
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയുടെ തിരിച്ചറിയല്‍ കാര്‍ഡിനെ ചൊല്ലി വിവാദം. പവന്‍ ഖേരയ്ക്ക് രണ്ട് തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തി. പവന്‍ ഖേര ഒന്നില്‍ കൂടുതല്‍ തവണ വോട്ട് ചെയ്തിട്ടുണ്ടോയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷിക്കണമെന്ന് ബിജെപിയുടെ ഐടി സെല്‍ മേധാവി അമിത് മാളവ്യ സോഷ്യല്‍ മീഡിയയില്‍ ആരോപിച്ചു.
രണ്ട് കാര്‍ഡിനും രണ്ട് നമ്പറാണെന്നും പവന്‍ ഖേര ആരോപിച്ചു. വോട്ടര്‍ അധികാര്‍ യാത്രയുടെ ഭാഗമായി വോട്ടര്‍മാരെ കബളിപ്പിക്കാന്‍ പവന്‍ ഖേര പത്ര സമ്മേളനം നടത്തിയെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം ബിജെപിയുടെ വാദങ്ങള്‍ തള്ളി കോണ്‍ഗ്രസ് രംഗത്തെത്തി. പഴയ തിരിച്ചറിയല്‍ കാര്‍ഡ് കമ്മീഷനില്‍ തിരിച്ചേല്‍പ്പിച്ചിട്ടുണ്ടെന്നും കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്.
വോട്ട് ക്രമക്കേടിനെതിരെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ബിഹാറില്‍ നടത്തിയ വോട്ടര്‍ അധികാര്‍ യാത്രയുടെ സമാപനം കഴിഞ്ഞതിന് പിന്നാലെയാണ് ആരോപണവുമായി ബിജെപി രംഗത്തെത്തിയിരിക്കുന്നത്. ഇന്‍ഡ്യാ മുന്നണി നേതാക്കളുടെ നേതൃത്വത്തില്‍ പതിനായിരക്കണക്കിന് പേരാണ് വോട്ടര്‍ അധികാര്‍ യാത്രയുടെ സമാപന യാത്രയില്‍ കഴിഞ്ഞ ദിവസം പങ്കെടുത്തത്. കഴിഞ്ഞ മാസം 17ന് ബിഹാറിലെ സസാറാമില്‍ നിന്നാണ് വോട്ടര്‍ അധികാര്‍ യാത്ര തുടങ്ങിയത്. ബിഹാറിലെ 20 ജില്ലകളിലൂടെ 1300ലധികം കിലോമീറ്ററാണ് രാഹുലും സംഘവും സഞ്ചരിച്ചത്. വോട്ട് കൊള്ളക്കെതിരെയാണ് രാഹുലിന്റെ നേതൃത്വത്തില്‍ വോട്ടര്‍ അധികാര്‍ യാത്ര സംഘടിപ്പിച്ചത്.
അതേസമയം രാഹുല്‍ ഗാന്ധി വോട്ട് കൊള്ളയ്‌ക്കെതിരെ വാര്‍ത്താ സമ്മേളനം നടത്തിയതിന് പിന്നാലെ ഇന്ത്യന്‍ പൗരത്വം സ്വീകരിക്കുന്നതിന് മുന്‍പ് സോണിയ ഗാന്ധിയുടെ പേര് വോട്ടര്‍ പട്ടികയിലുണ്ടായിരുന്നുവെന്ന് ആരോപിച്ച് അനുരാഗ് താക്കൂര്‍ രംഗത്തെത്തിയിരുന്നു. സോണിയ ഗാന്ധിയുടെ പേര് 1980ലെ വോട്ടര്‍ പട്ടികയിലുണ്ട്. സഫ്ദര്‍ജംഗ് റോഡിലെ നൂറ്റി നാല്‍പത്തിയഞ്ചാം ബൂത്തിലെ വോട്ടറായിരുന്നു സോണിയയെന്ന് രേഖയില്‍ വ്യക്തമാണ്. 1983ലാണ് സോണിയ ഗാന്ധിക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കുന്നത്. എന്നാല്‍ അതിന് മുന്‍പേ ഇവിടുത്തെ വോട്ടര്‍ പട്ടികയില്‍ സോണിയയുണ്ടെന്നും അനുരാഗ് താക്കൂര്‍ പറഞ്ഞത്. എന്നാല്‍ ഈ വാദങ്ങളെ തെളിവുകള്‍ നിരത്തി കോണ്‍ഗ്രസ് പ്രതിരോധിച്ചിരുന്നു.
Content Highlights: BJP allegates that Pawan Khera have two voter ID