

തിരുവനന്തപുരം: രാജ്യത്ത് കൂടുതല്‍ കടബാധ്യതയുള്ളവരുടെ എണ്ണത്തില്‍ കേരളം (29.9 ശതമാനം) മൂന്നാം സ്ഥാനത്ത്. ദേശീയ സ്റ്റാറ്റിസ്റ്റിക് മന്ത്രാലയത്തിന്റെ അര്‍ധവാര്‍ഷിക ജേര്‍ണലിലാണ് കണക്കുള്ളത്. ഒന്നാമത് ആന്ധ്രപ്രദേശും (43.7) രണ്ടാംസ്ഥാനത്ത് തെലങ്കാന (37.2)യുമാണ്. തമിഴ്‌നാട് (29.4), കര്‍ണ്ണാടക (23.2)യുമാണ് നാലും അഞ്ചും സ്ഥാനത്ത്. കടബാധ്യതയില്‍ രാജ്യത്തെ ദേശീയ ശരാശരി 14.7 ശതമാനമാണ്.
എന്നാല്‍ കടബാധ്യതയും കുടംബത്തിന്റെ സാമ്പത്തിക സ്ഥിതിയും തമ്മില്‍ ബന്ധമുണ്ട്. രാജ്യത്ത് കടബാധ്യത കൂടുതലുള്ളത് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലാണ്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ കുടുംബങ്ങള്‍ക്ക് വായ്പകള്‍ തിരിച്ചടക്കാനുള്ള ശേഷിയും കൂടുതലാണ്. ഇക്കാരണത്താലാണ് കടബാധ്യതയുള്ളവരുടെ എണ്ണവും കൂടുന്നതെന്നാണ് വിലയിരുത്തല്‍. തിരിച്ചടവ് മുടങ്ങാനുള്ള സാധ്യത കുറവെന്നതിനാല്‍ ധനകാര്യസ്ഥാപനങ്ങള്‍ കടമെടുപ്പിനെ പ്രോത്സാഹിപ്പിക്കുന്നുണ്ട്.
എന്തിന് വേണ്ടി വായ്പയെടുത്തുവെന്നതിന്റെ അടിസ്ഥാനത്തില്‍ 'നല്ല വായ്പ', 'മോശം വായ്പ' എന്നിങ്ങനെ കണക്കാക്കുമെന്ന് ഡെവലപ്‌മെന്റ് സ്റ്റഡീസ് സെന്റര്‍ ഡയറക്ടര്‍ സി വീരമണി പറഞ്ഞു. ദൈനംദിന ചെലവുകള്‍ക്കോ ഈടുനില്‍ക്കുന്ന വസ്തുക്കള്‍ക്കോ വേണ്ടിയുള്ളതാണ് വായ്പയെങ്കില്‍ അത് അഭികാമ്യമല്ല. കാറുകള്‍, മൊബൈല്‍ ഫോണുകള്‍ എന്നിവ പോലുള്ളവയുടെ ഉപഭോഗം കേരളത്തില്‍ കൂടുതലാണ്. അതിവേഗം വളരുന്ന ഡിജിറ്റല്‍ വായ്പാ വിപണി, ക്രെഡിറ്റ് കാര്‍ഡുകളുടെ എളുപ്പത്തിലുള്ള ലഭ്യത, ഇഎംഐ ഓഫറുകള്‍ എന്നിവ ഉയര്‍ന്ന തോതിലുള്ള കടത്തിന് കാരണമാകാമെന്നും അദ്ദേഹം പറഞ്ഞു.
പ്രധാന സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും കണക്കെടുക്കുമ്പോള്‍ ഏറ്റവും കുറഞ്ഞകടബാധ്യത രേഖപ്പെടുത്തിയത് ഡല്‍ഹിയിലാണ്. (3.4 ശതമാനം). തൊട്ടുപിന്നില്‍ ഛത്തീസ്ഗഡ്, അസം, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളാണ്.
Content Highlights: NSO study finds Nearly three in ten indebted in Kerala