ചീഫ് ജസ്റ്റിസിനെതിരായ ആക്രമണം നീതിന്യായ വ്യവസ്ഥയ്ക്കും ഭരണഘടനയുടെ ആത്മാവിനും നേരെയുളള അതിക്രമം: രാഹുല്‍ ഗാന്ധി

ഇത്തരം വിദ്വേഷങ്ങള്‍ക്ക് രാജ്യത്ത് സ്ഥാനമില്ലെന്നും അവ അപലപിക്കപ്പെടേണ്ടതാണെന്നും രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു

ചീഫ് ജസ്റ്റിസിനെതിരായ ആക്രമണം നീതിന്യായ വ്യവസ്ഥയ്ക്കും ഭരണഘടനയുടെ ആത്മാവിനും നേരെയുളള അതിക്രമം: രാഹുല്‍ ഗാന്ധി
dot image

ന്യൂഡൽഹി: കോടതി മുറിക്കുളളില്‍ ചീഫ് ജസ്റ്റിസിന് നേരെ ഷൂസെറിയാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതികരണവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ചീഫ് ജസ്റ്റിസിനെതിരായ ആക്രമണം രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥയുടെ അന്തസിനും ഭരണഘടനയുടെ ആത്മാവിനും നേരെയുളള ആക്രമണമാണെന്ന് രാഹുല്‍ ഗാന്ധി വിമർശിച്ചു. അത്തരം വിദ്വേഷങ്ങള്‍ക്ക് രാജ്യത്ത് സ്ഥാനമില്ലെന്നും അവ അപലപിക്കപ്പെടേണ്ടതാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. എക്‌സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ചീഫ് ജസ്റ്റിസിനു നേരെയുളള ആക്രമണം നീതിന്യായ വ്യവസ്ഥയുടെയും നിയമവാഴ്ച്ചയുടെയും നേരെയുളള ആക്രമണമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയും പറഞ്ഞു. സത്യസന്ധതയിലൂടെയും സ്ഥിരോത്സാഹത്തിലൂടെയും രാജ്യത്തിന്റെ പരമോന്നത നീതിന്യായ പദവിയിലേക്ക് എത്തിയ ചീഫ് ജസ്റ്റിസിനെ ഇത്തരത്തില്‍ ആക്രമിക്കുന്നത് അസ്വസ്ഥതയുളവാക്കുന്ന സന്ദേശമാണ് നല്‍കുന്നതെന്നും കഴിഞ്ഞ ഒരു ദശകത്തിനിടെ സമൂഹത്തില്‍ വെറുപ്പും മതഭ്രാന്തും വര്‍ഗീയതയും എത്രമാത്രം പടര്‍ന്നുപിടിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ഇത്തരം ബുദ്ധിശൂന്യമായ പ്രവൃത്തികളെന്നും ഖര്‍ഗെ പറഞ്ഞു. ചീഫ് ജസ്റ്റിസിനെതിരായ ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്നും നീതിന്യായ വ്യവസ്ഥയുടെ സുരക്ഷയാണ് പ്രധാനം, നീതി വിജയിക്കട്ടെയെന്നും ഖര്‍ഗെ കൂട്ടിച്ചേര്‍ത്തു.

ചീഫ് ജസ്റ്റിസിനെതിരായ ആക്രമണം ഗൗരവകരമായ കാര്യമാണെന്നും രാജ്യം ഇരുട്ടിലാണ് എന്നുമാണ് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി പറഞ്ഞത്. ചീഫ് ജസ്റ്റിസിന്റെ അവസ്ഥ ഇതാണെങ്കില്‍ സാധാകരണക്കാരുടെ അവസ്ഥ എന്തായിരിക്കുമെന്നും അദ്ദേഹം ചോദിച്ചു.

കോടതി മുറിക്കുള്ളില്‍ ചീഫ് ജസ്റ്റിസിന് നേരെ ഷൂസെറിയാന്‍ ശ്രമിച്ച സംഭവത്തില്‍  അഭിഭാഷകന്‍ രാകേഷ് കിഷോറിനെ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സസ്‌പെന്‍ഡ് ചെയ്തിരുന്നു. രാകേഷ് കിഷോറിന്റെ പ്രവൃത്തി കടുത്ത അച്ചടക്ക ലംഘനമാണെന്ന് സസ്‌പെന്‍ഷന്‍ ഉത്തരവില്‍ ഒപ്പിട്ട ബിസിഐ ചെയര്‍മാന്‍ മനാന്‍ കുമാര്‍ മിശ്ര അഭിപ്രായപ്പെട്ടു. സുപ്രീം കോടതി ബാര്‍ അസോസിയേഷനും സുപ്രീം കോടതി അഡ്വക്കേറ്റസ്-ഓണ്‍-റെക്കോര്‍ഡ് അസോസിയേഷനും നടപടിയെ അപലപിച്ചിരുന്നു.

Also Read:

ഇന്ന് രാവിലെ ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായിയുടെ കോടതിയിലായിരുന്നു സംഭവം. ജഡ്ജിമാരുടെ ഡയസിനടുത്തെത്തി അഭിഭാഷകന്‍ രാകേഷ് കിഷോര്‍ ഷൂ ഊരി ചീഫ് ജസ്റ്റിസിനെ എറിയാന്‍ ശ്രമിക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ സമയോചിതമായി ഇടപെട്ട് അഭിഭാഷകനെ പുറത്തേക്ക് കൊണ്ടുപോവുകയായിരുന്നു. 'സനാതന ധര്‍മ്മത്തിന് നേരെയുള്ള അപമാനം ഇന്ത്യ വെച്ചുപൊറുപ്പിക്കില്ല' എന്ന് വിളിച്ചുപറഞ്ഞാണ് രാകേഷ് കിഷോര്‍ ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായിക്ക് നേരെ ഷൂ എറിയാന്‍ ശ്രമിച്ചത്.

Content Highlights: Attack on Chief Justice is an attack on the judiciary and Constitution: Rahul Gandhi

dot image
To advertise here,contact us
dot image