വോട്ട്ചോരിയിൽ ഒരുമാസത്തിനുള്ളില്‍ രാഹുൽ ഗാന്ധിയുടെ കൂടുതൽ വെളിപ്പെടുത്തൽ;പ്ലൂട്ടോണിയം ബോംബെന്ന് കോണ്‍ഗ്രസ്

ഗാസ വിഷയത്തിൽ ഇന്ത്യയുടെ മൗനം ലജ്ജാകരമെന്നും വിദേശ നയം കളങ്കപ്പെട്ടെന്നും പ്രവർത്തക സമിതി കുറ്റപ്പെടുത്തി

വോട്ട്ചോരിയിൽ ഒരുമാസത്തിനുള്ളില്‍ രാഹുൽ ഗാന്ധിയുടെ കൂടുതൽ വെളിപ്പെടുത്തൽ;പ്ലൂട്ടോണിയം ബോംബെന്ന് കോണ്‍ഗ്രസ്
dot image

ന്യൂഡൽഹി: ​അടുത്ത ഒരു മാസത്തിനുള്ളില്‍ വോട്ട് ചോരിയുമായി ബന്ധപ്പെട്ട് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ രാഹുല്‍ ഗാന്ധി നടത്തുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ്.. ഹൈഡ്രജൻ ബോംബ് കൊണ്ട് അവസാനിക്കില്ലായെന്നും രാഹുൽ ഗാന്ധി പ്ലൂട്ടോണിയം ബോബും പൊട്ടിക്കുമെന്നും ജയറാം രമേശ് വ്യക്തമാക്കി. കോണ്‍ഗ്രസ് പ്രവർത്തക സമിതി യോഗത്തിന് ശേഷമാണ് പ്രതികരണം. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി ബിഹാറില്‍ ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയോഗത്തില്‍ വോട്ട് കൊള്ള തന്നെയാണ് പ്രധാന ചര്‍ച്ചയായത്.

വോട്ടർ പട്ടികയിലെ തീവ്രപരിശോധന അധികാരത്തിൽ തുടരാനുള്ള ബിജെപിയുടെ വൃത്തികെട്ട തന്ത്രമാണെന്ന് കോൺ​ഗ്രസ് പ്രവർത്തക സമിതി വിലയിരുത്തി. ഭരണഘടനയുടെ സംരക്ഷണത്തിന് വേണ്ടി പോരാടാനും പ്രവർത്തകസമിതി ആഹ്വാനം ചെയ്തു. ഗസ്സയിലെ വംശഹത്യയിൽ കോൺ​ഗ്രസ് പ്രവർത്തകസമതി ദുഃഖം രേഖപ്പെടുത്തി. ഗസ്സ വിഷയത്തിൽ ഇന്ത്യയുടെ മൗനം ലജ്ജാകരമെന്നും വിദേശ നയം കളങ്കപ്പെട്ടെന്നും പ്രവർത്തക സമിതി കുറ്റപ്പെടുത്തി.

വോട്ട് കള്ളന്‍മാരെ പിടിക്കും എന്ന് രാഹുല്‍ ഗാന്ധി മുന്നറിയിപ്പ് നല്‍കി. വോട്ട് കൊള്ളയില്‍ സത്യപ്രസ്താവന നല്‍കേണ്ടത് രാഹുല്‍ഗാന്ധി അല്ല തിരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെ വ്യക്തമാക്കി. കേരളം അടക്കം രാജ്യവ്യാപകമായി രാഹുല്‍ ഗാന്ധി നേതൃത്വത്തില്‍ വോട്ട് കൊള്ളക്കെതിരെ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനാണ് തീരുമാനം.

ജനാധിപത്യപരമായ ഉത്തരവാദിത്തത്തിന്റെ അഭാവത്തില്‍ തൊഴിലില്ലായ്മ, കര്‍ഷക ആത്മഹത്യ, വിലക്കയറ്റം, ആരോഗ്യപരിരക്ഷ എന്നിവ ഉറപ്പാക്കാനുള്ള ബാധ്യതയില്‍ നിന്നും സര്‍ക്കാര്‍ മുക്തരാവുകയാണ്. സേവനത്തിലൂടെയല്ല, വഞ്ചനയിലൂടെയും ഭയത്തിലൂടെയും അധികാരത്തില്‍ തുടരാന്‍ കഴിയുമെന്ന് അറിയാവുന്നതിനാല്‍ സര്‍ക്കാര്‍ നിസ്സംഗത പുലര്‍ത്തുന്നുകയാണെന്നും പ്രവര്‍ത്തക സമിതി വിലയിരുത്തി.

പാർട്ടി പുനസംഘടന നടപടികൾ കോൺഗ്രസ് പ്രവർത്തക സമിതി വിലയിരുത്തി. ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിൽ സീറ്റ് ചർച്ചയിൽ കടുത്ത നിലപാട് കോൺഗ്രസ് സ്വീകരിക്കില്ല എന്നാണ് സൂചന.വിജയസാഹചര്യം പരിശോധിച്ച് സീറ്റ് നിർണ്ണയിക്കും എന്നാണ് വിവരം.

എന്‍ഡിഎ സര്‍ക്കാരിന്റെ കൗണ്ട്ഡൗണ്‍ ആരംഭിച്ചുവെന്നും രണ്ട് മാസത്തിനുള്ളില്‍ ബിഹാറില്‍ മഹാഗദ്ബന്ധന്‍ സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്നും ജയറാം രമേശ് പറഞ്ഞു.

Content Highlight : More bombs of vote-rigging will come out, says Congress leader Jairam Ramesh

dot image
To advertise here,contact us
dot image