തെരഞ്ഞെടുപ്പ് പരാജയം: ആർജെഡി വിട്ട് ലാലുവിന്റെ മകൾ, കുടുംബവുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതായി കുറിപ്പ്

കുടുംബവുമായുള്ള ബന്ധവും അവസാനിപ്പിക്കുന്നുവെന്ന് എക്‌സില്‍ രോഹിണി കുറിച്ചു

തെരഞ്ഞെടുപ്പ് പരാജയം: ആർജെഡി വിട്ട് ലാലുവിന്റെ മകൾ, കുടുംബവുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതായി കുറിപ്പ്
dot image

പട്‌ന: ലാലു പ്രസാദ് യാദവിന്റെ മകള്‍ രോഹിണി ആചാര്യ ആര്‍ജെഡി വിട്ടു. തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെയാണ് നിര്‍ണായക തീരുമാനം. കുടുംബവുമായുള്ള ബന്ധവും അവസാനിപ്പിക്കുന്നുവെന്ന് രോഹിണി എക്‌സില്‍ കുറിച്ചു. തീരുമാനത്തിന് പിന്നില്‍ പാര്‍ട്ടിക്കുള്ളിലെ തര്‍ക്കമാണെന്നാണ് സൂചന. തേജസ്വിയുടെ ഉപദേശകനായ സഞ്ജയ് യാദവും റമീസും തന്നോട് ആവശ്യപ്പെട്ടത് ഇതാണെന്നും കുറ്റമെല്ലാം താന്‍ ഏറ്റെടുക്കുന്നുവെന്നും രോഹിണി കുറിച്ചു.

'ഞാന്‍ രാഷ്ട്രീയം ഉപേക്ഷിക്കുകയാണ്, എന്റെ കുടുംബത്തെ ഉപേക്ഷിക്കുകയാണ് … ഇതാണ് സഞ്ജയ് യാദവും റമീസും എന്നോട് ആവശ്യപ്പെട്ടത് … എല്ലാ കുറ്റവും ഞാന്‍ ഏറ്റെടുക്കുന്നു', രോഹിണി കുറിച്ചു. 2022 ൽ ലാലു പ്രസാദിന് വൃക്ക ദാനംചെയ്തത് മകളായ രോഹിണിയായിരുന്നു.

അതേസമയം, തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റ് പ്രകാരം 22.79 ശതമാനം വോട്ട് വിഹിതമാണ് ഇത്തവണ ആര്‍ജെഡി നേടിയത്. ഇത് ബിജെപിയേക്കാള്‍ 2.27 ശതമാനവും ജെഡിയുവിനേക്കാള്‍ 3.8 ശതമാനവും കൂടുതലാണ്. ബിജെപിക്ക് 20.08 ശതമാനവും ജെഡിയുവിന് 19.25 ശതമാനവുമാണ് വോട്ട് വിഹിതം. വെള്ളിയാഴ്ചയായിരുന്നു ബിഹാറിലെ വോട്ടെണ്ണല്‍. ബിജെപി 89 സീറ്റും ജെഡിയു 85 സീറ്റും നേടി. എന്‍ഡിഎ സഖ്യം ആകെ നേടിയത് 202 സീറ്റുകളാണ്.

Lalu prasad yadav and rohini acharya
ലാലു പ്രസാദ് യാദവും രോഹിണിയും

എന്നാല്‍ 243 മണ്ഡലങ്ങളില്‍ 143 മണ്ഡലങ്ങളില്‍ മത്സരിച്ച ആര്‍ജെഡിക്ക് 25 സീറ്റ് മാത്രമേ നേടാന്‍ സാധിച്ചുള്ളു. 2010ല്‍ 22 സീറ്റ് ലഭിച്ചതിന് ശേഷം ആര്‍ജെഡി ഇത്രയും മോശം പ്രകടനം തെരഞ്ഞെടുപ്പില്‍ കാണിക്കുന്നത് ഇതാദ്യമായാണ്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്ന തേജസ്വി യാദവ് പോലും കിതച്ചാണ് മണ്ഡലത്തില്‍ വിജയിച്ച് കയറിയത്.

രാഘോപൂര്‍ മണ്ഡലത്തിലെ വോട്ടെണ്ണല്‍ പുരോഗമിക്കവേ നിരവധി തവണ പിന്നിലേക്ക് പോയ തേജസ്വി അവസാന റൗണ്ടുകളിലെ വോട്ടെണ്ണുമ്പോഴാണ് ജയിച്ച് കയറിയത്. 14,532 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് തേജസ്വി ബിജെപി സ്ഥാനാര്‍ത്ഥിയായ സതീഷ് കുമാറിനെ തോല്‍പ്പിച്ചത്. മഹാഗഡ്ബന്ധനിലെ മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും കാര്യമായ സീറ്റുകള്‍ നേടാനായില്ല. കോണ്‍ഗ്രസ് അഞ്ച് സീറ്റുകളും സിപിഐഎംഎല്‍ ലിബറേഷന്‍ രണ്ട് സീറ്റുകളുമാണ് നേടിയത്. സിപിഐഎം ഒരു സീറ്റും നേടി. സിപിഐക്ക് ഒരു സീറ്റും നേടാന്‍ സാധിച്ചില്ല. സഖ്യത്തിന് ആകെ നേടാനായത് 35 സീറ്റുകളാണ്.

Content Highlights: Lalu Yadav's daughter Rohini Acharya quits politics after Bihar debacle

dot image
To advertise here,contact us
dot image