വിജയ്‌യുടെ കരൂര്‍ സന്ദര്‍ശനം: യാത്രാ അനുമതിക്കും സുരക്ഷയ്ക്കും ജില്ലാ പൊലീസ് മേധാവിയെ സമീപിക്കാമെന്ന് ഡിജിപി

ടിവികെ നൽകിയ അപേക്ഷയിലാണ് ഡിജിപിയുടെ മറുപടി

വിജയ്‌യുടെ കരൂര്‍ സന്ദര്‍ശനം: യാത്രാ അനുമതിക്കും സുരക്ഷയ്ക്കും ജില്ലാ പൊലീസ് മേധാവിയെ സമീപിക്കാമെന്ന് ഡിജിപി
dot image

ചെന്നൈ: തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ്‌യുടെ കരൂര്‍ സന്ദര്‍ശനവുമായി ബന്ധപ്പെട്ട അപേക്ഷയില്‍ മറുപടി നല്‍കി ഡിജിപി ജി വെങ്കട്ടരാമന്‍. യാത്രാ അനുമതിക്കും സുരക്ഷയ്ക്കുമായി കരൂര്‍ ജില്ലാ പൊലീസ് മേധാവിയെ സമീപിക്കാമെന്ന് ഡിജിപി മറുപടി നല്‍കി. യാത്രാ വിവരങ്ങള്‍ ലഭിച്ചാല്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ഡിജിപി പറഞ്ഞു. കരൂര്‍ സന്ദര്‍ശനത്തിന് അനുമതി തേടി തമിഴക വെട്രി കഴകം നേതൃത്വം ഡിജിപിക്ക് അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇതിലാണ് മറുപടി.

കൃത്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാതെ വിജയ് ഇനി പൊതുജനങ്ങളെ അഭിസംബോധന ചെയ്യില്ലെന്ന് ടിവികെയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ ജി അനുരാജ് പറഞ്ഞു. അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ നേരിട്ട് കാണാന്‍ വിജയ് തീരുമാനിച്ചിട്ടുണ്ട്. അനുമതി ലഭിച്ചാല്‍ ഉടന്‍ അദ്ദേഹം അവിടേയ്ക്ക് തിരിക്കും. അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളുമായി കഴിഞ്ഞ രണ്ട് ദിവസം വിജയ് വീഡിയോ കോളിലൂടെ സംസാരിച്ചിരുന്നു. ഇതുവരെ 33 പേരുടെ കുടുംബാംഗങ്ങളുമായി സംസാരിച്ചു. എന്ത് നല്‍കിയാലും നഷ്ടത്തിന് പരിഹാരമാകില്ലെന്ന് വിജയ് കുടുംബാംഗങ്ങളോട് പറഞ്ഞു. ഉടന്‍ തന്നെ നേരിട്ട് കാണുമെന്ന് അദ്ദേഹം കുടുംബാംഗങ്ങളെ അറിയിച്ചുവെന്നും അനുരാജ് പറഞ്ഞു.

അതിനിടെ കരൂര്‍ ദുരന്തം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപവത്ക്കരിച്ച മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ ടിവികെ സുപ്രീംകോടതിയെ സമീപിച്ചു. ടിവികെയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ആധവ് അര്‍ജുനയാണ് ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജി നാളെ പരിഗണിക്കണം എന്നായിരുന്നു ആവശ്യം. എന്നാല്‍ സുപ്രീംകോടതി ഇത് തള്ളി. വെള്ളിയാഴ്ച മറ്റ് ഹര്‍ജികളോടൊപ്പം ഇതും പരിഗണിക്കും.

അതേസമയം, 41 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിൽ ഐജി അസ്ര ഗാര്‍ഗിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. രണ്ട് വനിതാ എസ്പിമാരുള്‍പ്പെടെ പന്ത്രണ്ട് പൊലീസ് ഉദ്യോഗസ്ഥരാണ് സംഘത്തില്‍ ഉള്ളത്. ഞായറാഴ്ച രാവിലെ കരൂര്‍ പൊലീസ് കേസിന്റെ ഫയര്‍ ഐജി അസ്ര ഗാര്ഡഗിന് കൈമാറിയിരുന്നു. തുടര്‍ന്ന് ദുരന്തം നടന്ന കരൂരിലെ വേലുച്ചാമിപുരവും സമീപ പ്രദേശങ്ങളും അന്വേഷണ സംഘം സന്ദര്‍ശിച്ചിരുന്നു. അടുത്ത ദിവസം പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നീക്കം.

സെപ്തംബര്‍ 27 ന് വൈകിട്ടായിരുന്നു രാജ്യത്തെ നടുക്കിയ ദുരന്തമുണ്ടായത്. ടിവികെയുടെ പരിപാടിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 41 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. നിശ്ചയിച്ചതിലും ആറ് മണിക്കൂര്‍ വൈകി വൈകിട്ട് ഏഴ് മണിയോടെയായിരുന്നു വിജയ് പരിപാടിക്ക് എത്തിയത്. ഈ സമയമത്രയും ഭക്ഷണവും വെള്ളവുമില്ലാതെ ആളുകള്‍ കാത്തുനിന്നു. വിജയ് പ്രസംഗം ആരംഭിച്ച് അല്‍പസമയം കഴിഞ്ഞപ്പോള്‍ തന്നെ ആളുകള്‍ തളര്‍ന്നുതുടങ്ങി. സ്ഥലത്തുണ്ടായിരുന്ന പൊലീസും ടിവികെ പ്രവര്‍ത്തകരും അടക്കമുള്ളവര്‍ ആളുകളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആദ്യ ദിനം 38 പേരായിരുന്നു മരിച്ചത്. പത്ത് കുട്ടികള്‍, പതിനാറ് സ്ത്രീകള്‍, പന്ത്രണ്ട് പുരുഷന്മാര്‍ എന്നിങ്ങനെയായിരുന്നു മരണ സംഖ്യ. പിന്നീട് മൂന്ന് മരണം കൂടി സ്ഥിരീകരിക്കുകയായിരുന്നു.

Content Highlights- Tamil nadu dgp reply to tvk over application for vijays visit in karur

dot image
To advertise here,contact us
dot image