

ഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനത്തില്‍ സ്‌ഫോടകന്‍ ഉമര്‍ നബി ആക്രമണത്തിന് മുമ്പ് ഫരീദാബാദിലെ മൊബൈല്‍ ഫോണ്‍ കടയില്‍ നിന്ന് രണ്ട് ഫോണ്‍ വാങ്ങിയതായി ഡല്‍ഹി പൊലീസ്. ആക്രമണത്തിന് 11 ദിവസം മുമ്പ് ഉമര്‍ കടയില്‍ നില്‍ക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ഒക്ടോബര്‍ 29നാണ് അവസാനമായി ഉമര്‍ അല്‍ ഫലാ സര്‍വലാശാല സന്ദര്‍ശിച്ചതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ഇതേ ദിവസം തന്നെ ഉമര്‍ തന്റെ ഫോണ്‍ ശരിയാക്കുകയും ഫരീദാബാദിലെ സെക്ടര്‍ 37ല്‍ നിന്നും സ്‌ഫോടനത്തിന് ഉപയോഗിച്ച ഐ20 കാര്‍ സ്വന്തമാക്കുകയും ചെയ്തു. തൊട്ടടുത്ത ദിവസം ഇയാള്‍ ഹരിയാനയിലെ നൂഹിലേക്ക് പോയെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. നൂഹിലേക്ക് പോകുമ്പോള്‍ ഉമര്‍ 30 മുതല്‍ 40 കിലോഗ്രാം സ്‌ഫോടനവസ്തുക്കള്‍ കാറില്‍ കൊണ്ടുപോയിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്.
'ഷഹീന്‍ ഷാഹിദ്, മുസമില്‍ ഗനിയ, ഷക്കീല്‍ റാത്തര്‍ എന്നിവരെ ബന്ധപ്പെടാന്‍ ഉമര്‍ ഒന്നിലധികം ഫോണുകള്‍ ഉപയോഗിച്ചിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. ഡോ. ഉകാഷയെയും ഉമര്‍ ഓണ്‍ലൈന്‍ വഴി ബന്ധപ്പെട്ടിട്ടുണ്ട്. ഉമറിന്റെ യാത്രകള്‍ ഞങ്ങള്‍ കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്. മൊബൈല്‍ ഷോപ്പിലും കാര്‍ ഷോപ്പിലും പോയതിന് ശേഷം ഉമര്‍ ഒക്ടോബര്‍ 30ന് ഫരീദാബാദില്‍ നിന്നും നൂഹിലേക്ക് പോയി. തുടര്‍ന്ന് ആക്രമണ ദിവസം ഉമര്‍ ഡല്‍ഹിയിലെത്തി', ഡല്‍ഹി പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഡോ. ഉകാഷ ആരാണെന്ന് കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്. സ്‌ഫോടനത്തിന് ശേഷം ഐ20 കാറില്‍ നിന്നും ഒരു ഫോണും കണ്ടെത്തിയിട്ടില്ല. അതുകൊണ്ട് തന്നെ ഉമര്‍ ഈ ഫോണുകള്‍ ഉപേക്ഷിച്ചിട്ടുണ്ടാകാമെന്നാണ് പൊലീസിന്റെ നിഗമനം. സ്‌ഫോടനം നടന്ന ദിവസം ഉമര്‍ കാര്‍ പാര്‍ക്ക് ചെയ്തിരുന്ന പാര്‍ക്കിങ് ഏരിയയിലേക്ക് പ്രവേശിച്ച ഓരോ വാഹനങ്ങളും പരിശോധിക്കാനിരിക്കുകയാണ് പൊലീസ്. നിലവില്‍ യുഎപിഎ, സ്‌ഫോടന നിയമം, കൊലപാതക കുറ്റം എന്നിവയ്ക്ക് എഫ്‌ഐആര്‍ ചുമത്തിയിട്ടുണ്ട്. ഇത് എന്‍ഐഎയാണ് കൈകാര്യം ചയ്യുന്നത്.
കേസില്‍ കൂടുതല്‍ ഗൂഡാലോചനയുണ്ടായെന്നതിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹി പൊലീസ് രണ്ടാമതൊരു എഫ്‌ഐആര്‍ കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വഞ്ചനയ്ക്കും വ്യാജരേഖ ചമയ്ക്കലിനും അല്‍ ഫലാ സര്‍വകലാശാലയ്‌ക്കെതിരെയും രണ്ട് എഫ്‌ഐആര്‍ ചുമത്തിയിട്ടുണ്ടെന്ന് ഡല്‍ഹി പൊലീസിന്റെ ക്രൈം ബ്രാഞ്ച് ശനിയാഴ്ച പറഞ്ഞു. തെറ്റായ അംഗീകാരമുണ്ടെന്ന് കാണിച്ച് സര്‍ക്കാരിനെയും പൊതുജനങ്ങളെയും പറ്റിച്ചതിനാണ് കേസെന്ന് ക്രൈം ബ്രാഞ്ച് പൊലീസ് വ്യക്തമാക്കി.
അതേസമയം ഉമറും മുസമിലുമായി ബന്ധമുണ്ടായിരുന്ന ഡോക്ടര്‍മാരുടെ മുറിയിലും പരിശോധനകള്‍ നടത്തുന്നുണ്ട്. ഷഹീന്‍ ഷാഹിദിന്റെ വിദ്യാര്‍ത്ഥികളും ഇന്റേണുകളായ ഡോക്ടര്‍മാരുടെയും മുറികളും പരിശോധിക്കും. കേസില്‍ ഉമറിന്റെ ഹവാല ബന്ധങ്ങള്‍ കേന്ദ്രീകരിച്ചും എന്‍ഐഎ അന്വേഷണം നടത്തുന്നുണ്ട്. അന്വേഷണത്തില്‍ ഹവാല ഇടനിലക്കാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഉമര്‍ നബിക്ക് 20 ലക്ഷം ഹവാല വഴി ലഭിച്ചെന്നാണ് കണ്ടെത്തല്‍.
Content Highlights: Delhi Police found Umar Nabi move Nooh before Red Fort incident