
തിരുവനന്തപുരം: സുപ്രീം കോടതിയില്‍ ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായിക്ക് നേരെ ഷൂ വലിച്ചെറിയാന്‍ അഭിഭാഷകന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഘപരിവാര്‍ നട്ടുവളര്‍ത്തിയ വിദ്വേഷത്തിന്റെ വിഷമാണ് ഇന്ന് സുപ്രീംകോടതിയില്‍ ചീഫ് ജസ്റ്റിസിന് നേരെ ചീറ്റിയതെന്നായിരുന്നു സംഭവത്തില്‍ പിണറായി വിജയന്റെ പ്രതികരണം. ബഹു. ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്ക്കു നേരെ കോടതി മുറിയില്‍ നടന്ന അക്രമ ശ്രമത്തെ ശക്തമായി അപലപിക്കുന്നുവെന്ന് മുഖ്യമന്ത്രി തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.
'സനാതന ധര്‍മ്മത്തിനെതിരെ പ്രവര്‍ത്തിക്കുന്നുവെന്നാരോപിച്ചാണ് ഒരു അഭിഭാഷക വേഷധാരി ഷൂ എറിയാനാഞ്ഞത് എന്നാണ് റിപ്പോര്‍ട്ട്. നിലതെറ്റിയ വ്യക്തിയുടെ വികാരപ്രകടനമായി ഈ അതിക്രമത്തെ ചുരുക്കി കാണാന്‍ കഴിയില്ല. സംഘപരിവാറിന്റെ വിഷലിപ്തമായ വര്‍ഗ്ഗീയ പ്രചാരണമാണ് അപകടകരമായ ഈ മാനസിക നിലയിലേക്ക് വ്യക്തികളെ കൊണ്ടെത്തിക്കുന്നത്. വെറുപ്പും അപര വിദ്വേഷവും ജനിപ്പിക്കുന്ന പ്രത്യയശാസ്ത്രത്തിന്റെ ഉല്‍പ്പന്നങ്ങളാണ് പരമോന്നത കോടതിക്കകത്ത് പോലും ഉണ്ടാകുന്ന ഇത്തരം കടന്നാക്രമണങ്ങള്‍. ആര്‍എസ്എസും അതിന്റെ പരിവാരവും നൂറു വര്‍ഷംകൊണ്ടു സൃഷ്ടിച്ചുവെച്ച അസഹിഷ്ണുതയാണ് ഇതിന്റെ ഇന്ധനം. മഹാത്മാഗാന്ധിക്കു നേരെ നിറയൊഴിക്കാന്‍ മടിച്ചിട്ടില്ലാത്ത വര്‍ഗീയ ഭ്രാന്തിന് ഒട്ടും കുറവു വന്നിട്ടില്ല എന്ന് ഓര്‍മ്മിപ്പിക്കുന്ന സംഭവമാണ് സുപ്രീം കോടതിയില്‍ ഇന്നുണ്ടായത്.' പിണറായി വിജയന്‍ തന്റെ പോസ്റ്റില്‍ കുറിച്ചു.
'ഒറ്റപ്പെട്ട അക്രമ സംഭവമോ സമനില തെറ്റിയ വ്യക്തിയുടെ വിക്രിയയോ ആയി ഇതിനെ നിസ്സാരവല്‍ക്കരിക്കാനാവില്ല. സംഘപരിവാര്‍ മുന്നോട്ടുവെക്കുന്ന അക്രമോത്സുകമായ രാഷ്ട്രീയത്തെ തന്നെയാണ് പരിശോധിക്കേണ്ടതും തുറന്നുകാട്ടേണ്ടതും.' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോടതി മുറിക്കുള്ളില്‍ ചീഫ് ജസ്റ്റിസിന് നേരെ ഷൂസെറിയാന്‍ ശ്രമം നടന്നിരുന്നു. ഡയസിന് അരികിലെത്തിയ അഭിഭാഷക വേഷം ധരിച്ചയാള്‍ ഷൂ എറിയാന്‍ ശ്രമിക്കുകയായിരുന്നു. സനാതന ധര്‍മ്മത്തോടുള്ള അനാദരവ് ഇന്ത്യ സഹിക്കില്ലെന്ന മുദ്രാവാക്യം വിളിച്ചു കൊണ്ടാണ് ഷൂ എറിഞ്ഞതെന്ന് കോടതിയിലുണ്ടായിരുന്ന അഭിഭാഷകര്‍ പറഞ്ഞു. ഇയാള്‍ സുപ്രീംകോടതി അഭിഭാഷകനാണോ എന്നതടക്കമുള്ള കാര്യങ്ങളില്‍ വ്യക്തത വരേണ്ടതുണ്ട്. സുരക്ഷാ ജീവനക്കാര്‍ ഇയാളെ കീഴ്പ്പെടുത്തി. എന്നാല്‍ സംഭവമുണ്ടായിട്ടും ചീഫ് ജസ്റ്റിസ് ശാന്തനായി ഇരിക്കുകയും നടപടികള്‍ തുടരുകയും ചെയ്തു. ഇത് തന്നെ ബാധിക്കുന്നതല്ലെന്നുമായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം.
ഖജുരാഹോ ജവാരി ക്ഷേത്രത്തിലെ വിഷ്ണു വിഗ്രഹം പുനസ്ഥാപിക്കണമെന്ന ആവശ്യത്തില്‍ ഗവായ് നടത്തിയ പരാമര്‍ശം ചര്‍ച്ചയായിരുന്നു. 'ഇപ്പോള്‍ പോയി ദൈവത്തോട് തന്നെ എന്തെങ്കിലും ചെയ്യാന്‍ ആവശ്യപ്പെടൂ. നിങ്ങള്‍ ഭഗവാന്‍ വിഷ്ണുവിന്റെ കടുത്ത ഭക്തനാണെന്ന് നിങ്ങള്‍ പറയുന്നു. അതിനാല്‍ ഇപ്പോള്‍ പോയി പ്രാര്‍ത്ഥിക്കൂ. ഇത് ഒരു പുരാവസ്തു സ്ഥലമാണ്. എഎസ്‌ഐ അനുമതി നല്‍കേണ്ടതുണ്ട്', എന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ഇത് സമൂഹമാധ്യമങ്ങളില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. ചീഫ് ജസ്റ്റിസ് മതവികാരം വ്രണപ്പെടുത്തിയെന്നായിരുന്നു ആരോപണം. ഇപ്പോഴുണ്ടായ പ്രതിഷേധവും ഈ പരാമര്‍ശത്തിന്റെ അടിസ്ഥാനത്തിലാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
Content Highlights; Advocate tries to Throws Shoe at Chief justice BR Gavai During Court; Pinarayi Vijayan Comments