കൊല്ലൂര്‍ സൗപര്‍ണികാ നദിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത് പ്രശസ്ത വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറെ

വനത്തിനുള്ളിലെ വസുധയുടെ ഏകാന്തവാസം ഏറെ ശ്രദ്ധനേടിയിരുന്നതാണ്

കൊല്ലൂര്‍ സൗപര്‍ണികാ നദിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത് പ്രശസ്ത വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറെ
dot image

മംഗളൂരു: കൊല്ലൂര്‍ മൂകാംബയിലെ സൗപര്‍ണികാ നദിയില്‍ കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയത് പ്രശസ്ത വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറെ. ബെംഗളൂരു ആസ്ഥാനമായുള്ള വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ വസുധ ചക്രവര്‍ത്തിയെയാണ് കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയത്. 45 വയസായിരുന്നു.

ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു വസുധയെ സൗപര്‍ണികാ നദിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഓഗസ്റ്റ് 27നായിരുന്നു വസുധ ബെംഗളൂരുവില്‍ നിന്ന് കൊല്ലൂര്‍ എത്തിയത്. തുടര്‍ന്ന് സൗപര്‍ണികാ നദിയുടെ ഭാഗത്തേയ്ക്ക് പോകുകയായിരുന്നു. ഇത് പ്രദേശവാസികളില്‍ ചിലര്‍ കണ്ടിരുന്നു. മണിക്കൂറുകളോളം കാര്‍ അനാഥമായി കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസികള്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. മണിക്കൂറുകള്‍ നടത്തിയ തെരച്ചിലിനിനൊടുവിലാണ് വസുധയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു. അബദ്ധത്തില്‍ വെള്ളത്തില്‍ വീഴാനുള്ള സാധ്യതയാണ് പൊലീസ് ചൂണ്ടിക്കാട്ടുന്നത്. ആത്മഹത്യയ്ക്കുള്ള സാഹചര്യമില്ലെന്നും പൊലീസ് പറയുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ മാത്രമേ യഥാര്‍ത്ഥ മരണകാരണം വ്യക്തമാകുകയുള്ളൂ എന്നും പൊലീസ് അറിയിച്ചു.

കോര്‍പറേറ്റ് ജീവിതം അവസാനിപ്പിച്ചാണ് വസുധ ഫോട്ടോഗ്രഫി രംഗത്തേയ്ക്ക് എത്തുന്നത്. കാടുകളും നദികളും അവിടങ്ങളിലെ ആവാസവ്യവസ്ഥകളുമായിരുന്നു വസുധയുടെ ക്യാമറയില്‍ അധികവും പതിഞ്ഞത്. വനത്തിനുള്ളിലെ വസുധയുടെ ഏകാന്തവാസം ഏറെ ശ്രദ്ധനേടിയിരുന്നതാണ്. വന്യജീവിതത്തിന്റെ സൗന്ദര്യം ഒപ്പുക മാത്രമായിരുന്നില്ല, അതിന്റെ നിലനില്‍പ്പിന് വേണ്ടിയുള്ള പോരാട്ടം കൂടിയായിരുന്നു വസുധ നടത്തിയിരുന്നത്. അടുത്തകാലത്ത് നദീതടങ്ങളിലെ ജൈവവൈവിധ്യങ്ങളെക്കുറിച്ച് ആഴത്തില്‍ പഠിക്കുന്നതിനായി വസുധ ശ്രമം ആരംഭിച്ചിരുന്നു. അതിന്റെ ഭാഗമായാണ് അവര്‍ കൊല്ലൂര്‍ എത്തിയത്. കിക്ക് ബോക്‌സിംഗിലും കരാട്ടെയിലും വസുധ പ്രാവീണ്യം തെളിയിച്ചിരുന്നു.

Content Highlights- Wildlife photographer’s tragic end

dot image
To advertise here,contact us
dot image