ദിവ്യശക്തിയുടെ പ്രേരണ, എങ്ങനെ വെറുതെയിരിക്കാനായെന്ന് ദൈവം ചോദിച്ചു; ഗവായ്ക്കെതിരെ ഷൂ എറിയാന്‍ശ്രമിച്ച അഭിഭാഷകൻ

ഖജുരാഹോ ജവാരി ക്ഷേത്രം സംബന്ധിച്ച വിധിക്ക് ശേഷം തനിക്ക് ഉറങ്ങാന്‍ കഴിഞ്ഞിട്ടില്ലെന്നും ഇത്തരമൊരു വിധി കേട്ടിട്ട് എങ്ങനെ വെറുതെയിരിക്കാന്‍ കഴിയുന്നെന്ന് എല്ലാ രാത്രിയും ദൈവം തന്നോട് ചോദിച്ചെന്നും പ്രതി

ദിവ്യശക്തിയുടെ പ്രേരണ, എങ്ങനെ വെറുതെയിരിക്കാനായെന്ന് ദൈവം ചോദിച്ചു; ഗവായ്ക്കെതിരെ ഷൂ എറിയാന്‍ശ്രമിച്ച അഭിഭാഷകൻ
dot image

ന്യൂഡല്‍ഹി: കോടതി മുറിക്കുളളില്‍ ചീഫ് ജസ്റ്റിസിന് നേരെ ഷൂസെറിയാന്‍ ശ്രമിച്ചതില്‍ കുറ്റബോധമില്ലെന്ന് പ്രതി രാകേഷ് കിഷോര്‍. തനിക്ക് പിന്നില്‍ ദിവ്യശക്തിയുടെ പ്രേരണയുണ്ടെന്നും അഭിഭാഷകന്‍ കൂടിയായ പ്രതി പറഞ്ഞു. ഖജുരാഹോ ജവാരി ക്ഷേത്രം സംബന്ധിച്ച വിധിക്ക് ശേഷം തനിക്ക് ഉറങ്ങാന്‍ കഴിഞ്ഞിട്ടില്ലെന്നും ഇത്തരമൊരു വിധി കേട്ടിട്ട് എങ്ങനെ വെറുതെയിരിക്കാന്‍ കഴിയുന്നെന്ന് എല്ലാ രാത്രിയും ദൈവം തന്നോട് ചോദിച്ചെന്നുമായിരുന്നു പ്രതിയുടെ വിചിത്ര വാദം.

കഴിഞ്ഞ ദിവസമായിരുന്നു കോടതി മുറിക്കുള്ളില്‍ ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായിക്ക് നേരെ ഷൂസെറിയാന്‍ ശ്രമമുണ്ടായത്. അഭിഭാഷകന്‍ രാകേഷ് കിഷോറിനെ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സസ്പെന്‍ഡ് ചെയ്തിരുന്നു. രാകേഷ് കിഷോറിന്റെ പ്രവര്‍ത്തി കടുത്ത അച്ചടക്ക ലംഘനമാണെന്ന് സസ്പെന്‍ഷന്‍ ഉത്തരവില്‍ ഒപ്പിട്ട ബിസിഐ ചെയര്‍മാന്‍ മനാന്‍ കുമാര്‍ മിശ്ര അഭിപ്രായപ്പെട്ടത്. സുപ്രീംകോടതി ബാര്‍ അസോസിയേഷനും സുപ്രീംകോടതി അഡ്വക്കേറ്റസ്-ഓണ്‍-റെക്കോര്‍ഡ് അസോസിയേഷനും നടപടിയെ അപലപിച്ചു.

ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായിയുടെ കോടതിയിലായിരുന്നു സംഭവം നടന്നത്. ജഡ്ജിമാരുടെ ഡയസിനടുത്തെത്തി രാകേഷ് കിഷോര്‍ ഷൂ ഊരി ചീഫ് ജസ്റ്റിസിനെ എറിയാന്‍ ശ്രമിക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ സമയോചിതമായി ഇടപെട്ട് അഭിഭാഷകനെ പുറത്തേക്ക് കൊണ്ടുപോവുകയായിരുന്നു. 'സനാതന ധര്‍മ്മത്തിന് നേരെയുള്ള അപമാനം ഇന്ത്യ വെച്ചുപൊറുപ്പിക്കില്ല' എന്ന് വിളിച്ചുപറഞ്ഞാണ് രാകേഷ് കിഷോര്‍ ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായിക്ക് നേരെ ഷൂ എറിയാന്‍ ശ്രമിച്ചത്. എന്നാല്‍ അഭിഭാഷകനെതിരെ കേസെടുക്കേണ്ട എന്ന നിലപാടാണ് ചീഫ് ജസ്റ്റിസ് സ്വീകരിച്ചത്. ഇതേത്തുടര്‍ന്ന് അഭിഭാഷകന്‍ രാകേഷ് കിഷോറിനെ ദില്ലി പൊലീസ് ഇന്നലെ തന്നെ വിട്ടയച്ചിരുന്നു.

ഖജുരാഹോ ജവാരി ക്ഷേത്രത്തിലെ വിഷ്ണു വിഗ്രഹം പുനസ്ഥാപിക്കണമെന്ന ആവശ്യത്തില്‍ ഗവായ് നടത്തിയ പരാമര്‍ശം ചര്‍ച്ചയായിരുന്നു. വിഗ്രഹം പുനസ്ഥാപിക്കണമെന്ന ആവശ്യം വിഷ്ണു ഭഗവാനോട് തന്നെ പറയൂവെന്നായിരുന്നു സുപ്രീം കോടതിയുടെ മറുപടി. വിഗ്രഹം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മധ്യപ്രദേശ് സ്വദേശി രാകേഷ് ദലാല്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ചായിരുന്നു അന്ന് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം. വിഗ്രഹം പുനപ്രതിഷ്ഠിക്കാത്തത് വിശ്വാസിയുടെ മൗലികാവകാശ ലംഘനമാണ് എന്ന വാദം സുപ്രീംകോടതി അംഗീകരിച്ചിരുന്നില്ല. ഇത് സമൂഹമാധ്യമങ്ങളില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. ചീഫ് ജസ്റ്റിസ് മതവികാരം വ്രണപ്പെടുത്തിയെന്നായിരുന്നു ആരോപണം.

ഷൂ എറിയാൻ ശ്രമിച്ച സംഭവത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം അപലപിച്ചിരുന്നു. ബി ആര്‍ ഗവായിയുമായി താന്‍ സംസാരിച്ചെന്നും രാജ്യത്ത് ഇത്തരം നിന്ദ്യമായ പ്രവൃത്തികള്‍ക്ക് സ്ഥാനമില്ലെന്നും നരേന്ദ്രമോദി പറഞ്ഞു. ചീഫ് ജസ്റ്റിസിന് നേരെയുണ്ടായ ആക്രമണം അപലപനീയമാണെന്നും അദ്ദേഹം വ്യക്തമാക്കി. എക്‌സിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.

ചീഫ് ജസ്റ്റിസിനെതിരായ ആക്രമണം രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥയുടെ അന്തസിനും ഭരണഘടനയുടെ ആത്മാവിനും നേരെയുളള ആക്രമണമാണെന്നായിരുന്നു ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. അത്തരം വിദ്വേഷങ്ങള്‍ക്ക് രാജ്യത്ത് സ്ഥാനമില്ലെന്നും അവ അപലപിക്കപ്പെടേണ്ടതാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ചീഫ് ജസ്റ്റിസിനു നേരെയുളള ആക്രമണം നീതിന്യായ വ്യവസ്ഥയുടെയും നിയമവാഴ്ച്ചയുടെയും നേരെയുളള ആക്രമണമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും പറഞ്ഞു. 

സംഘപരിവാര്‍ നട്ടുവളര്‍ത്തിയ വിദ്വേഷത്തിന്റെ വിഷമാണ് സുപ്രീംകോടതിയില്‍ ചീഫ് ജസ്റ്റിസിന് നേരെ ചീറ്റിയതെന്നായിരുന്നു സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം.

Content Highlights: Accused Kishore Rakesh pleads not guilty to trying to throw shoes at Chief Justice inside courtroom

dot image
To advertise here,contact us
dot image