

മലയാളികളുടെ പ്രിയപ്പെട്ട നടൻ ദുൽഖർ സൽമാൻ തന്റെ പുതിയ ചിത്രമായ കാന്തയുടെ റിലീസ് തിരക്കുകളിലാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടന്റെ അഭിമുഖങ്ങളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ തന്റെ ഇഷ്ടപ്പെട്ട അഞ്ച് സിനിമകളിൽ പത്തിൽ പത്ത് നൽകുന്നത് ഏതെല്ലാമാണെന്ന് തുറന്ന് പറയുകയാണ് നടൻ. ദി ഹോളിവുഡ് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യം പറഞ്ഞത്.
ആദ്യം തന്നെ ദുൽഖർ പറഞ്ഞത് 1997ൽ പുറത്തിറങ്ങിയ ഗുഡ്‌വിൽ ഹണ്ടിങ് എന്ന ചിത്രമാണ്. ബെൻ അഫ്ലെക്കും മാറ്റ് ഡേമണും പ്രധാന വേഷത്തിൽ എത്തിയ ചിത്രം ആമസോൺ പ്രൈമിൽ സ്ട്രീം ചെയ്യുന്നുണ്ട്. രണ്ടാമത് ദുൽഖർ പറഞ്ഞ സിനിമ 2006ൽ പുറത്തിറങ്ങിയ എ ഗുഡ് ഇയർ എന്ന സിനിമയാണ്. മൂന്നാമത് ഷാരൂഖ് ഖാൻ ചിത്രം ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ എന്ന ബ്ലോക്ക്ബസ്റ്റർ സിനിമയാണ്. ബോളിവുഡിലെ എക്കാലത്തെയും ഹിറ്റ് സിനിമ ഇപ്പോഴും ഒരുപാട് പേരുടെ ഇഷ്ട ചിത്രങ്ങളിൽ ഒന്നാണ്. പിന്നീട് ദുൽഖർ പറഞ്ഞ സിനിമകളും ഹോളിവുഡ് ആയിരുന്നു. 1995ൽ പുറത്തിറങ്ങിയ ഹീറ്റ്, 2013ൽ പുറത്തിറങ്ങിയ എബൌട്ട് ടൈം എന്നീ ചിത്രങ്ങളാണ് അവസാനം പറഞ്ഞത്.
അതേസമയം, ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന സിനിമയാണ് കാന്ത. ചിത്രം നിർമ്മിച്ചിരിക്കുന്നത് ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ്. സിനിമ നവംബർ 14 ന് ആഗോള റിലീസ് ചെയ്യും. അടുത്തിടെ ഇറങ്ങിയ സിനിമയുടെ ട്രെയിലറിന് മികച്ച അഭിപ്രായമായിരുന്നു ലഭിച്ചിരുന്നത്.
ദ ഹണ്ട് ഫോർ വീരപ്പൻ' എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സീരീസ് ഒരുക്കി ശ്രദ്ധ നേടിയ തമിഴ് സംവിധായകനാണ് സെൽവമണി സെൽവരാജ്. 1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് കാന്തയുടെ കഥ അവതരിപ്പിക്കുന്നത്. ഒരുപിടി മികച്ച ചിത്രങ്ങൾ മലയാളത്തിൽ നിർമ്മിച്ചിട്ടുള്ള വേഫേറർ ഫിലിംസ് നിർമ്മിക്കുന്ന ആദ്യ അന്യഭാഷാ ചിത്രം കൂടിയാണ് 'കാന്ത'. തമിഴിൽ ഒരുക്കിയ ഈ ചിത്രം മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും. ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന ചിത്രം കൂടിയാണ് 'കാന്ത'.
Content Highlights: Dulquer Salmaan says about his top rated favourite films