ചെങ്കോട്ട സ്‌ഫോടനം; കാറിൽ മാരക സ്‌ഫോടക വസ്തുവായ PETN ഉം?; വിവിധ സംഘങ്ങൾ രൂപീകരിച്ച് വിശദമായ അന്വേഷണത്തിന് NIA

ഫരീദാബാദ് റെയ്ഡിന്റെ പശ്ചാത്തലത്തില്‍ പരിഭ്രാന്തനായ ഉമർ നബി സ്‌ഫോടക വസ്തുക്കള്‍ മാറ്റുന്നതിനിടെ അബദ്ധത്തില്‍ പൊട്ടിത്തെറിച്ചതാകാമെന്നാണ് അന്വേഷണ സംഘം പറയുന്നത്

ചെങ്കോട്ട സ്‌ഫോടനം; കാറിൽ മാരക സ്‌ഫോടക വസ്തുവായ PETN ഉം?; വിവിധ സംഘങ്ങൾ രൂപീകരിച്ച് വിശദമായ അന്വേഷണത്തിന് NIA
dot image

ഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനത്തില്‍ വിശദമായ അന്വേഷണത്തിന് എന്‍ഐഎ. വിവിധ സംഘങ്ങള്‍ രൂപീകരിച്ച് വിശദമായ അന്വേഷണം നടത്താനാണ് എന്‍ഐഎയുടെ തീരുമാനം. ഡല്‍ഹിക്ക് പുറമേ ഹരിയാന, ജമ്മു കശ്മീര്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചും വിശദമായ അന്വേഷണം നടത്തും. കേസ് ഉടന്‍ രജിസ്റ്റര്‍ ചെയ്യും. പ്രാഥമിക പരിശോധനയില്‍ ഡല്‍ഹിയില്‍ നടന്നത് ചാവേര്‍ ആക്രമണമല്ലെന്നാണ് എന്‍ഐഎയുടെ നിഗമനം. ഇക്കാര്യം സ്ഥിരീകരിക്കേണ്ടതുണ്ട്. ഇതിന് പുറമേ കാറിലുണ്ടായിരുന്നത് ഫരീദാബാദ് അല്‍ഫല സര്‍വകലാശാലയിലെ ഡോക്ടര്‍ ഉമര്‍ നബി തന്നെയാണെന്ന് സ്ഥിരീകരിക്കേണ്ടതുണ്ട്. ഇതിനായി കാറില്‍ നിന്ന് ലഭിച്ച മൃതദേഹാവശിഷ്ടങ്ങള്‍ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കും. ഉമറിന്റെ മാതാവിന്റെ ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. പരിശോധനാഫലം ഉടന്‍ ലഭിക്കും.

ഫരീദാബാദ് റെയ്ഡിന്റെ പശ്ചാത്തലത്തില്‍ പരിഭ്രാന്തനായ ഉമർ നബി സ്‌ഫോടക വസ്തുക്കള്‍ മാറ്റുന്നതിനിടെ അബദ്ധത്തില്‍ പൊട്ടിത്തെറിച്ചതാകാമെന്നാണ് അന്വേഷണ സംഘം പറയുന്നത്. സ്‌ഫോടക വസ്തുക്കള്‍ മാറ്റുന്നതിനായാണ് ഉമര്‍ ഡല്‍ഹിയില്‍ എത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. സ്‌ഫോടനം നടക്കുന്ന തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 ഓടെ ഉമര്‍ ഡല്‍ഹിയിലെ കൊണാട്ട് പ്ലേസില്‍ എത്തിയതായി അന്വേഷണ സംഘം പറയുന്നു. ഇതിന് പിന്നാലെ കാര്‍ ഡല്‍ഹിയിലെ തന്നെ മയൂര്‍ വിഹാറില്‍ എത്തി. സെന്‍ട്രല്‍ ഡല്‍ഹിയില്‍ അടക്കം മണിക്കൂറുകള്‍ ഉമര്‍ നബി ചെലവഴിച്ചതായാണ് അന്വേഷണ സംഘം പറയുന്നത്. സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചാണ് അന്വേഷണ സംഘം ഈ നിഗമനത്തില്‍ എത്തിയത്. കാറില്‍ വന്‍ അളവില്‍ സ്‌ഫോടക വസ്തുക്കള്‍ ഉണ്ടായിരുന്നു. ശക്തമായ സ്‌ഫോടക വസ്തുക്കളില്‍ ഒന്നായ പെന്റാ എറിത്രിറ്റോള്‍ ടെട്രാനൈട്രേറ്റ് (PETN) അടക്കം കാറില്‍ ഉണ്ടായിരുന്നതായി സൂചനയുണ്ട്. നിറമില്ലാത്ത, പരല്‍ രൂപത്തിലുള്ള ഇവ പരിശോധനയില്‍ കണ്ടെത്തുക എളുപ്പമല്ല.

