

പട്‌ന: കുടുംബത്തിനെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച ആർജെഡി നേതാവ് ലാലു പ്രസാദിന്റെ മകൾ രോഹിണി ആചാര്യക്ക് പിന്നാലെ മൂന്ന് പെൺമക്കൾകൂടി വീട് വിട്ടു. ബിഹാർ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ കുടുംബത്തിനുള്ളിൽ പ്രശ്‌നങ്ങൾ രൂക്ഷമായിരുന്നു. ഇതിനിടെയാണ് ലാലു പ്രസാദിന്റെ മൂന്ന് പെൺമക്കൾകൂടി വീട് വിട്ടത്.
ലാലുവിന്റെ മക്കളായ രാജ്‌ലക്ഷ്മി, രാഗിണി, ചന്ദ യാദവ് എന്നിവരാണ് കുട്ടികളോടൊപ്പം പട്‌നയിലെ വസതി വിട്ട് ഡൽഹിയിലേക്ക് പോയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പാർട്ടി കനത്ത പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ താൻ ആർജെഡി വിട്ട് രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുകയാണെന്നും കുടുംബവുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണെന്നും രോഹിണി ആചാര്യ പറഞ്ഞിരുന്നു. ഇതാണ് കുടുംബ പ്രശ്‌നങ്ങൾ വഷളാക്കിയത്. ഇതോടെ മറ്റു മക്കൾ കടുത്ത മാനസിക സമ്മർദത്തിലായെന്നും അതിനാലാണ് വീട് വിട്ടതെന്നും റിപ്പോർട്ടുകളുണ്ട്.
ബിഹാര്‍ തെരഞ്ഞെടുപ്പിലെ ആർജെഡിയുടെ തോല്‍വിക്ക് മണിക്കൂറുകൾക്ക് പിന്നാലെയാണ് പാർട്ടി വിടുന്നതായി രോഹിണി പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാനും പണത്തിനും വേണ്ടിയാണ് താന്‍ പിതാവിന് വൃക്ക നല്‍കിയതെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചുവെന്നും രോഹിണി പറഞ്ഞിരുന്നു.
'ഇന്നലെ എന്നെ ശപിച്ചു. ഞാന്‍ വൃത്തികെട്ടവളാണെന്ന് പറഞ്ഞു. അച്ഛന് വൃക്ക നല്‍കിയതിന് പകരമായി കോടിക്കണക്കിന് രൂപയും സീറ്റും ഞാന്‍ വാങ്ങിയെടുത്തുവെന്ന് പറഞ്ഞു. പണം വാങ്ങിയശേഷം വൃത്തികെട്ട വൃക്കയാണ് അദ്ദേഹത്തിന് നല്‍കിയതെന്നാണ് പറഞ്ഞത്. വിവാഹിതരായ പെണ്‍മക്കളോടും സഹോദരിമാരോടും ഞാന്‍ പറയുകയാണ്, നിങ്ങളുടെ അമ്മവീട്ടില്‍ മകനോ സഹോദരനോ ഉണ്ടെങ്കില്‍ ദൈവതുല്യനായ പിതാവിനെ രക്ഷിക്കാന്‍ പോകരുത്. പകരം സഹോദരനോടോ ആ വീട്ടിലെ മകനോടോ അല്ലെങ്കില്‍ അയാളുടെ ഹരിയാനക്കാരനായ സുഹൃത്തിനോടോ വൃക്ക ദാനം ചെയ്യാനുളള കാര്യങ്ങള്‍ നോക്കാന്‍ പറയണം. എല്ലാ സഹോദരിമാരും പെണ്‍മക്കളും അവരുടെ സ്വന്തം കുടുംബത്തിന്റെ കാര്യം നോക്കണം. സ്വന്തം മക്കളെയും ജോലിയും ഭര്‍തൃമാതാപിതാക്കളെയും നോക്കണം. കിഡ്‌നി കൊടുക്കാന്‍ തീരുമാനിച്ചപ്പോള്‍ ഞാന്‍ എന്റെ കുടുംബത്തെക്കുറിച്ചും മൂന്ന് മക്കളെക്കുറിച്ചും ചിന്തിക്കാതെ വലിയ കുറ്റകൃത്യമാണ് ചെയ്തത്. കിഡ്‌നി ദാനം ചെയ്യുമ്പോള്‍ എന്റെ ഭര്‍ത്താവിനോടോ അദ്ദേഹത്തിന്റെ മാതാപിതാക്കളോടോ ഞാന്‍ അനുവാദം ചോദിച്ചില്ല. എന്റെ ദൈവത്തെ, എന്റെ പിതാവിനെ രക്ഷിക്കാന്‍ ഞാനത് ചെയ്തു. എന്നാല്‍ ഇന്ന് അതിനെ അവര്‍ വൃത്തികെട്ടത് എന്ന് വിളിക്കുന്നു. നിങ്ങളാരും എന്നെപ്പോലെ ഈ തെറ്റ് ചെയ്യരുത്. രോഹിണിയെപ്പോലെ ആരും ഒരു മകളാകരുത്': എന്നാണ് രോഹിണി ആചാര്യ എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.
