
ന്യൂഡല്‍ഹി: കേരളത്തിലെ യൂത്ത് കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് നേതൃതലത്തിലേക്ക് വിവിധ ആളുകളെ തെരഞ്ഞെടുത്ത തീരുമാനം പുനപരിശോധിക്കില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ഉദയ് ഭാനു ചിബ്. വോട്ടും തീരുമാനവുമായി ബന്ധമില്ലെന്ന് ഉദയ് ഭാനു മാധ്യമങ്ങളോട് പറഞ്ഞു. അങ്ങനെ ഒരു തീരുമാനം കീഴ് വഴക്കമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സമാന തീരുമാനം മറ്റ് സംസ്ഥാനങ്ങളിലും എടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ജാതി സമവാക്യം നോക്കിയില്ല. ഒരു നേതാവിന്റെയും സമ്മര്‍ദ്ദം പുതിയ തീരുമാനത്തിന് പിന്നില്‍ ഇല്ല. വര്‍ക്കിംഗ് പ്രസിഡന്റുമാര്‍ യൂത്ത് കോണ്‍ഗ്രസില്‍ പതിവാണ്. പല സംസ്ഥാനങ്ങളിലും വര്‍ക്കിംഗ് പ്രസിഡന്റുമാരുണ്ട്', ഉദയ് ഭാനു പറഞ്ഞു. അബിൻ വർക്കിയുടെ പരാതി ലഭിച്ചില്ലെന്നും അദ്ദേഹത്തെ കേൾക്കാൻ തയ്യാറാണെന്നും ഉദയ് ഭാനു കൂട്ടിച്ചേർത്തു. യൂത്ത് കോൺഗ്രസ് ഒരു കുടുംബമാണെന്നും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് വിവാദങ്ങളെ തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ രാജിവെച്ച യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് അഡ്വ. ഒ ജെ ജനീഷിനെ ചുമതലപ്പെടുത്തിയത്. ബിനു ചുള്ളിയിലിനെ വര്‍ക്കിംഗ് പ്രസിഡന്റായും നിയോഗിച്ചു. കേരളത്തില്‍ ആദ്യമായാണ് യൂത്ത് കോണ്‍ഗ്രസിന് വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനം വരുന്നത്. പിന്നാലെ ഉപാധ്യക്ഷനായ അബിന്‍ വര്‍ക്കിക്ക് അധ്യക്ഷ സ്ഥാനം നല്‍കാത്തതില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
സാമുദായിക സമവാക്യമാണ് സംഘടനാ തെരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്തെത്തിയ അബിന്‍ വര്‍ക്കിക്ക് തിരിച്ചടിയായതെന്നായിരുന്നു വിലയിരുത്തല്‍. മാത്രവുമല്ല അബിന്‍ വര്‍ക്കിയെയും കെഎം അഭിജിത്തിനെയും ദേശീയ സെക്രട്ടറിമാരായി ചുമതലപ്പെടുത്തുകയും ചെയ്തു. എന്നാല്‍ തനിക്ക് കേരളത്തില്‍ തുടരാനാണ് താല്‍പര്യമെന്ന് അബിന്‍ വര്‍ക്കി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
'രാഹുല്‍ ഗാന്ധിയോട് കടപ്പെട്ടിരിക്കുന്നു. കഴിഞ്ഞ തവണ മത്സരിക്കാനായി. 170000 വോട്ടുകളാണ് നേടിയത്. കോണ്‍ഗ്രസ് എന്ന ടാഗ് വന്നാലേ ഞാന്‍ ഉള്ളൂ. അതിനെ കളങ്കപ്പെടുത്തുന്ന ഒന്നും ഉണ്ടാകില്ല. കേരളത്തില്‍ പ്രവര്‍ത്തനം തുടരണമെന്നാണ് ആഗ്രഹം. കോണ്‍ഗ്രസ് വികാരം മാത്രമാണ് ഉള്ളത്. ആ അഡ്രസ് മാത്രമാണ് ഉള്ളത്. സഹപ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ എന്നോടൊപ്പം നിന്നു. പാര്‍ട്ടി തീരുമാനത്തെ മറിച്ച് പറയില്ല. സ്ഥാനമാനമല്ല പ്രധാനം', അബിന്‍ വര്‍ക്കി മാധ്യമങ്ങളോട് പറഞ്ഞു.
പാര്‍ട്ടി തീരുമാനം തെറ്റാണെന്ന് താന്‍ പറയില്ലെന്നും അബിന്‍ വര്‍ക്കി കൂട്ടിച്ചേര്‍ത്തു. തന്നെ വെട്ടി തുണ്ടമാക്കിയാലും പാര്‍ട്ടി തന്നെയാണ് വലുത്. വെല്ലുവിളിക്കാന്‍ ഇല്ല. അഭ്യര്‍ത്ഥന മുന്നോട്ട് വെക്കുകയാണ്. ജനീഷ് യോഗ്യനാണ്. യൂത്ത് കോണ്‍ഗ്രസില്‍ ആരും അയോഗ്യരല്ല. മതേതരത്വം മുറുകെ പിടിച്ച് മുന്നോട്ടുപോകുന്നവരാണ്. സ്ഥാനം ഇല്ലെങ്കിലും താന്‍ യൂത്ത്‌കോണ്‍ഗ്രസില്‍ ഉണ്ടാകുമെന്നും അബിന്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: Youth Congress national president about state president post