അതുകൊണ്ടുതന്നെ വിശദമായ പരിശോധന നടത്തണമെന്നാണ് അന്വേഷണ സംഘം പറയുന്നത്.

ഇന്നലെ വൈകിട്ട് 6.52നായിരുന്നു ചെങ്കോട്ടയ്ക്ക് സമീപം കാറില്‍ സ്ഫോടനം നടന്നത്. തൊട്ടുപിന്നാലെ മറ്റൊരു സ്ഫോടനം കൂടി നടന്നു. 6.55 ഫയര്‍ അലാം ഓണ്‍ ആകുകയും ഏഴ് മണിയോടെ പൊലീസ് സ്ഥലത്ത് എത്തുകയും ചെയ്തു. പിന്നാലെ ഏഴ് ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തി. 7.10 ഓടെ ഫോറന്‍സിക് സംഘം സ്ഥലത്തെത്തി. 7.15 ഓടെ ആദ്യ മരണം സ്ഥിരീകരിച്ചു. ഏഴരയോടെ തീ നിയന്ത്രണവിധേയമാക്കി. ഇന്നലെ എട്ട് പേരുടെ മരണമായിരുന്നു സ്ഥിരീകരിച്ചത്. പിന്നാലെ അഞ്ച് പേരുടെ മരണം കൂടി സ്ഥിരീകരിച്ചു. ഡല്‍ഹി പൊലീസായിരുന്നു കേസ് ആദ്യം അന്വേഷിച്ചത്. ഫരീദാബാദില്‍ നടന്ന റെയ്ഡും ഡല്‍ഹി സ്‌ഫോടനവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്നായിരുന്നു പൊലീസ് അന്വേഷണം നടത്തിയത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സ്‌ഫോടനം നടന്ന കാര്‍ ഓടിച്ചത് ഉമര്‍ നബിയാണെന്ന് വ്യക്തമായത്. ഇതിന് പിന്നാലെ ഉമറിന്റെ പിതാവ്, മാതാവ്, സഹോദരന്മാര്‍ അടക്കം ഏഴ് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഫരീദാബാദില്‍ ഉമറിനൊപ്പം പ്രവര്‍ത്തിച്ച വനിതാ ഡോക്ടര്‍ ഷഹീന്‍ ഷാഹിദ്, മുസമില്‍ ഷകീല്‍, ഉമര്‍ മുഹമ്മദ് എന്നിവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.ഇവരെ ചോദ്യം ചെയ്തുവരികയാണ്. ഷഹീന്റെ സഹോദരനെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ജെയ്‌ഷെ മുഹമ്മദിന്റെ ഇന്ത്യയിലെ വനിതാ വിഭാഗമായ ജമാത് ഉല്‍ മൊമിനാറ്റിന്റെ നേതാവാണ് ഷഹീന്‍ എന്നാണ് അന്വേഷണ സംഘം പറയുന്നത്. ഇക്കാര്യങ്ങള്‍ അന്വേഷണത്തില്‍ സ്ഥിരീകരിക്കേണ്ടതുണ്ട്.

Content Highlights- NIA will registered case on delhi blast soon

dot image
To advertise here,contact us
dot image