'നിങ്ങള്‍ക്ക് കന്നഡ അറിയാമോ' സിദ്ധരാമയ്യയുടെ ചോദ്യം; പിന്നാലെ രാഷ്ട്രപതിയുടെ പുഞ്ചിരിയോടെയുള്ള മറുപടി

'ബഹുമാനപ്പെട്ട മുഖ്യമന്ത്രി, കന്നഡ എന്റെ മാതൃഭാഷയല്ല'

'നിങ്ങള്‍ക്ക് കന്നഡ അറിയാമോ' സിദ്ധരാമയ്യയുടെ ചോദ്യം; പിന്നാലെ രാഷ്ട്രപതിയുടെ പുഞ്ചിരിയോടെയുള്ള മറുപടി
dot image

ബെംഗളൂരു: 'നിങ്ങള്‍ക്ക് കന്നഡ അറിയാമോ?' മൈസൂരു സന്ദര്‍ശനത്തിനായി എത്തിയ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനോട് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ചോദ്യം. പിന്നാലെ ചിരിച്ചുകൊണ്ട് രാഷ്ട്രപതിയുടെ മറുപടി 'അറിയില്ല, പക്ഷെ ഉറപ്പായും പഠിക്കാം'. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ് (എഐഐഎസ്എച്ച്) വജ്ര ജൂബിലി ആഘോഷത്തിനിടെയായിരുന്നു ഇരുവരുടെയും സംസാരം.

പരിപാടിയില്‍ സിദ്ധരാമയ്യ കന്നഡയില്‍ പ്രസംഗിക്കാന്‍ തുടങ്ങി. തുടര്‍ന്ന് പ്രസിഡന്റിനെ നോക്കി 'നിങ്ങള്‍ക്ക് കന്നഡ അറിയാമോ' എന്ന് ചോദിച്ചു.

'ബഹുമാനപ്പെട്ട മുഖ്യമന്ത്രി, കന്നഡ എന്റെ മാതൃഭാഷയല്ല, എങ്കിലും എന്റെ രാജ്യത്തെ എല്ലാ ഭാഷകളെയും സംസ്‌കാരങ്ങളെയും പാരമ്പര്യങ്ങളെയും ഞാന്‍ വിലമതിക്കുന്നു. അവയില്‍ ഓരോന്നിനോടും എനിക്ക് വലിയ ആദരവും ബഹുമാനവുമുണ്ട്.' സിദ്ധരാമയ്യയ്ക്ക് പിന്നാലെ സംസാരിക്കാനായി വേദിയിലെത്തിയ രാഷ്ട്രപതി വ്യക്തമാക്കി.

'എല്ലാവരും അവരുടെ ഭാഷയും സംസ്‌കാരങ്ങളും സംരക്ഷിച്ച് മുന്നോട്ട് പോകാന്‍ ആഗ്രഹിക്കുന്നവരാണ്. ആ സംരക്ഷണത്തിന് ഞാന്‍ ആശംസകള്‍ നേരുന്നു. കന്നഡ പഠിക്കാന്‍ ഞാന്‍ തീര്‍ച്ചയായും ശ്രമിക്കും.' രാഷ്ട്രപതി പറഞ്ഞു.

കര്‍ണാടകയില്‍ താമസിക്കുന്ന എല്ലാവരും കന്നഡ പഠിക്കണമെന്ന സിദ്ധരാമയ്യയുടെ നിലപാട് വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴി തെളിച്ചിരുന്നു. പിന്നാലെ പ്രതിപക്ഷ പാര്‍ട്ടികളടക്കം പ്രതിഷേധിക്കുകയും ചെയ്തു. 'നാമെല്ലാം കന്നഡികരാണ്, വ്യത്യസ്ത ഭാഷകള്‍ സംസാരിക്കുന്ന നിരവധിയാളുകള്‍ ഈ നഗരത്തില്‍ സ്ഥിരതാമസമാക്കിയിട്ടുണ്ട്. ഈ സംസ്ഥാനത്ത് താമസിക്കുന്ന എല്ലാവരും കന്നഡ സംസാരിക്കാന്‍ പഠിക്കണം.' എന്നായിരുന്നു സിദ്ധരാമയ്യയുടെ വിവാദപരമായ പരാമർശം.

Content Highlight; Siddaramaiah Asks President Murmu “Do You Know Kannada?”

dot image
To advertise here,contact us
dot image