
കൊല്ലൂർ: കൊല്ലൂരില്‍ പുഴയില്‍ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. ബെംഗളൂരു സ്വദേശിനി വസുധ ചക്രവര്‍ത്തിയുടെ മൃതദേഹമാണ് സൗപര്‍ണിക നദിയില്‍ നിന്ന് കണ്ടെത്തിയത്. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രപരിസരത്ത് നിന്നാണ് യുവതിയെ കാണാതായത്.
ഓഗസ്റ്റ് 27നാണ് വസുധ ബെംഗളൂരുവില്‍ നിന്ന് കൊല്ലൂരിലേക്ക് എത്തിയത്. കാറില്‍ യാത്ര ചെയ്ത് എത്തിയ ഇവര്‍ ഗസ്റ്റ് ഹൗസിന് മുന്നില്‍ വാഹനം പാര്‍ക്ക് ചെയ്ത ശേഷം ക്ഷേത്രത്തില്‍ പ്രവേശിക്കുകയായിരുന്നു. ക്ഷേത്രത്തിലും അസ്വാഭാവികമായി പെരുമാറിയിരുന്നതിനാല്‍ ഇവരെ എല്ലാവരും ശ്രദ്ധിച്ചിരുന്നു. പിന്നാലെ യുവതി ക്ഷേത്രത്തില്‍ നിന്നും പുറത്തേക്ക് ഓടി പോയി. ഇതിനിടെ വസുധയെ വിളിച്ചിട്ട് കിട്ടാത്തതിനാല്‍ അമ്മ വിമലയും പിറ്റേദിവസം തന്നെ കൊല്ലൂരില്‍ എത്തിയിരുന്നു. തുടര്‍ന്ന് വസുധയ്ക്കായി തിരച്ചില്‍ നടത്തിയെങ്കിലും മകളെക്കുറിച്ച് വിവരം ലഭിച്ചില്ല. ഇതോടെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
പൊലീസിന്റെ അന്വേഷണത്തില്‍ യുവതി പുഴയിലേക്ക് ചാടുന്നതായി കണ്ടു എന്ന് ചിലര്‍ മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ശനിയാഴ്ച്ച മുതല്‍ പൊലീസും അഗ്നിരക്ഷാ സേനയും മുങ്ങല്‍ വിദഗ്ധനായ ഈശ്വര്‍ മാല്‍പെയും ചേര്‍ന്ന് പുഴയില്‍ തിരച്ചില്‍ ആരംഭിച്ചത്. അന്വേഷണത്തിനൊടുവില്‍ യുവതി ചാടിയെന്ന് പറഞ്ഞ സ്ഥലത്ത് നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെ നിന്ന് മൃതദേഹം കണ്ടെടുത്തു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറുകയായിരുന്നു.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)
Content Highlight; Missing Kollur Woman Found Dead