നീക്കം നടത്തുന്നുണ്ട്. കേസിൽ കഴിഞ്ഞ ദിവസവും അറസ്റ്റ് നടന്നിരുന്നു.

നവംബർ പത്തിന് വൈകിട്ട് 6.52 ഓടെയായിരുന്നു ചെങ്കോട്ടയ്ക്ക് സമീപം സ്ഫോടനമുണ്ടായത്. തൊട്ടുപിന്നാലെ പൊലീസും അഗ്‌നിരക്ഷാ സേനയും സ്ഥലത്തെത്തി. അരമണിക്കൂറിലധികം സമയമെടുത്താണ് തീയണച്ചത്. സ്‌ഫോടനത്തില്‍ ഇതുവരെ 13 പേരാണ് കൊല്ലപ്പെട്ടത്. ഇരുപതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Content Highlights: Delhi Redfort incident; Umar Nabi's close aid arrested

dot image
To advertise here,contact us
dot image