ജെഡിയു കളം മാറിയാല്‍പ്പോലും സര്‍ക്കാര്‍ ഉണ്ടാക്കാനാകാത്ത സ്ഥിതി; ഫലം അവിശ്വസനീയമെന്ന് കെ സി വേണുഗോപാല്‍

എന്താണ് സംഭവിച്ചതെന്ന് ബൂത്ത് കേന്ദ്രീകരിച്ച് ഡാറ്റ ശേഖരിച്ച് പരിശോധന നടത്തുമെന്നും കെ സി വേണുഗോപാല്‍

ജെഡിയു കളം മാറിയാല്‍പ്പോലും സര്‍ക്കാര്‍ ഉണ്ടാക്കാനാകാത്ത സ്ഥിതി; ഫലം അവിശ്വസനീയമെന്ന് കെ സി വേണുഗോപാല്‍
dot image

ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം അവിശ്വസനീയമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. മത്സരിച്ചതില്‍ 90 ശതമാനം സീറ്റിലും ജയിക്കുന്നത് അത്യപൂര്‍വ്വമാണ്. അത്തരത്തില്‍ അപൂര്‍വ്വമായൊരു സാഹചര്യം ബിഹാറില്‍ ഉണ്ടായിരുന്നില്ല. എന്താണ് സംഭവിച്ചതെന്ന് ബൂത്ത് കേന്ദ്രീകരിച്ച് ഡാറ്റ ശേഖരിച്ച് പരിശോധന നടത്തുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

'ഫലം അവിശ്വസനീയമാണ്. കോണ്‍ഗ്രസിനുമാത്രമല്ല, ബിഹാറിലെ ജനതയ്ക്കും മഹാസഖ്യത്തിലെ മറ്റുകക്ഷികള്‍ക്കും ഇത് വിശ്വസിക്കാന്‍ കഴിയുന്നില്ല. മത്സരിച്ചതില്‍ 90 ശതമാനം സീറ്റിലും ജയിക്കുന്നത് അത്യപൂര്‍വ്വമാണ്. ഡാറ്റവെച്ച് വിശകലനം ചെയ്യു'മെന്നും കെ സി വേണുഗോപാൽ പറഞ്ഞു. മല്ലികാര്‍ജുന്‍ ഖര്‍ഖെയുടെ വസതിയില്‍ ചേര്‍ന്ന ഹൈക്കമാന്‍ഡ് യോഗത്തിന് ശേഷമാണ് പ്രതികരണം.

ആര്‍ജെഡി നേതാവ് തേജസ്വി യാദവ് ഉള്‍പ്പെടെയുള്ള ഘടകകക്ഷി നേതാക്കളുമായി സംസാരിക്കുകയുണ്ടായി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഹരിയാനയില്‍ 19 കേസുകള്‍ നിലവിലുണ്ട്. ഉന്നയിച്ച കാര്യങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഔദ്യോഗികമായി മറുപടി നല്‍കിയിട്ടില്ല. ബിഹാറില്‍ ജെഡിയും കളം മാറ്റിയാല്‍പോലും സര്‍ക്കാര്‍ ഉണ്ടാക്കാന്‍ സാധിക്കില്ല. അത്തരത്തിലുള്ള തെരഞ്ഞെടുപ്പ് ഫലമാണ് ഉണ്ടാക്കിയതെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

അപകടകരമായ നിലയിലാണ് ഇന്ത്യന്‍ ജനാധിപത്യം കടന്നുപോകുന്നത്. ജനങ്ങള്‍ വോട്ട് ചെയ്താല്‍പോലും പ്രതിഫലിക്കാത്ത നിലയിലേക്ക് കാര്യങ്ങള്‍ പോവുകയാണ്. ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകും. ഇന്‍ഡ്യാ സഖ്യം ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

ബിഹാറില്‍ വന്‍അട്ടിമറി നടന്നുവെന്നാണ് ഹൈക്കമാന്‍ഡ് വിലയിരുത്തല്‍. ന്യൂനപക്ഷ വോട്ടുകള്‍ പിളര്‍ത്താന്‍ എഐഎംഐഎം മേധാവി അസുദുദ്ദീന്‍ ഉവൈസിയുമായി ചേര്‍ന്ന് ബിജെപി ധാരണയുണ്ടാക്കിയെന്നും തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും ചേര്‍ന്ന് കൂട്ടുകച്ചവടം നടത്തിയെന്നുമാണ് ആരോപണം. നൂറ് ശതമാനം വിജയം ഉറപ്പിച്ച ണ്ഡലങ്ങളില്‍ പരാജയം നേരിട്ടത് അട്ടിമറി നടന്നുവെന്നതിന്റെ സൂചനയാണെന്നാണ് വിലയിരുത്തല്‍.

2020 ലെ പരാജയത്തിന്റെ കയ്പ് മറികടക്കാനായിരുന്നു ഇത്തവണ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേരത്തെ കളത്തിലിറങ്ങിയത്. എന്നാല്‍ കടുത്ത നിരാശ നല്‍കുന്നതായിരുന്നു ഫലം. കഴിഞ്ഞ തവണ 70 സീറ്റില്‍ മത്സരിച്ച 19 സീറ്റ് നേടിയപ്പോല്‍ ഇത്തവണ 60 സീറ്റില്‍ മത്സരിച്ച് 6 സീറ്റില്‍ മാത്രമാണ് വിജയിക്കാനായത്. ബിഹാര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജേഷ് കുമാര്‍ ഉള്‍പ്പെടെ തോറ്റു.

Content Highlights: Bihar assembly Election Result Unbelievable Said K C Venugopal

dot image
To advertise here,contact us
dot image