ഹലാൽ സർട്ടിഫൈഡ് ഉൽപന്നങ്ങൾ വാങ്ങരുത്, ആ ലാഭം അവർ ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നു: യോഗി ആദിത്യനാഥ്

ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ ഉപയോഗിച്ച് 25,000 കോടിയുടെ കൊളള ലാഭമുണ്ടാക്കിയെന്നും നിയമങ്ങള്‍ കാറ്റില്‍ പറത്തുകയാണെന്നും യുപി മുഖ്യമന്ത്രി ആരോപിച്ചു

ഹലാൽ സർട്ടിഫൈഡ് ഉൽപന്നങ്ങൾ വാങ്ങരുത്, ആ ലാഭം അവർ ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നു: യോഗി ആദിത്യനാഥ്
dot image

ലക്‌നൗ: ഹലാല്‍ സര്‍ട്ടിഫൈഡ് ഉല്‍പന്നങ്ങള്‍ വാങ്ങരുതെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്ത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഹലാല്‍ ഉല്‍പനങ്ങളിലൂടെ ലഭിക്കുന്ന ലാഭം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുകയാണെന്നും ഭീകരവാദം, നിര്‍ബന്ധിത മത പരിവര്‍ത്തനം, ലവ് ജിഹാദ് എന്നിവയ്ക്കായാണ് ഈ പണം ഉപയോഗിക്കുന്നതെന്നും യോഗി ആദിത്യനാഥ് ആരോപിച്ചു. ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ ഉപയോഗിച്ച് 25,000 കോടിയുടെ കൊളള ലാഭമുണ്ടാക്കിയെന്നും നിയമങ്ങള്‍ കാറ്റില്‍പറത്തുകയാണെന്നും യുപി മുഖ്യമന്ത്രി ആരോപിച്ചു. ഗോരഖ്പൂരില്‍ നടന്ന ആര്‍എസ്എസ് പരിപാടിയിലായിരുന്നു യോഗി ആദിത്യനാഥിന്റെ വിവാദ പരാമര്‍ശം.

'നിങ്ങള്‍ എന്ത് വാങ്ങുമ്പോഴും അതില്‍ ഹലാല്‍ സര്‍ട്ടിഫൈഡ് ടാഡ് ഇല്ലെന്ന് ഉറപ്പുവരുത്തണം. വസ്ത്രങ്ങളിലും സോപ്പുകളിലും തീപ്പെട്ടിയിലും വരെ ഇപ്പോള്‍ ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ ടാഗ് വരുന്നുണ്ട്. ഉത്തര്‍പ്രദേശില്‍ അതിന് ആരും ധൈര്യപ്പെടില്ല. എന്നാല്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഔദ്യോഗിക അംഗീകാരം ഇല്ലാതിരുന്നിട്ടുപോലും ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ ഉപോയഗിച്ച് അവര്‍ 25,000 കോടി രൂപ ലാഭമുണ്ടാക്കി. ഈ പണമെല്ലാം ഇന്ത്യയിലെ തീവ്രവാദ പ്രവര്‍ത്തനത്തിനും ലവ് ജിഹാദിനും മതപരിവര്‍ത്തനത്തിനുമായി ഉപയോഗിക്കുകയാണ്': യോഗി ആദിത്യനാഥ് പറഞ്ഞു.

ഇന്ത്യന്‍ ഉപയോക്താക്കളെ ഹലാല്‍ സര്‍ട്ടിഫിക്കേഷന്റെ പേരില്‍ ചൂഷണം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും ചങ്കുര്‍ ബാബയെപ്പോലുളളവരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. രാജ് ഭവനിലും മുഖ്യമന്ത്രിയുടെ വസതിയിലും നടന്നുവന്നിരുന്ന ഈദ് മിലന്‍ അവസാനിപ്പിച്ചതിനെക്കുറിച്ചും യോഗി പ്രതികരിച്ചു. 'ഞാന്‍ മുഖ്യമന്ത്രിയായ സമയത്ത് മുഖ്യമന്ത്രിയുടെ വസതിയിലും രാജ് ഭവനിലും ഈദ് മിലന്‍ പരിപാടി സംഘടിപ്പിക്കുന്ന രീതിയുണ്ടായിരുന്നു. എന്നാല്‍ അവിടെ ഹോളിയോ ദീപാവലിയോ ആഘോഷിക്കുന്നുണ്ടായിരുന്നില്ല. ഇന്ത്യ മതേതര പാരമ്പര്യമുളള രാജ്യമാണ്. അത് മുഖ്യമന്ത്രിയുടെ വസതിയും രാജ് ഭവനുമെല്ലാം പിന്തുടരേണ്ടതാണ്. അത്തരം പരിപാടികള്‍ നാം സംഘടിപ്പിക്കേണ്ടതില്ല.': യോഗി ആദിത്യനാഥ് കൂട്ടിച്ചേര്‍ത്തു.

Content Highlights: Don't buy halal certified products, they use those profits for anti-national activities:yogi adithyanath

dot image
To advertise here,contact us
dot image