UPയിൽ അഖ്‌ലാഖിനെ തല്ലിക്കൊന്ന പ്രതികളെ സംരക്ഷിക്കാൻ യോഗി സർക്കാർ; കേസ് പിൻവലിക്കണമെന്ന് കോടതിയിൽ അപേക്ഷ നൽകി

ദാദ്രിയിലെ പ്രാദേശിക ബിജെപി നേതാവ് സഞ്ജയ് റാണയുടെ മകന്‍ വിഷാല്‍ റാണയുടെ അടക്കം കേസുകളാണ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്

UPയിൽ അഖ്‌ലാഖിനെ തല്ലിക്കൊന്ന പ്രതികളെ സംരക്ഷിക്കാൻ യോഗി സർക്കാർ; കേസ് പിൻവലിക്കണമെന്ന് കോടതിയിൽ അപേക്ഷ നൽകി
dot image

ലഖ്‌നൗ: ബീഫ് കൈവശം വെച്ചെന്നാരോപിച്ച് ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാഖിനെ തല്ലിക്കൊന്ന പ്രതികളെ സംരക്ഷിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. കേസിലെ 10 പ്രതികള്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കാന്‍ ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ കോടതിയെ സമീപിച്ചു. ഗൗതം ബുദ്ധ നഗറിലെ അപ്പര്‍ സെഷന്‍സ് കോടതിയെയാണ് സര്‍ക്കാര്‍ സമീപിച്ചത്.

ദാദ്രിയിലെ പ്രാദേശിക ബിജെപി നേതാവ് സഞ്ജയ് റാണയുടെ മകന്‍ വിഷാല്‍ റാണയുടെ അടക്കം കേസുകളാണ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കൊലപാതകം, കൊലപാതക ശ്രമം, മനഃപ്പൂര്‍വം ഉപദ്രവിക്കുക, സമാധാന അന്തരീക്ഷം തകര്‍ക്കുക എന്ന ഉദ്ദേശ്യത്തോടെയുള്ള മനപൂര്‍വമായ അപമാനം, ഭീഷണി തുടങ്ങിയ കേസുകളായിരുന്നു പ്രതികള്‍ക്കെതിരെ ചുമത്തിയത്.

ഓഗസ്റ്റ് 26നാണ് സംസ്ഥാന സര്‍ക്കാര്‍ ഗൗതം ബുദ്ധ നഗറിലെ അസിസ്റ്റന്റ് ജില്ലാ സര്‍ക്കാര്‍ കൗണ്‍സലായ ഭഗ് സിങ്ങിന് കേസ് പിന്‍വലിക്കാനുള്ള നിര്‍ദേശം നല്‍കിയത്. തുടര്‍ന്ന് കഴിഞ്ഞ മാസം 15ന് ഭഗ് സിങ്ങ് കേസ് പിന്‍വലിക്കാനുള്ള അപേക്ഷ കോടതിയില്‍ സമര്‍പ്പിക്കുകയായിരുന്നു. കേസ് പിന്‍വലിക്കാനുള്ള അനുമതി ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ നല്‍കിയതായും അപേക്ഷയില്‍ നിന്നും വ്യക്തമാണ്.

2015 സെപ്റ്റംബര്‍ 28നാണ് 52കാരനായ അഖ്‌ലാഖിനെ ബീഫ് കൈവശം വെച്ചതിന്റെ പേരില്‍ തല്ലിക്കൊന്നത്. ബിസാദ നിവാസിയായ അഖ്‌ലാഖിനെ വീട്ടില്‍ നിന്നും വലിച്ചിഴച്ച് പുറത്തിറക്കി പ്രതികള്‍ അടിച്ച് കൊല്ലുകയായിരുന്നു. അഖ്‌ലാഖ് ഒരു പശുവിനെ കൊന്നെന്നും ഫ്രിഡ്ജില്‍ ബീഫ് സൂക്ഷിച്ചെന്നും ആരോപിച്ച് ഒരു അമ്പലത്തില്‍ നിന്നും അറിയിപ്പ് വന്നതിന് പിന്നാലെയായിരുന്നു അതിക്രമം.

അഖ്‌ലാഖിനെ അടിക്കുന്നതില്‍ നിന്നും തടയുന്നതിനിടെ മകന്‍ ഡാനിഷിനും ക്രൂരമായി പരിക്കേറ്റിരുന്നു. വീട്ടിലുണ്ടായിരുന്ന തയ്യല്‍ മെഷീന്‍ ഉപയോഗിച്ചായിരുന്നു പ്രതികള്‍ ദാനിഷിന്റെ തലയ്ക്ക് മാരകമായി പരിക്കേല്‍പ്പിച്ചത്. ക്രൂരമര്‍ദനം അറിഞ്ഞ് പൊലീസ് എത്തുമ്പോഴേക്കും അഖ്‌ലാഖ് മരിച്ചിരുന്നു. തലയോട്ടി തകര്‍ന്ന് രക്തം വാര്‍ന്ന ദാനിഷിനെ പൊലീസ് ആശുപത്രിയിലെത്തിക്കുകയായിരുന്നു.

എന്നാല്‍ ഇതിനിടെ 2016 ജൂണില്‍ അഖ്‌ലാഖിന്റെ കുടുംബത്തിനെതിരെ ബീഫ് കൈവശം വെച്ചെന്നാരോപിച്ച് കേസെടുത്തിരുന്നു. സുരാജ്പാല്‍ സ്വദേശിയുടെ പരാതിയിലായിരുന്നു കേസെടുത്തത്. എന്നാല്‍ കുടുംബത്തിനെതിരെ നടപടി സ്വീകരിക്കുന്നത് അലഹബാദ് ഹൈക്കോടതി തടയുകയായിരുന്നു. അഖ്‌ലാഖും കുടുംബവും പശുവിനെ കൊന്നതിന് തെളിവില്ലെന്ന് പൊലീസ് പിന്നീട് കണ്ടെത്തി. അഖ്‌ലാഖിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയത് ആട്ടിറച്ചിയാണെന്ന് ഉത്തര്‍പ്രദേശ് വെറ്ററിനറി വകുപ്പ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

Content Highlights: Akhlaq murder case Uttar Pradesh govt to protect accused

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us