
ബ്രോങ്കോ ടെസ്റ്റ്. കഴിഞ്ഞ കുറേ ദിവസങ്ങളിലായി ക്രിക്കറ്റ് സർക്കിളുകളിലെ ചർച്ചയാണീ പദം. അത്ലറ്റുകളുടെ ഫിറ്റ്നസ് പരിശോധനക്കായി റഗ്ബിയടക്കമുള്ള പല കായിക ഇനങ്ങളിലും നടപ്പിലാക്കുന്ന ഈ പരിശോധന ഇന്ത്യൻ ക്രിക്കറ്റ് ടീമിലും നടപ്പിലാക്കാനൊരുങ്ങുന്നു എന്നായിരുന്നു വാർത്തകൾ. രോഹിത് ശർമയെ പോലുള്ള താരങ്ങളെ ടീമിൽ നിന്ന് പുറത്താക്കാനാണ് ഏറെ കഠിനമേറിയ ഈ ടെസ്റ്റെന്ന് ആരോപണമുയർന്നു.
എന്നാൽ ഇപ്പോഴിതാ രോഹിത് ശർമയുടെ ബ്രോങ്കോ ടെസ്റ്റ് ഫലം പുറത്തു വന്നിരിക്കുന്നു. ചില ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ടെസ്റ്റിൽ രോഹിത് പാസായെന്നാണ് വിവരം. ഓഗസ്റ്റ് അവസാനത്തിൽ നടന്ന പരിശോധനയിൽ മുഴുവൻ ഇന്ത്യൻ താരങ്ങളും വിജയിച്ചു. പരിശോധന പാസായി എന്ന് മാത്രമല്ല മികച്ച പ്രകടനമാണ് രോഹിത് ശർമ പുറത്തെടുത്തത് എന്നാണ് റിപ്പോർട്ടുകൾ.
കളിക്കാരുടെ കായിക ക്ഷമത, വേഗത, സ്റ്റാമിന, ഉച്ഛ്വാസ നിശ്വാസങ്ങൾ ഇവ പരിശോധിക്കാനായി നടത്തുന്ന ടെസ്റ്റാണ് ബ്രോങ്കോ ടെസ്റ്റ്. അഞ്ച് സെറ്റുകളിലായി 1200 മീറ്റർ ദൂരം താരങ്ങൾ താണ്ടണം. സ്റ്റാർട്ടിങ് ലൈനിൽ നിന്ന് നിന്ന് 20 മീറ്റർ, 40 മീറ്റർ, 60 മീറ്റർ ദൂരത്തിൽ പോയിന്റുകളുണ്ടാവും. ഓരോ പോയിന്റിലേക്കും താരങ്ങൾ ഓടി സ്റ്റാർട്ടിങ്ങ് ലൈനിൽ തിരികെയെത്തണം. ഈ ഓട്ടത്തിനിടയിൽ ഇടവേളകളില്ല. 60 മീറ്ററും പിന്നിട്ട് തിരികെയെത്തുമ്പോൾ ഒരു സെറ്റ് പൂർത്തിയാകും.
ഓസ്ത്രേലിയക്കെതിരെ ഒക്ടോബറിൽ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയിൽ രോഹിത് ശർമയും വിരാട് കോഹ്ലിയും തിരികെയെത്തും എന്നാണ് റിപ്പോർട്ട്. അടുത്ത ലോകകപ്പിൽ ഇരുവരും കളിക്കുമോ എന്ന കാര്യത്തിൽ ഉറപ്പില്ല.