നരേന്ദ്ര മോദിയുടെ സന്ദർശനത്തിന് മണിക്കൂറുകൾ ബാക്കി; മണിപ്പൂരിൽ സംഘർഷം, തോരണങ്ങൾ നശിപ്പിച്ചു

ചുരാചന്ദ്പൂരി‌ലാണ് സംഭവം

നരേന്ദ്ര മോദിയുടെ സന്ദർശനത്തിന് മണിക്കൂറുകൾ ബാക്കി; മണിപ്പൂരിൽ സംഘർഷം, തോരണങ്ങൾ നശിപ്പിച്ചു
dot image

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ മണിപ്പൂരിൽ സംഘർഷം. സന്ദർശനവുമായി ബന്ധപ്പെട്ട് കെട്ടിയ തോരണങ്ങൾ നശിപ്പിച്ചു. ചുരാചന്ദ്പൂരി‌ലാണ് സംഭവം. തുടർന്ന് പൊലീസും അക്രമികളും തമ്മിൽ ഏറ്റുമുട്ടി. അതേസമയം, ദേശീയപാത ഉപരോധം നാഗ സംഘടനകൾ താൽക്കാലികമായി പിൻവലിച്ചിട്ടുണ്ട്.
8,500 കോടി രൂപയുടെ വികസന സംരംഭങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സെപ്റ്റംബർ 13-നാണ് മണിപ്പൂർ സന്ദർശിക്കുന്നത്. മണിപ്പൂരിൽ സംഘർഷം ഉടലെടുത്തതിനുശേഷം ആദ്യമായാണ് അദ്ദേഹം സംസ്ഥാനം സന്ദർശിക്കാനെത്തുന്നത്.

സന്ദർശനത്തിന് മുന്നോടിയായി മേഖലയിൽ വലിയ സുരക്ഷയാണ് ഏർപ്പെടുത്തിരിക്കുന്നത്. ഇംഫാലിലും ചുരാചന്ദ്പൂരിലുമായി നടക്കുന്ന ചടങ്ങുകളിലാണ് മോദി പങ്കെടുക്കുന്നത്. നരേന്ദ്ര മോദിയുടെ മണിപ്പൂർ സന്ദർശനത്തിനെതിരെ നിരോധിത സംഘടനകൾ രം​ഗത്തുവന്നിട്ടുണ്ട്. മോദിയുടെ ചടങ്ങുകൾ ബഹിഷ്കരിക്കാൻ ആറ് സംഘടനകൾ ആഹ്വാനം ചെയ്തിട്ടുണ്ട്. ദ കോർഡിനേഷൻ കമ്മിറ്റി മോദി സംസ്ഥാനം വിടും വരെ ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. കുടിയിറക്കപ്പെട്ട കുടുംബങ്ങളെ മോദി സന്ദർശിക്കുകയും പുനരധിവാസ പാക്കേജുകൾ പ്രഖ്യാപിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷ.

2023 മെയ് മാസത്തിലാണ് മണിപ്പൂരിൽ സംഘർഷം ആരംഭിച്ചത്. ശേഷം ഇതുവരെമോദി മണിപ്പൂർ സന്ദർശിക്കാതിരുന്നത് ഏറെ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. പ്രധാനമന്ത്രി കലാപ ബാധിത പ്രദേശങ്ങൾ സന്ദർശിക്കുകയും ദുരന്തബാധിതരെ ആശ്വസിപ്പിക്കുകയും വേണമെന്ന് പ്രതിപക്ഷം നിരന്തരം ആവശ്യപ്പെട്ടിരുന്നു. എന്നാൽ വിഷയത്തിൽ പ്രതികരിക്കാൻ പോലും പ്രധാനമന്ത്രി തയ്യാറായിരുന്നില്ല.

മണിപ്പൂരിൽ മെയ്‌തേയ്- കുക്കി വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഇതുവരെ 260-ലേറെ പേരാണ് കൊല്ലപ്പെട്ടത്. അറുപതിനായിരത്തിലേറേ പേർ ഇപ്പോഴും അഭയാർത്ഥി ക്യാംപുകളിലാണ് താമസിക്കുന്നത്. കലാപം നിയന്ത്രിക്കാനാകെ വന്നതോടെ ബിജെപി മുഖ്യമന്ത്രി ബിരേൻ സിംഗ് രാജിവെച്ചൊഴിഞ്ഞിരുന്നു. മണിപ്പൂരിൽ ഇപ്പോൾ രാഷ്ട്രപതി ഭരണമാണ്.

Content Highlights: Locals clash with police amid preparations for PM Modi’s visit to Manipur’s Churachandpur town

dot image
To advertise here,contact us
dot image