

ഡല്‍ഹി: ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തില്‍ അന്വേഷണം ആരംഭിച്ച് എന്‍ഐഎ. പ്രത്യേക സംഘത്തെ രൂപീകരിച്ചാണ് അന്വേഷണം. പത്ത് പേരാണ് സംഘത്തിലുള്ളത്. കേരള കേഡര്‍ ഉദ്യോഗസ്ഥന്‍ കൂടിയായ എന്‍ഐഎ എഡിജി വിജയ് സാക്കറെയാണ് സംഘത്തെ നയിക്കുക. ഐജി, രണ്ട് ഡിഐജി, മൂന്ന് എസ്പി, ഡിഎസ്പി ലെവല്‍ ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. ഡല്‍ഹി. ജമ്മു പൊലീസുകളില്‍ നിന്ന് എന്‍ഐഎ സംഘം വിശദാംശങ്ങള്‍ വാങ്ങി. ഇതിന് ശേഷം പ്രാഥമിക അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഉമറിന്റെയും സംഘത്തിന്റെയും പങ്കാളിത്തം സംബന്ധിച്ച് പ്രാരംഭഘട്ടത്തില്‍ തന്നെ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് എന്‍ഐഎയുടെ വാദം. ഉമറും സംഘവും ഡല്‍ഹിയില്‍ ആക്രമണത്തിന് ലക്ഷ്യമിട്ടിരുന്നതായാണ് അന്വേഷണ സംഘം പറയുന്നത്. റിപ്പബ്ലിക്, ദീപാവലി ദിനങ്ങളിലായിരുന്നു ആക്രമണത്തിന് പദ്ധതി. ഫരീദാബാദില്‍ നിന്ന് അറസ്റ്റിലായ ഡോ. മൊസമ്മില്‍ അഹമ്മദിന്റെ ഫോണ്‍ പരിശോധിച്ചതില്‍ നിന്നാണ് ഈ വിവരം ലഭിച്ചതെന്നും എന്‍ഐഎ പറയുന്നു.

ഡല്‍ഹി പൊലീസും കേസെടുത്തതിന് പിന്നാലെ എന്‍ഐഎയും ഡോ. ഉമര്‍ നബി ഭട്ടിനെയും ഫരീദാബാദിലെ അല്‍ഫല സര്‍വകലാശാലയിലെ ഡോക്ടര്‍മാരെയും കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. രാജ്യതലസ്ഥാനമായിരുന്നു ഇവരുടെ ലക്ഷ്യമെന്നാണ് എന്‍ഐഎയെ പറയുന്നത്. റിപ്പബ്ലിക് ദിനത്തിലും ആള്‍ത്തിരക്ക് ഏറെ അനുഭവപ്പെടുന്ന ദീപാവലിയുമായിരുന്നു ലക്ഷ്യം. ആക്രമണ പദ്ധതിയുടെ ഭാഗമായി മൊസമ്മിലും ഉമറും ജനുവരിയില്‍ ഡല്‍ഹി സന്ദര്‍ശിച്ചതായും അന്വേഷണ സംഘം പറയുന്നു. ഉമറും സംഘവും കൂടുതല്‍ കാറുകള്‍ വാങ്ങിയെന്ന വിവരവും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. സ്‌ഫോടനത്തിന് ഉപയോഗിച്ച കാറിന് പുറമെ മറ്റ് രണ്ട് കാറുകള്‍ കൂടി ഇവർ വാങ്ങിയെന്നാണ് വിവരം. ഡല്‍ഹിയില്‍ നിന്നാണ് ഈ വാഹനങ്ങള്‍ വാങ്ങിയതെന്നാണ് സൂചന. ഈ കാറുകള്‍ എവിടെ എന്ന് വ്യക്തമല്ല.

