
ചെന്നൈ: കരൂര്‍ ദുരന്തത്തില്‍ സത്യം പുറത്തു വരുമെന്ന് ടിവികെ (തമിഴക വെട്രി കഴകം) നേതാവ് ആദവ് അർജുന. നീതിക്ക് വേണ്ടിയുള്ള പോരാട്ടം തുടരുന്നുവെന്നും ആദവ് അർജുന പറഞ്ഞു. ഡെറാഡൂണിൽ വെച്ചായിരുന്നു ആദവ് അർജുനയുടെ പ്രതികരണം.
അതേസമയം കഴിഞ്ഞ ദിവസം ഡിഎംകെ സർക്കാരിനെതിരെ നേപ്പാളിലെയും ശ്രീലങ്കയിലെയും പോലെ യുവാക്കൾ തെരുവിൽ ഇറങ്ങണമെന്ന് പറഞ്ഞ് പ്രകോപനപരമായ പ്രതികരണം നടത്തിയതിൽ ആദവ് അർജുനക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മദ്രാസ് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.ആദവ് അർജുനയുടെ പോസ്റ്റിന് എതിരെയും സമൂഹമാധ്യമങ്ങളിൽ കടുത്ത വിമർശനങ്ങളാണ് ഉയർന്നിരുന്നത്.
ടിവികെ അധ്യക്ഷൻ വിജയ്‌യുടെ റാലിയിൽ പങ്കെടുത്ത് 41 പേർ മരിച്ചതിനു പിന്നാലെയായിരുന്നു ജനറൽ സെക്രട്ടറി ആദവ് അർജുനയുടെ പോസ്റ്റ്. യുവജന വിപ്ലവത്തിനു സമയമായെന്നും ശ്രീലങ്കയും നേപ്പാളും ആവർത്തിക്കുമെന്നും പോസ്റ്റിൽ പറഞ്ഞിരുന്നു. ടിവികെ നേതാക്കളെ പൊലീസ് മർദിക്കുന്നതിന്റെ ചിത്രവും പോസ്റ്റിനൊപ്പമുണ്ടായിരുന്നു. അധികം താമസിക്കാതെ പോസ്റ്റ് പിന്‍വലിച്ചു. ആദവ് കലാപ ആഹ്വാനമാണ് നടത്തിയെന്ന് ഡിഎംകെ ആരോപിച്ചിരുന്നു.
സെപ്റ്റംബർ 27നാണ് കരൂരില്‍ ടിവികെ നടത്തിയ റാലിയില്‍ അപകടമുണ്ടായത്. തിക്കിലും തിരക്കിലുംപ്പെട്ട് ആളുകള്‍ കുഴഞ്ഞുവീഴുകയായിരുന്നു. നിശ്ചയിച്ചതിലും ആറ് മണിക്കൂര്‍ വൈകി വൈകിട്ട് ഏഴ് മണിയോടെയായിരുന്നു വിജയ് പരിപാടിക്ക് എത്തിയത്. ഈ സമയമത്രയും ഭക്ഷണവും വെള്ളവുമില്ലാതെ ആളുകള്‍ കാത്തുനിന്നു. വിജയ് പ്രസംഗം ആരംഭിച്ച് അല്‍പസമയം കഴിഞ്ഞപ്പോള്‍ തന്നെ ആളുകള്‍ തളര്‍ന്നുതുടങ്ങി. സ്ഥലത്തുണ്ടായിരുന്ന പൊലീസും ടിവികെ പ്രവര്‍ത്തകരും അടക്കമുള്ളവര്‍ ആളുകളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആദ്യ ദിനം 38 പേരായിരുന്നു മരിച്ചത്. പിന്നീട് മരണസംഖ്യ 41 ആയി ഉയരുകയായിരുന്നു.
Content Highlight : Karur tragedy; TVK leader Aadav Arjuna says the truth will come out