'മരണകാരണം ആധി പിടിച്ച് ഹൃദയം നിലച്ചത്'; പുത്തൂരില്‍ തെരുവുനായ ആക്രമണത്തില്‍ മാനുകള്‍ ചത്തതില്‍ അരുണ്‍ സക്കറിയ

നായകള്‍ കയറിയ ഭാഗം കണ്ടെത്തി അടച്ചെന്ന് അരുണ്‍ സക്കറിയ

'മരണകാരണം ആധി പിടിച്ച് ഹൃദയം നിലച്ചത്'; പുത്തൂരില്‍ തെരുവുനായ ആക്രമണത്തില്‍ മാനുകള്‍ ചത്തതില്‍ അരുണ്‍ സക്കറിയ
dot image

തൃശൂര്‍: പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ തെരുവുനായ ആക്രമണത്തില്‍ മാനുകള്‍ ചത്തതില്‍ പ്രതികരണവുമായി വനംവകുപ്പ് ചീഫ് വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയ. നടന്നത് ദൗര്‍ഭാഗ്യകരമായ സംഭവമാണെന്ന് അരുണ്‍ സക്കറിയ പ്രതികരിച്ചു. നായകള്‍ കയറിയ ഭാഗം കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു.

'ആധി പിടിച്ച് ഹൃദയം നിലച്ചതാണ് മാനുകളുടെ മരണ കാരണം. രണ്ട് നായ്ക്കളെ ജീവനക്കാര്‍ പിടിച്ചു. നായകള്‍ കയറിയ ഭാഗം കണ്ടെത്തി അടച്ചു. നായകള്‍ കയറിയ ഭാഗത്ത് കൂടെ മൃഗങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ പറ്റില്ല. വൈദ്യുതി വേലിയും കിടങ്ങും ഭേദിച്ച് മൃഗങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ പറ്റില്ല. മറ്റു മൃഗങ്ങളുടെ കൂടുകളിലും സുരക്ഷ ഓഡിറ്റിംഗ് നടത്തി', അരുണ്‍ സക്കറിയ പറഞ്ഞു. സുവോളജിക്കല്‍ പാര്‍ക്കിന് പെര്‍മിറ്റ് ലഭിച്ചതായും അരുണ്‍ സക്കറിയ വ്യക്തമാക്കി.

തിങ്കളാഴ്ച രാത്രിയോടെയാണ് സുവോളജിക്കല്‍ പാര്‍ക്കില്‍ തെരുവുനായ ആക്രമണത്തില്‍ പത്ത് മാനുകളെ ചത്ത നിലയില്‍ കണ്ടെത്തിയത്. പ്രത്യേക ആവാസ വ്യവസ്ഥ തയ്യാറാക്കിയായിരുന്നു മാനുകളെ ഇവിടെ പാര്‍പ്പിച്ചിരുന്നത്. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് പുത്തൂരിലെത്തി മാനുകളുടെ പോസ്റ്റുമോര്‍ട്ടം നടത്തിയത്.

കഴിഞ്ഞ മാസം 29നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പാര്‍ക്ക് ഉദ്ഘാടനം ചെയ്തത്. ദക്ഷിണേന്ത്യയിലെ രണ്ടാമത്തെ വലിയ സുവോളജിക്കല്‍ പാര്‍ക്കാണ് പുത്തൂരില്‍ ഉദ്ഘാടനം കഴിഞ്ഞത്. ജനുവരി ഒന്ന് മുതല്‍ പൊതുജനങ്ങള്‍ക്ക് ഇവിടെ പൂര്‍ണമായും പ്രവേശനമുണ്ടാകും. മുന്നൂറിലേറെ ഏക്കര്‍ വിസ്തൃതിയിലാണ് പാര്‍ക്ക് ഒരുക്കിയത്. ഓസ്‌ട്രേലിയന്‍ സൂ ഡിസൈനറായ ജോണ്‍ കോ ആണ് പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഡിസൈന്‍ ചെയ്തിരിക്കുന്നത്.

Content Highlights: Arun Zachariah about Puthur Zoological park deer died case

dot image
To advertise here,contact us
dot image