ഫരീദാബാദ് റെയ്ഡിന്റെ പശ്ചാത്തലത്തില്‍ സ്‌ഫോടക വസ്തുക്കള്‍ മാറ്റുന്നതിനിടെ അബദ്ധത്തില്‍ പൊട്ടിത്തെറിച്ചതാകാമെന്നാണ് അന്വേഷണ സംഘം പറയുന്നത്. സ്‌ഫോടക വസ്തുക്കള്‍ മാറ്റുന്നതിനായാണ് ഉമര്‍ ഡല്‍ഹിയില്‍ എത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. സ്‌ഫോടനം നടക്കുന്ന തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 ഓടെ ഉമര്‍ ഡല്‍ഹിയിലെ കൊണാട്ട് പ്ലേസില്‍ എത്തിയതായി അന്വേഷണ സംഘം പറയുന്നു. ഇതിന് പിന്നാലെ കാര്‍ ഡല്‍ഹിയിലെ തന്നെ മയൂര്‍ വിഹാറില്‍ എത്തി. സെന്‍ട്രല്‍ ഡല്‍ഹിയില്‍ അടക്കം മണിക്കൂറുകള്‍ ഉമര്‍ മുഹമ്മദ് ചെലവഴിച്ചതായാണ് അന്വേഷണ സംഘം പറയുന്നത്. സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചാണ് അന്വേഷണ സംഘം ഈ നിഗമനത്തില്‍ എത്തിയത്. കാറില്‍ വന്‍ അളവില്‍ സ്‌ഫോടക വസ്തുക്കള്‍ ഉണ്ടായിരുന്നു. ശക്തമായ സ്‌ഫോടക വസ്തുക്കളില്‍ ഒന്നായ പെന്റാ എറിത്രിറ്റോള്‍ ടെട്രാനൈട്രേറ്റ് അടക്കം കാറില്‍ ഉണ്ടായിരുന്നുവെന്ന സൂചനയുമുണ്ട്. ഇന്നലെ നടത്തിയ പരിശോധനയില്‍ കാറില്‍ അമോണിയം നൈട്രേറ്റിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. സ്‌ഫോടനം നടക്കുന്ന സമയത്തെ ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. സ്‌ഫോടനം നടന്ന പ്രദേശത്തെ സിഗ്നലിന് പിന്‍വശത്തെ സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. പൊട്ടിത്തെറിക്ക് പിന്നാലെ സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തനരഹിതമായി. മറ്റ് ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ വ്യക്തമല്ല. ഈ ദൃശ്യങ്ങള്‍ അന്വേഷണ സംഘം വിശദമായി പരിശോധിക്കും.

ഇന്നലെയായിരുന്നു മുസമ്മില്‍ അഹമ്മദിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. മൊസമ്മലിനൊപ്പം അല്‍ഫല സര്‍വകലാശാലയിലെ തന്നെ ഡോ. ഷഹീന്‍ ഷാഹിദ്, ഉമര്‍ മുഹമ്മദ് എന്നിവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇവര്‍ക്ക് പുറമേ പന്ത്രണ്ട് പേരുടെ കൂടി അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ ആറ് പേര്‍ ജമ്മു കശ്മീര്‍ സ്വദേശികളും രണ്ട് പേര്‍ ഉത്തര്‍ പ്രദേശ് സ്വദേശികളും നാല് പേര്‍ അല്‍ഫലയിലെ ലാബ് ടെക്‌നീഷ്യന്മാരുമാണ്. ഡോ. സജ്ജാദ്, ആരിഫ്, യാസിര്‍, മക്‌സൂദ്, ഇര്‍ഫാന്‍, സമീര്‍ എന്നിവരാണ് ജമ്മു കശ്മീര്‍ സ്വദേശികള്‍. ഡോ. പെര്‍വസ്, ഡോ. അദീല്‍ റാത്തര്‍ എന്നിവരാണ് ഉത്തര്‍പ്രദേശ് സ്വദേശികള്‍. പെര്‍വസ് ലഖ്‌നൗ സ്വദേശിയും അദീല്‍ സഹാറന്‍പുര്‍ സ്വദേശിയുമാണ്. ജമ്മു കശ്മീരില്‍ നിന്ന് മൂന്ന് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. താരിഖ്, ആമിര്‍, ഉമര്‍ എന്നിവരാണ് അവര്‍. കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്തുവരികയാണ്.