മറ്റൊരു എക്‌സ് പോസ്റ്റില്‍ തനിക്ക് കുടുംബത്തില്‍ നിന്ന് അസഭ്യവാക്കുകള്‍ കേള്‍ക്കേണ്ടിവന്നു എന്നും അടിക്കാനായി ചെരിപ്പ് ഉയര്‍ത്തിയെന്നും രോഹിണി ആരോപിച്ചിരുന്നു. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍ജെഡി കനത്ത പരാജയം നേരിട്ടതിന് തൊട്ടുപിന്നാലെയാണ് രോഹിണി ആചാര്യ പാര്‍ട്ടി വിടുകയാണെന്ന് പ്രഖ്യാപിച്ചത്. 'ഞാന്‍ രാഷ്ട്രീയം ഉപേക്ഷിക്കുകയാണ്. എന്റെ കുടുംബത്തെ ഉപേക്ഷിക്കുകയാണ്. ഇതാണ് സഞ്ജയ് യാദവും റമീസും എന്നോട് ആവശ്യപ്പെട്ടത്. എല്ലാ കുറ്റവും ഞാന്‍ ഏറ്റെടുക്കുന്നു' എന്നാണ് രോഹിണി എക്‌സ് പോസ്റ്റില്‍ പറഞ്ഞത്. രോഹിണി 2022-ലാണ് ലാലു പ്രസാദ് യാദവിന് കിഡ്‌നി ദാനം ചെയ്തത്. 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സരണ്‍ മണ്ഡലത്തില്‍ നിന്ന് മത്സരിച്ചെങ്കിലും ബിജെപി സ്ഥാനാര്‍ത്ഥിയോട് പരാജയപ്പെട്ടിരുന്നു.
എന്നാൽ രോഹിണിയുടെ ആരോപണത്തിന് പിന്നാലെ മൂത്ത സഹോദരൻ തേജ് പ്രതാപ് പ്രതികരണവുമായെത്തി. തനിക്കെതിരെ ഉണ്ടായിട്ടുള്ള പല ആക്രമണങ്ങളും സഹിച്ചിട്ടുണ്ടെന്നും എന്നാൽ തന്റെ സഹോദരി നേരിടേണ്ടിവന്ന അപമാനം അസഹനീയമാണെന്നും തേജ് പ്രതികരിച്ചു. തേജ് പ്രതാപിനെ ഈ വര്‍ഷം ആദ്യം പാർട്ടിയിൽ നിന്നും കുടുംബത്തിൽ നിന്നും പുറത്താക്കിയിരുന്നു. പിന്നാലെ ഇദ്ദേഹം ജൻശക്തി ജനതാദൾ എന്ന പാർട്ടി രൂപീകരിക്കുകയും നിയമസഭയിലേക്ക് മത്സരിക്കുകയും ചെയ്തിരുന്നു. എന്നാൽ കനത്ത പരാജയമാണ് നേരിട്ടത്.
Content Highlights: After Rohini Acharya, Lalu Prasad Yadav's three more daughters move out of patna residence