

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ ടെസ്റ്റിൽ പിച്ചിനെ കുറിച്ചുള്ള നിർണായക വെളിപ്പെടുത്തലുമായി പിച്ച് ക്യുറേറ്റർ സുജൻ മുഖർജി. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടക്കുന്ന ആദ്യ ടെസ്റ്റിൽ സ്പിന്നിനെ തുണയ്ക്കുന്ന പിച്ചായിരിക്കുമെന്നാണ് അദ്ദേഹം സൂചിപ്പിക്കുന്നത്. ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് കോച്ച് ഗൗതം ഗംഭീറുമായുള്ള സംഭാഷണത്തെ കുറിച്ച് സുജൻ മുഖർജി തുറന്നുപറഞ്ഞത്.
"ഈഡനിലെ പിച്ച് നല്ലതായിരിക്കും. സ്പോർട്ടിങ് വിക്കറ്റാണ്. കളി പുരോഗമിക്കുമ്പോൾ പന്ത് തിരിയുകയും ബൗൺസ് ഉണ്ടാവുകയും ചെയ്യും. ബാറ്റർമാർക്കും ബോളർമാർക്കും പിച്ചിൽ നിന്ന് പ്രയോജനം ലഭിക്കും", സുജൻ മുഖർജി അഭിമുഖത്തിൽ പറഞ്ഞു.
കുത്തിത്തിരിയുന്ന പിച്ച് അഥവാ റാങ്ക് ടേണർ എന്ന ചോദ്യത്തോട് അത് തനിക്കറിയില്ലെന്നും കളിക്കാരാണ് പറയേണ്ടതെന്നും അദ്ദേഹം പറഞ്ഞു. "അത് ഞാനെങ്ങനെ പറയും. പിച്ചിൽ കളിക്കുന്നവരാണ് അത് പറയേണ്ടത്. ഒരു നല്ല പിച്ച് നിർമ്മിക്കുകയെന്നതാണ് ഞങ്ങളുടെ ജോലി. അത്തരത്തിലുള്ള പിച്ചാണ് ഇത്. കാണികൾക്ക് ആസ്വദിക്കാൻ കഴിയുന്ന മികച്ച മത്സരമായിരിക്കും ഇതെന്ന് പ്രതീക്ഷിക്കുന്നു", സുജൻ മുഖർജി കൂട്ടിച്ചേർത്തു.
കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ ഈ മാസം 14നാണ് ആദ്യ ടെസ്റ്റ് ആരംഭിക്കുക. ദക്ഷിണാഫ്രിക്കയുടെ ഇന്ത്യൻ പര്യടനത്തിൽ രണ്ട് ടെസ്റ്റും മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20കളുമാണ് നടക്കുക. ഈഡൻ ഗാർഡൻസിലെ ആദ്യ ടെസ്റ്റിന് ശേഷം നവംബർ 22നാണ് രണ്ടാം ടെസ്റ്റ് ആരംഭിക്കുക. ഗുവാഹത്തി ബർസപര ക്രിക്കറ്റ് സ്റ്റേഡിയമാണ് രണ്ടാം ടെസ്റ്റിന് വേദിയാവുക.
Content Highlights: 'Rank Turner' For 1st South Africa Test? Eden Gardens Pitch Curator Reveals