ബിഹാർ തെരഞ്ഞെടുപ്പ്: 15 സീറ്റ് ഇല്ലെങ്കിൽ മത്സരിക്കാനില്ലെന്ന് ജിതൻ റാം മാഞ്ചി; NDA സീറ്റ് വിഭജനത്തിൽ ഭിന്നത

'ഞങ്ങള്‍ എപ്പോഴും എന്‍ഡിഎയെ പിന്തുണച്ചിട്ടുണ്ട്. ഞങ്ങള്‍ക്ക് അര്‍ഹിക്കുന്ന ബഹുമാനം ലഭിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടത് അവരുടെ കടമയാണ്'

ബിഹാർ തെരഞ്ഞെടുപ്പ്: 15 സീറ്റ് ഇല്ലെങ്കിൽ മത്സരിക്കാനില്ലെന്ന് ജിതൻ റാം മാഞ്ചി; NDA സീറ്റ് വിഭജനത്തിൽ ഭിന്നത
dot image

പട്‌ന: ബിഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എന്‍ഡിഎയുടെ സീറ്റ് വിഭജനത്തില്‍ ഭിന്നത. തന്റെ ജനങ്ങള്‍ വളരെ കാലമായി അപമാനിക്കപ്പെടുകയാണെന്നും കുറഞ്ഞത് 15 സീറ്റുകളെങ്കിലും അനുവദിച്ചില്ലെങ്കില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നുമാണ് ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ച (എച്ച്എഎം) നേതാവും കേന്ദ്രമന്ത്രിയുമായ ജിതന്‍ റാം മാഞ്ചി പറഞ്ഞത്.

'15 സീറ്റുകള്‍ ലഭിച്ചില്ലെങ്കില്‍ ഞങ്ങള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. എനിക്ക് അപമാനം തോന്നുന്നു. ഞങ്ങളുടെ ആളുകള്‍ അവഗണിക്കപ്പെട്ടു. ഞങ്ങള്‍ എപ്പോഴും എന്‍ഡിഎയെ പിന്തുണച്ചിട്ടുണ്ട്. ഞങ്ങള്‍ക്ക് അര്‍ഹിക്കുന്ന ബഹുമാനം ലഭിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടത് അവരുടെ കടമയാണ്. പതിനഞ്ച് സീറ്റ് ലഭിച്ചാല്‍ അതില്‍ 8-9 സീറ്റുകളിലെങ്കിലും വിജയിക്കാന്‍ ഞങ്ങള്‍ക്ക് കഴിയും. സീറ്റ് വിഭജനത്തില്‍ ഞങ്ങളുടെ ഭാഗത്തുനിന്നും പ്രശ്‌നങ്ങളൊന്നുമില്ല. നിയമസഭയില്‍ ഞങ്ങളുടെ പാര്‍ട്ടിക്ക് ഔദ്യോഗിക പദവി ലഭിക്കുന്നതിന് ആവശ്യമായ സീറ്റുകള്‍ മാത്രമാണ് ആവശ്യപ്പെടുന്നത്. ഒരു സീറ്റില്‍ പോലും മത്സരിച്ചില്ലെങ്കിലും എന്‍ഡിഎയില്‍ തുടരും': എന്നാണ് മാഞ്ചി പറഞ്ഞത്.

ജിതന്‍ റാം മാഞ്ചിക്ക് പിന്നാലെ ലോക് ജനശക്തി പാര്‍ട്ടിയും സീറ്റുകളില്‍ അവകാശവാദവുമായി രംഗത്തെത്തിയിട്ടുണ്ട്. 45 മുതല്‍ 50 വരെ സീറ്റുകള്‍ വേണമെന്നാണ് പാര്‍ട്ടി മേധാവി ചിരാഗ് പാസ്വാന്‍ ആവശ്യപ്പെടുന്നത്. അത് ലഭിക്കാത്ത പക്ഷം ചിരാഗ് പാസ്വാന്‍ പ്രശാന്ത് കിഷോറിന്റെ പാര്‍ട്ടിയുമായി ചേര്‍ന്ന് മത്സരിച്ചേക്കുമെന്നും റിപ്പോര്‍ട്ടണ്ട്. മുതിര്‍ന്ന ബിജെപി നേതാക്കള്‍ വീട്ടിലെത്തി കണ്ടെങ്കിലും ചിരാഗ് പാസ്വാന്‍ അനുനയത്തിന് വഴങ്ങാത്തതാണ് എന്‍ഡിഎയിലെ പ്രതിസന്ധി. പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജ് പാര്‍ട്ടി നാളെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും.

അതേസമയം, 50 കോണ്‍ഗ്രസ് സീറ്റുകളില്‍ ധാരണയായതായാണ് വിവരം. ആര്‍ജെഡി നേതാവ് തേജസ്വി യാദവ് രണ്ട് സീറ്റുകളില്‍ മത്സരിച്ചേക്കും. സിറ്റിംഗ് സീറ്റായ രാഘോപൂറിന് പുറമേ ഫുല്‍പരസ് മണ്ഡലത്തിലാകും തേജസ്വി മത്സരിക്കുക. ജെഡിയു സ്വാധീന മേഖലയായ ഫുല്‍പരസില്‍ മത്സരിക്കുന്നത് ഗുണകരമാകും എന്നാണ് വിലയിരുത്തല്‍. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഇതുവരെ അനുനയത്തിന് വഴങ്ങിയിട്ടില്ല. 2020-ല്‍ 70 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസിന് 19 സീറ്റുകളില്‍ മാത്രമാണ് വിജയിക്കാനായത്. ഇത്തവണ കോണ്‍ഗ്രസിന് 55 സീറ്റുകള്‍ മാത്രമേ നല്‍കാനാവൂ എന്നാണ് ആര്‍ജെഡിയുടെ നിലപാട്. 10 സീറ്റുകള്‍ കൂടി വേണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യത്തില്‍ ചര്‍ച്ച തുടരുകയാണ്.

Content Highlights: Jitan Ram Manjhi says his party won't contest unless given 15 seats: Crisis in NDA seat sharing

dot image
To advertise here,contact us
dot image