

ജിലേബി എന്ന് പറയുമ്പോഴേ, നല്ല ഓറഞ്ച് നിറത്തിൽ തേനൂറുന്ന രുചിയുമായി ഒരു ചിത്രം നമ്മുടെ മനസില്‍ തെളിഞ്ഞുവരുമല്ലേ? ആഘോഷങ്ങളായാലും വെറുതെ ഒരു മധുരം കഴിക്കണമെന്ന് തോന്നിയാലും ചിലരെങ്കിലും തിരഞ്ഞെടുക്കുക ജിലേബിയായിരിക്കും. ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ടതും പ്രശസ്തവുമായ മധുരപലഹാരമാണ് ജിലേബി. നെയ്യിൽ പൊരിച്ചെടുക്കുന്ന രുചിയൂറുന്ന ജിലേബിക്ക് ഇംഗ്ലീഷിൽ എന്ത് പേരാകും വിളിക്കുക എന്ന് ആലോചിച്ചിട്ടുണ്ടോ?
നല്ല മൈദാ മാവും മറ്റ് ചേരുവകളും ചേർത്ത് കുഴച്ച്, ചൂട് എണ്ണയിലോ നെയിലോ സ്‌പൈറൽ രൂപത്തിൽ ഒഴിച്ച് ഉണ്ടാക്കിയെടുത്ത ശേഷം പഞ്ചസാര ലായിനിയിൽ ഒന്നു മുക്കിയെടുത്താൽ കൊതിയൂറുന്ന ജിലേബി റെഡി. പുറത്ത് ക്രസ്പി ആണെങ്കിൽ കഴിച്ച് വരുമ്പോൾ ഉള്ളിൽ നല്ല ജ്യൂസിയായിരിക്കും. ആ ഷുഗർ സിറപ്പ് വായിലേക്ക് എത്തുമ്പോഴുള്ള രുചിയാണ് പലരുടെയും ഫേവറിറ്റ്. റാബ്രി, ഐസ്‌ക്രീം, യോഗർട്ട് എന്നിവയ്‌ക്കൊപ്പം ചേർത്ത് ജിലേബി കഴിക്കുന്ന ടേസ്റ്റ് ഒന്ന് വേറെ തന്നെയാണ്. ഏത് പ്രായത്തിലുള്ളവരും ഇഷ്ടപ്പെടുന്ന ഈ പലഹാരത്തിന് മിഡിൽ ഈസ്റ്റിൽ പറയുന്നത് സുലാബിയ അല്ലെങ്കിൽ സലാബിയ എന്നാണ്. ജിലേബിയുടെ യഥാർത്ഥ പേരും ഇതുതന്നെയാണ്. ഇന്ത്യയിലെത്തിയ ശേഷം ജിലേബി ഇന്ത്യയുടെ സ്വന്തമായി തീർന്നു.

പാകിസ്താനിലും ബംഗ്ലാദേശിലും നേപ്പാളിലും പല ആഫ്രിക്കൻ രാജ്യങ്ങളിലും ജനപ്രിയമായ ഈ മധുര പലഹാരത്തിനായി ഒരു ദിവസം തന്നെ നമ്മൾ മാറ്റിവച്ചിട്ടുണ്ട്. ജൂലായ് 30 ആണ് ലോക ജിലേബി ദിനമായി ആഘോഷിക്കുന്നത്. വടക്കേ ഇന്ത്യയിലെ ജബൽപൂരില്‍ നിന്നുള്ള ഘോയ ജിലേബി, മഥുരയിലെ ആലൂ ജിലേബി എന്നിവയ്‌ക്കൊപ്പം ഭാരത്പൂർ, രാജസ്ഥാൻ എന്നിവിടങ്ങളിലെ ജിലേബിയും പ്രശസ്തമാണ്.

ഇനി ആദ്യം ചോദിച്ച ചോദ്യത്തിന്റെ ഉത്തരത്തിലേക്ക് വരാം. ജിലേബിക്ക് ഇംഗ്ലീഷിൽ എന്താണ് പറയുക? സ്വീറ്റ് പ്രെറ്റ്‌സെൽ അല്ലെങ്കിൽ കോയിൽഡ് ഫണൽ കേക്ക് എന്നാണ് ജിലേബിയെ ഇംഗ്ലീഷിൽ വിളിക്കുന്ന പേരുകള്‍. ചിലർ ഇതിനെ ഇന്ത്യൻ സിറപ്പ് - കോട്ടഡ് ഡിസേർട്ട് എന്നും വിളിക്കാറുണ്ട്.
Content Highlights: Do you Know the English name for Jalebi?