
ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിൽ സഞ്ജുവിന്റെ സ്ഥാനം എവിടെയായിരിക്കും. ഓപ്പണിങ് സ്ലോട്ടിൽ അഭിഷേക് ശർമയും ശുഭ്മാൻ ഗില്ലും ഇടംപിടിച്ചാൽ സഞ്ജുവിന്റെ ഇടം ബെഞ്ചിലാവുമോ?. ജിതേഷ് ശർമയെ ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പറായി പരിഗണിക്കുമോ? ആരാധകരുടെ ചോദ്യങ്ങൾ നീണ്ട് നീണ്ട് പോവുകയാണ്. ഏഷ്യാ കപ്പിലെ പ്രകടനം അടുത്ത വർഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിൽ നിർണായകമാവും. അതിനാൽ തന്നെ പുറത്തിരിക്കേണ്ടി വന്നാൽ സഞ്ജുവിന്റെ സാധ്യതകൾക്ക് മങ്ങലേൽക്കും.
ഇപ്പോഴിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ വിക്കറ്റ് കീപ്പറായി ജിതേഷ് ശർമയെ പരിഗണിക്കമെന്ന ആവശ്യവുമായി എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര.
'സഞ്ജു ടീമിൽ ഉണ്ടെങ്കിലും ഏഷ്യാ കപ്പ് ഇലവനിൽ ജിതേഷ് പരിഗണിക്കപ്പെടും എന്നാണ് കരുതുന്നത്. ഒന്ന് മുതൽ മൂന്ന് വരെയുള്ള സ്ഥാനങ്ങളിൽ കളിച്ചപ്പോൾ 135 സ്‌ട്രൈക്ക് റൈറ്റും 25 ആവറേജുമുണ്ട് അയാൾക്ക്. നാല് മുതൽ ഏഴ് വരെ സ്ഥാനങ്ങളിൽ 166 ആണ് ജിതേഷിന്‍റെ സ്‌ട്രൈക്ക് റൈറ്റ്. 28 ആണ് ബാറ്റിങ് ആവറേജ്. ഓപ്പണിങ് സ്ലോട്ടിൽ ഗില്ലും അഭിഷേകും കളിക്കും. മിഡിൽ ഓർഡറിൽ സഞ്ജുവിന്റെ പ്രകടനങ്ങൾ ദയനീയമാണ്. അതിനാൽ തന്നെ അടുത്ത ലോകകപ്പ് ടീമിൽ ജിതേഷിനെ പരിഗണിക്കാൻ സാധ്യത ഏറെയാണ്'- ചോപ്ര പറഞ്ഞു.
ടി20 ക്രിക്കറ്റിൽ മിഡിൽ ഓർഡറിൽ സഞ്ജുവിന് അത്ര വലിയ റെക്കോർഡുകളൊന്നുമില്ല. ദേശീയ കുപ്പായത്തിൽ മിഡിൽ ഓർഡറിലിറങ്ങിയ 25 ടി20 മത്സരങ്ങളിൽ 124.17 ആണ് സഞ്ജുവിൻറെ സ്ട്രൈക്ക് റൈറ്റ്. 18.83 ആണ് താരത്തിൻറെ ബാറ്റിങ് ആവറേജ്. അതേ സമയം ഓപ്പണറുടെ റോളിൽ 17 മത്സരങ്ങളിൽ കളത്തിലിറങ്ങിയ താരത്തിൻറെ സ്ട്രൈക്ക് റൈറ്റ് 178 ഉം ബാറ്റിങ് ആവറേജ് 32.2 മാണ്.