മമ്മൂക്കയുടെ അസുഖവും ചികിത്സയും തീരുമാനിച്ചത് സോഷ്യൽ മീഡിയ, മണ്ടത്തരം കേൾക്കുമ്പോൾ ചിരി വരും; ഇബ്രാഹിം കുട്ടി

എന്താണ് മമ്മൂട്ടിയുടെ അസുഖമെന്നും എവിടെയാണ് ചികിത്സയെന്നുമൊക്കെ സോഷ്യൽ മീഡിയ തീരുമാനിക്കുകയായിരുന്നു, ആധികാരികമായാണ് പലരും സോഷ്യൽ മീഡിയയിൽ പറഞ്ഞുകൊണ്ടിരുന്നത്

മമ്മൂക്കയുടെ അസുഖവും ചികിത്സയും തീരുമാനിച്ചത് സോഷ്യൽ മീഡിയ, മണ്ടത്തരം കേൾക്കുമ്പോൾ ചിരി വരും; ഇബ്രാഹിം കുട്ടി
dot image

മമ്മൂക്കയുടെ തിരിച്ചു വരവ് ആഘോഷമാക്കുകയാണ് സോഷ്യൽ മീഡിയ. അദ്ദേഹം ഇപ്പോൾ പൂർണ ആരോഗ്യവാൻ ആണെന്നാണ് അദ്ദേഹത്തോട് അടുത്ത് നിൽക്കുന്ന വൃത്തങ്ങൾ അറിയിച്ചിരുന്നത്. ഇപ്പോഴിതാ മമ്മൂക്കയ്ക്ക് വയ്യായ്‌ക ഉണ്ടെന്ന വാർത്ത പറന്നപ്പോൾ എന്താണ് അദ്ദേഹത്തിന്റെ അസുഖമെന്നും ചികിത്സയെന്നുമെല്ലാം തീരുമാനിച്ചത് സോഷ്യൽ മീഡിയ ആണെന്ന് പറയുകയാണ് മമ്മൂക്കയുടെ സഹോദരനും നടനുമായ ഇബ്രാഹിം കുട്ടി. ആധികാരികമായാണ് പലരും സോഷ്യൽ മീഡിയയിൽ മണ്ടത്തരം പറഞ്ഞിരുന്നതെന്നും കാണുമ്പോൾ ചിരി വരുമെന്നും ഇബ്രാഹിം കുട്ടി പറഞ്ഞു. ജിൻഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

'അദ്ദേഹത്തിന് ചെറിയൊരു അസ്വസ്ഥതയുണ്ടായിരുന്നു. അത് മാറിയോ എന്നതിലാണ് കാര്യം. അദ്ദേഹത്തിന് വന്ന അസുഖത്തിന് ട്രീറ്റ്‌മെൻ്റ് ചെയ്‌തു. അത്‌ മാറി. ടെസ്റ്റ് റിസൽട്ട് നെഗറ്റീവായെന്നറിഞ്ഞപ്പോൾ മീഡിയയും മറ്റ് ആൾക്കാരും എന്നെ വിളിക്കാൻ തുടങ്ങി. ഒരുപാട് കോളുകൾ വന്നപ്പോൾ എല്ലാവർക്കും മറുപടി എന്ന നിലക്ക് സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റിട്ടു. അത് ആധികാരികമായതുകൊണ്ട് എല്ലാവരും വിശ്വസിച്ചു.

മമ്മൂട്ടിക്ക് വയ്യായ്‌കയാണ് എന്ന വിവരം സോഷ്യൽ മീഡിയയിൽ കുറച്ചുപേർ പറയുന്നത് കണ്ടു. ആ സമയത്തൊന്നും നമ്മൾ അതിനോട് പ്രതികരിക്കാൻ പോയില്ല. പക്ഷേ, പിന്നീട് എന്താണ് മമ്മൂട്ടിയുടെ അസുഖമെന്നും എവിടെയാണ് ചികിത്സയെന്നുമൊക്കെ സോഷ്യൽ മീഡിയ തീരുമാനിക്കുകയായിരുന്നു. അമേരിക്കയിലാണെന്നും ആഫ്രിക്കയിലാണെന്നുമൊക്കെ ആധികാരികമായാണ് പലരും സോഷ്യൽ മീഡിയയിൽ പറഞ്ഞുകൊണ്ടിരുന്നത്.

ഉള്ളിലൊരു വിഷമം കിടക്കുമ്പോഴും ഇതുപോലെ മണ്ടത്തരം വിളിച്ചുപറയുന്നത് കേൾക്കുന്നത് കാണുമ്പോൾ ചിരി വരുമായിരുന്നു. അസത്യമായിട്ടുള്ള കാര്യമാണെന്ന് അറിയാവന്നതുകൊണ്ട് ചിലതൊക്കെ കാണുമ്പോൾ എന്താ പറയുന്നത് എന്നൊക്കെ തോന്നിയിട്ടുണ്ട്. പുള്ളി മാറി നിന്നത് ആ സമയത്ത് എല്ലാവരെയും ബാധിച്ചിരുന്നു,' ഇബ്രാഹിംകുട്ടി പറഞ്ഞു.

അതേസമയം, മമ്മൂട്ടിയുടെ ആരോഗ്യം മെച്ചപ്പട്ടപ്പോൾ, കാറും കോളും ഭീതിയിലാക്കിയ ഒരു വലിയ കടല്‍ താണ്ടിയതിന്റെ ആശ്വാസം ഉണ്ടെന്നും ഉള്ളിലടക്കിയ ആശങ്കകളെല്ലാം അസ്തമിച്ചുവെന്നും ഇബ്രാഹിം കുട്ടി സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കിട്ടിരുന്നു. മമ്മൂക്കയുടെ ആരോഗ്യം മെച്ചപ്പെടുവാൻ വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും നന്ദിയും ഇബ്രാഹിം കുട്ടി അറിയിച്ചിരുന്നു. സിനിമയില്‍ മമ്മൂട്ടി സജീവമാകുന്നത് കാണാന്‍ കാത്തിരിക്കുകയാണെന്നാണ് നിരവധി പേര്‍ കുറിക്കുന്നത്. കളങ്കാവലാണ് മമ്മൂട്ടിയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന പേട്രിയറ്റ് എന്ന ചിത്രത്തിന്റെ ഷൂട്ടിനിടെ ആയിരുന്നു മമ്മൂട്ടി ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ഇടവേള എടുത്തത്. വൈകാതെ തന്നെ അദ്ദേഹം ഷൂട്ടിങ്ങിലേക്ക് തിരിച്ചെത്തുമെന്നാണ് കരുതപ്പെടുന്നത്.

Content highlights:  Ibrahim Kutty says social media decided what caused Mammootty's illness

dot image
To advertise here,contact us
dot image