
ന്യൂഡല്‍ഹി: ബിഹാറില്‍ ബൂര്‍ഖ ധരിച്ച് പോളിംഗ് ബൂത്തിലെത്തുന്നവരെ തിരിച്ചറിയാന്‍ മുഴുവന്‍ പോളിംഗ് ബൂത്തിലും അങ്കണവാടി ജീവനക്കാരെ പ്രത്യേകം ചുമതലപ്പെടുത്തുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍. ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ക്യത്യമായ മാര്‍ഗനിര്‍ദേശ രേഖ തയ്യാറാക്കിയിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു. ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച വാര്‍ത്താസമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഇക്കാര്യം അറിയിച്ചത്.
വോട്ട് ചെയ്യാനായി ബൂര്‍ഖ ധരിച്ചെത്തുന്ന സ്ത്രീകളുടെ മുഖം വോട്ടര്‍ കാര്‍ഡുമായി ഒത്തുനോക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് കഴിഞ്ഞദിവസം ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ജയ്‌സ്വാള്‍ ആവശ്യപ്പെട്ടിരുന്നു. നവംബര്‍ 6നും 11നുമായി രണ്ട് ഘട്ടങ്ങളായാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുക. നവംബര്‍ 14ന് ബിഹാറിന്റെ ജനവിധി എന്തെന്ന് അറിയാം.
ഏഴ് കോടി 43 ലക്ഷം വോട്ടര്‍മാരാണ് ബിഹാറില്‍ ആകെയുള്ളത്. ഇതില്‍ 3 കോടി 92 ലക്ഷം പുരുഷന്മാരും 3 കോടി 50 ലക്ഷം സ്ത്രീവോട്ടര്‍മാരുമാണ്. ആദ്യഘട്ട വോട്ടെടുപ്പിനായി പത്രിക നല്‍കേണ്ട അവസാന തിയതി ഒക്ടോബര്‍ 17ഉം രണ്ടാംഘട്ട വോട്ടെടുപ്പിന് ഒക്ടോബര്‍ 20മാണ്.
എസ്‌ഐആറിലൂടെ ശുദ്ധീകരിച്ച വോട്ടര്‍ പട്ടികയാണ് ഇപ്പോള്‍ ബിഹാറില്‍ ഉള്ളതെന്നും കമ്മീഷന്‍ ഇന്ന് പറഞ്ഞു. വോട്ടര്‍ പട്ടികയില്‍ നിന്നും പുറത്തായവരുണ്ടെങ്കില്‍ രേഖകളുമായി സമീപിച്ചാല്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കേണ്ട തിയതിക്ക് പത്ത് ദിവസം മുമ്പ് വരെ അത് തിരുത്താന്‍ മാര്‍ഗ്ഗമുണ്ടെന്നും കമ്മീഷന്‍ അറിയിച്ചു. പുതിയ വോട്ടര്‍മാര്‍ക്ക് 15 ദിവസത്തിനകം തന്നെ വോട്ടര്‍ ഐഡി കാര്‍ഡുകള്‍ ലഭക്കുന്ന തരത്തിലാണ് ഇത്തവണ നടപടികള്‍ പൂര്‍ത്തിയാക്കിയത്. അക്രമങ്ങള്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കും. മൊബൈല്‍ ഫോണുകളുമായി എത്തുന്ന വോട്ടര്‍മാര്‍ക്ക് പോളിംഗ് ബൂത്തിന് പുറത്ത് അത് സൂക്ഷിക്കാനുള്ള പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തും. ആകെയുള്ള 243 മണ്ഡലങ്ങളിലും സംസ്ഥാനത്തിന് പുറത്തുനിന്നുള്ള സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥരെ പ്രത്യേക നിരീക്ഷകരായി നിയമിച്ചുകൊണ്ടാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പെന്നും മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു.
Content Highlights: Anganwadi workers to help verify identity of burqa clad voters at booths Said CEC