തിങ്കളാഴ്ച വൈകിട്ട് 6.52 ഓടെയായിരുന്നു ചെങ്കോട്ടയ്ക്ക് സമീപം രാജ്യത്തെ നടുക്കിയ സ്‌ഫോടനം. തൊട്ടുപിന്നാലെ പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി. അരമണിക്കൂറിലധികം സമയമെടുത്താണ് തീയണച്ചത്. ആദ്യ ദിവസം എട്ട് പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. ഇരുപതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ചൊവ്വാഴ്ച അഞ്ച് പേരുടെ മരണം കൂടി സ്ഥിരീകരിച്ചു. ഫരീദാബാദില്‍ സവന്‍ അളവില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവവുമായി ചെങ്കോട്ട സ്‌ഫോടനത്തിന് എന്തെങ്കിലും ബന്ധമുണ്ടോ എന്നായിരുന്നു പൊലീസ് ആദ്യം അന്വേഷിച്ചത്. തുടര്‍ന്ന് പുറത്തുവന്ന വിവരങ്ങളെല്ലാം ഫരീദാബാദ് സംഭവവുമായി ബന്ധപ്പെട്ടതായിരുന്നു. ഫരീദാബാദ് റെയ്ഡില്‍ അറസ്റ്റിലായ ഡോക്ടര്‍മാരുമായി ബന്ധമുള്ള ഡോ. ഉമറാണ് സ്‌ഫോടനം നടന്ന കാര്‍ ഓടിച്ചതെന്നായിരുന്നു പൊലീസ് നല്‍കിയ വിവരം. ഇതനുസരിച്ചായിരുന്നു ദേശീയ മാധ്യമങ്ങള്‍ അടക്കം വാര്‍ത്ത നല്‍കിയത്. ഉമറിനൊപ്പം കാറില്‍ മറ്റ് രണ്ട് പേര്‍ കൂടി ഉണ്ടായിരുന്നു എന്നായിരുന്നു പൊലീസ് ആദ്യം പറഞ്ഞത്. ഇത് പിന്നീട് തിരുത്തി. സ്‌ഫോടനം നടക്കുമ്പോള്‍ കാറില്‍ ഒരാള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നും അത് ഉമറായിരുന്നുവെന്നും പൊലീസ് പറഞ്ഞു. അങ്ങനെയെങ്കില്‍ ഉമര്‍ മരിച്ചിട്ടുണ്ടാകാമെന്നുള്ള സൂചനയും പൊലീസ് നല്‍കി. ഇതേ സമയം തന്നെ ജമ്മു കശ്മീര്‍ പൊലീസ് ഉമറിന്റെ പിതാവ്, മാതാവ്, സഹോദരങ്ങള്‍ അടക്കം ആറ് പേരെ കസ്റ്റഡിയില്‍ എടുത്തു. വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഇവരെ വിട്ടയച്ചു. ഉമറിന്റെ മാതാവിന്റെ ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. മരിച്ചത് ഉമര്‍ തന്നെയാണോ എന്ന് സ്ഥിരീകരിക്കാന്‍ ഡിഎന്‍എ പരിശോധന നടന്നുവരികയാണ്. ഇതിനിടെയാണ് കേസ് എന്‍ഐഎയിലേക്ക് എത്തുന്നത്. സംഭവത്തില്‍ എല്ലാ വശങ്ങളും പരിശോധിക്കുമെന്ന് കേസ് ഏറ്റെടുത്തതിന് പിന്നാലെ എന്‍ഐഎ സംഘം പറഞ്ഞിരുന്നു.
Content Highlights- Delhi blast: Jan 26, Diwali attack was part of plan says NIA