അടിക്കാന്‍ ചെരുപ്പുയര്‍ത്തി, അച്ഛന് വൃക്ക നല്‍കിയത് പണത്തിനും സീറ്റിനും വേണ്ടിയെന്ന് പറഞ്ഞു: രോഹിണി ആചാര്യ

കുടുംബത്തില്‍ നിന്ന് അസഭ്യവാക്കുകള്‍ കേള്‍ക്കേണ്ടിവന്നു എന്നും അടിക്കാനായി ചെരിപ്പ് ഉയര്‍ത്തിയെന്നും രോഹിണി ആരോപിച്ചു

അടിക്കാന്‍ ചെരുപ്പുയര്‍ത്തി, അച്ഛന് വൃക്ക നല്‍കിയത് പണത്തിനും സീറ്റിനും വേണ്ടിയെന്ന് പറഞ്ഞു: രോഹിണി ആചാര്യ
dot image

പട്‌ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ ആര്‍ജെഡി സ്ഥാപകന്‍ ലാലു പ്രസാദ് യാദവിന്റെ കുടുംബത്തിനുളളില്‍ പ്രശ്‌നങ്ങള്‍ വഷളാകുന്നു. പാര്‍ട്ടി കനത്ത പരാജയം ഏറ്റുവാങ്ങിയതിനുപിന്നാലെ ആര്‍ജെഡി വിട്ട് രാഷ്ട്രീയപ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ച ലാലുവിന്റെ മകള്‍ രോഹിണി ആചാര്യ താന്‍ കുടുംബവുമായുളള ബന്ധവും ഉപേക്ഷിക്കുകയാണെന്ന് വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ വീണ്ടും ലാലു പ്രസാദ് യാദവ് കുടുംബത്തിനെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് രോഹിണി. തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാനും പണത്തിനും വേണ്ടിയാണ് താന്‍ പിതാവിന് വൃക്ക നല്‍കിയതെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചുവെന്നാണ് രോഹിണി പറയുന്നത്. 2022-ലാണ് രോഹിണി ലാലുവിന് വൃക്ക നല്‍കിയത്. എക്‌സ് പോസ്റ്റിലൂടെയാണ് രോഹിണി കുടുംബത്തിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.

'ഇന്നലെ എന്നെ ശപിച്ചു. ഞാന്‍ വൃത്തികെട്ടവളാണെന്ന് പറഞ്ഞു. അച്ഛന് വൃക്ക നല്‍കിയതിന് പകരമായി കോടിക്കണക്കിന് രൂപയും സീറ്റും ഞാന്‍ വാങ്ങിയെടുത്തുവെന്ന് പറഞ്ഞു. പണം വാങ്ങിയശേഷം വൃത്തികെട്ട വൃക്കയാണ് അദ്ദേഹത്തിന് നല്‍കിയതെന്നാണ് പറഞ്ഞത്. വിവാഹിതരായ പെണ്‍മക്കളോടും സഹോദരിമാരോടും ഞാന്‍ പറയുകയാണ്, നിങ്ങളുടെ അമ്മവീട്ടില്‍ മകനോ സഹോദരനോ ഉണ്ടെങ്കില്‍ ദൈവതുല്യനായ പിതാവിനെ രക്ഷിക്കാന്‍ പോകരുത്. പകരം സഹോദരനോടോ ആ വീട്ടിലെ മകനോടോ അല്ലെങ്കില്‍ അയാളുടെ ഹരിയാനക്കാരനായ സുഹൃത്തിനോടോ വൃക്ക ദാനം ചെയ്യാനുളള കാര്യങ്ങള്‍ നോക്കാന്‍ പറയണം. എല്ലാ സഹോദരിമാരും പെണ്‍മക്കളും അവരുടെ സ്വന്തം കുടുംബത്തിന്റെ കാര്യം നോക്കണം. സ്വന്തം മക്കളെയും ജോലിയും ഭര്‍തൃമാതാപിതാക്കളെയും നോക്കണം. കിഡ്‌നി കൊടുക്കാന്‍ തീരുമാനിച്ചപ്പോള്‍ ഞാന്‍ എന്റെ കുടുംബത്തെക്കുറിച്ചും മൂന്ന് മക്കളെക്കുറിച്ചും ചിന്തിക്കാതെ വലിയ കുറ്റകൃത്യമാണ് ചെയ്തത്. കിഡ്‌നി ദാനം ചെയ്യുമ്പോള്‍ എന്റെ ഭര്‍ത്താവിനോടോ അദ്ദേഹത്തിന്റെ മാതാപിതാക്കളോടോ ഞാന്‍ അനുവാദം ചോദിച്ചില്ല. എന്റെ ദൈവത്തെ, എന്റെ പിതാവിനെ രക്ഷിക്കാന്‍ ഞാനത് ചെയ്തു. എന്നാല്‍ ഇന്ന് അതിനെ അവര്‍ വൃത്തികെട്ടത് എന്ന് വിളിക്കുന്നു. നിങ്ങളാരും എന്നെപ്പോലെ ഈ തെറ്റ് ചെയ്യരുത്. രോഹിണിയെപ്പോലെ ആരും ഒരു മകളാകരുത്': എന്നാണ് രോഹിണി ആചാര്യ എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

മറ്റൊരു എക്‌സ് പോസ്റ്റില്‍ തനിക്ക് കുടുംബത്തില്‍ നിന്ന് അസഭ്യവാക്കുകള്‍ കേള്‍ക്കേണ്ടിവന്നു എന്നും അടിക്കാനായി ചെരിപ്പ് ഉയര്‍ത്തിയെന്നും രോഹിണി ആരോപിച്ചിരുന്നു. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍ജെഡി കനത്ത പരാജയം നേരിട്ടതിന് തൊട്ടുപിന്നാലെയാണ് രോഹിണി ആചാര്യ പാര്‍ട്ടി വിടുകയാണെന്ന് പ്രഖ്യാപിച്ചത്. 'ഞാന്‍ രാഷ്ട്രീയം ഉപേക്ഷിക്കുകയാണ്. എന്റെ കുടുംബത്തെ ഉപേക്ഷിക്കുകയാണ്. ഇതാണ് സഞ്ജയ് യാദവും റമീസും എന്നോട് ആവശ്യപ്പെട്ടത്. എല്ലാ കുറ്റവും ഞാന്‍ ഏറ്റെടുക്കുന്നു' എന്നാണ് രോഹിണി എക്‌സ് പോസ്റ്റില്‍ പറഞ്ഞത്. രോഹിണി 2022-ലാണ് ലാലു പ്രസാദ് യാദവിന് കിഡ്‌നി ദാനം ചെയ്തത്. 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സരണ്‍ മണ്ഡലത്തില്‍ നിന്ന് മത്സരിച്ചെങ്കിലും ബിജെപി സ്ഥാനാര്‍ത്ഥിയോട് പരായപ്പെട്ടിരുന്നു. .

Content Highlights: Raised shoe to hit, said i gave kidney to father for money and seat: Rohini Acharya alleges

dot image
To advertise here,contact us
dot image