കരൂർ ദുരന്തം: കൂടുതൽ ടിവികെ നേതാക്കളുടെ അറസ്റ്റിന് പൊലീസ്; എൻഡിഎ, കോൺഗ്രസ് പ്രത്യേക സംഘം സ്ഥലം സന്ദർശിക്കും

ടിവികെ ജനറല്‍ സെക്രട്ടറി ബുസ്സി ആനന്ദ്, ജോയിന്റ് സെക്രട്ടറി നിര്‍മല്‍ ശേഖര്‍ എന്നിവരെ അറസ്റ്റ് ചെയ്യാനാണ് നീക്കം

കരൂർ ദുരന്തം: കൂടുതൽ ടിവികെ നേതാക്കളുടെ അറസ്റ്റിന് പൊലീസ്; എൻഡിഎ, കോൺഗ്രസ് പ്രത്യേക സംഘം സ്ഥലം സന്ദർശിക്കും
dot image

ചെന്നൈ: നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്‌യുടെ റാലിക്കിടെ 41 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തില്‍ കൂടുതല്‍ ടിവികെ നേതാക്കളുടെ അറസ്റ്റിന് പൊലീസ്. ടിവികെ ജനറല്‍ സെക്രട്ടറി ബുസ്സി ആനന്ദ്, ജോയിന്റ് സെക്രട്ടറി നിര്‍മല്‍ ശേഖര്‍ എന്നിവരെ അറസ്റ്റ് ചെയ്യാനാണ് നീക്കം. ഇന്നലെ ടിവികെ കരൂര്‍ വെസ്റ്റ് ജില്ലാ സെക്രട്ടറി മതിയഴകനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മതിയഴകനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കസ്റ്റഡിയില്‍ എടുത്ത ശേഷം വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം.

എന്‍ഡിഎയുടെയും കോണ്‍ഗ്രസിന്റെയും പ്രത്യേക സംഘം ഇന്ന് കരൂര്‍ സന്ദര്‍ശിക്കുന്നുണ്ട്. അപകടം നടന്ന സ്ഥലവും കരൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ളവരെയുമാകും സംഘം സന്ദര്‍ശിക്കുക. ഹേമമാലിനി എംപി കണ്‍വീനറായ എട്ടംഗ എന്‍ഡിഎ സംഘമാണ് കരൂര്‍ സന്ദര്‍ശിക്കുക. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് സംഘം കരൂരില്‍ എത്തുക. കരൂരിലെ സാഹചര്യം സംഘം വിലയിരുത്തും.

കരൂര്‍ സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്നാണ് എന്‍ഡിഎയുടെ ആവശ്യം. ഡിഎംകെ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി ടിവികെ ഇന്നലെ മദ്രാസ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ടിവികെയുടെ പെതുസമ്മതി ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കരൂര്‍ ദുരന്തം സംഭവിച്ചതെന്നായിരുന്നു ടിവികെയുടെ വാദം. രാഷ്ട്രീയ വൈര്യത്തിന്റെ ഫലമാണ് 41 പേരുടെ ജീവനെടുത്ത സംഭവം. ഡിഎംകെ നേതാക്കള്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചതിന്റെ വൈരാഗ്യമാണ് സംഭവത്തില്‍ കലാശിച്ചതെന്നും ടിവികെ ആരോപിച്ചിരുന്നു. ടിവികെയുടെ റാലികള്‍ക്ക് സര്‍ക്കാര്‍ തടസം നില്‍ക്കുകയാണ്. റാലികള്‍ സംഘടിപ്പിക്കാന്‍ ആവശ്യമായ അനുമതി നല്‍കാന്‍ സര്‍ക്കാര്‍ വിസമ്മതിക്കുകയാണ്. റാലിക്ക് അനുവദിച്ച വേദികള്‍ പലതും സൗകര്യം കുറഞ്ഞവയാണ്. കരൂരിലെ റാലിക്കിടെ വൈദ്യുതി വിച്ഛേദിച്ചു. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കുന്നതില്‍ പൊലീസ് പരാജയപ്പെട്ടു. പരിപാടി നടക്കുന്ന സ്ഥലത്തേക്ക് വാഹനങ്ങള്‍ കടത്തിവിട്ടു. ആള്‍ക്കൂട്ടത്തിനെതിരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. ഇതാണ് അപകടത്തിന് പ്രധാന കാരണമെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടയിരുന്നു. ടിവികെയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ആധവ് അര്‍ജുനയായിരുന്നു സത്യവാങ്മൂലം സമര്‍പ്പിച്ചത്.

ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു കരൂരില്‍ വിജയ്‌യുടെ റാലി വന്‍ ദുരന്തത്തില്‍ കലാശിച്ചത്. നിശ്ചയിച്ചതിലും ആറ് മണിക്കൂര്‍ വൈകി വൈകിട്ട് ഏഴ് മണിയോടെയായിരുന്നു വിജയ് പരിപാടിക്ക് എത്തിയത്. ഈ സമയമത്രയും ഭക്ഷണവും വെള്ളവുമില്ലാതെ ആളുകള്‍ കാത്തുനിന്നു. വിജയ് പ്രസംഗം ആരംഭിച്ച് അല്‍പസമയം കഴിഞ്ഞപ്പോള്‍ തന്നെ ആളുകള്‍ തളര്‍ന്നുതുടങ്ങി. ഇത് ശ്രദ്ധയില്‍പ്പെട്ട വിജയ് ആളുകള്‍ക്ക് കുപ്പി വെള്ളം എറിഞ്ഞുനല്‍കി. ഇത് സ്ഥിതി സങ്കീര്‍ണമാക്കി. ആളുകള്‍ കുപ്പി പിടിക്കാന്‍ തിരക്ക് കൂട്ടിയതോടെ തിക്കും തിരക്കുമുണ്ടായി. ഇതോടെ ആളുകള്‍ കുഴഞ്ഞുവീഴാന്‍ തുടങ്ങി. ഈ സമയം ആറ് വയസുകാരിയെ കാണാതായ വിവരം വിജയ് മൈക്കിലൂടെ വിളിച്ചുപറഞ്ഞു. അധികം വൈകാതെ തന്നെ പ്രസംഗം അവസാനിപ്പിച്ച് വിജയ് സ്ഥലത്ത് നിന്ന് മടങ്ങി. സ്ഥലത്തുണ്ടായിരുന്ന പൊലീസും ടിവികെ പ്രവര്‍ത്തകരും അടക്കമുള്ളവര്‍ ആളുകളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആദ്യ ദിനം 38 പേരായിരുന്നു മരിച്ചത്. പത്ത് കുട്ടികള്‍, പതിനാറ് സ്ത്രീകള്‍, പന്ത്രണ്ട് പുരുഷന്മാര്‍ എന്നിങ്ങനെയായിരുന്നു മരണ സംഖ്യ. പിന്നീട് മൂന്ന് മരണം കൂടി സ്ഥിരീകരിച്ചു. നിലവില്‍ ഏഴ് പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഇവരില്‍ രണ്ട് പേരെ വിദഗ്ധ ചികിത്സയ്ക്കായി മധര മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Content Highlights- Police may arrest more tvk leaders over vijay rally stampede

dot image
To advertise here,contact us
dot image