
പത്തനംതിട്ട: താൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് ആയിരുന്നപ്പോൾ യുവതി പ്രവേശനത്തിന് അനുകൂലമായി സത്യവാങ്മൂലം നൽകിയിട്ടില്ലെന്ന് മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എ പത്മകുമാർ. പ്രയാർ ഗോപാലകൃഷ്ണൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് ആയിരുന്നപ്പോഴാണ് സത്യവാങ്മൂലം നൽകിയത്. താൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് ആയിരുന്നപ്പോൾ സാവകാശ ഹർജിയാണ് നൽകിയത്. യുവതി പ്രവേശന വിധി അടിച്ചേൽപ്പിക്കുന്നതിനോട് യോജിപ്പ് ഉണ്ടായിരുന്നില്ലെന്നും എ പത്മകുമാർ റിപ്പോർട്ടറിനോട് പറഞ്ഞു.
'എൽഡിഎഫിലെ ആരും സുപ്രീംകോടതിയിൽ യുവതി പ്രവേശനത്തിനായി കേസുമായി പോയിട്ടില്ല. എൻ്റെ വീട്ടിൽ നിന്ന് സ്ത്രീകൾ ആരും ശബരിമലയ്ക്ക് പോകില്ല എന്നു പറഞ്ഞതിനെ വളച്ചൊടിച്ചു. എൻ്റെ വീട്ടിൽ നിന്നും സ്ത്രീകളാരും ശബരിമലയ്ക്ക് പോകാറില്ല എന്നാണ് അന്ന് ഉദ്ദേശിച്ചതെന്നും' എ പത്മകുമാർ വിശദീകരിച്ചു. 'മുഖ്യമന്ത്രിയുടേത് എന്നും ശബരിമലയെ സഹായിക്കുന്ന നിലപാടാണ്. ശബരിമലയിൽ സ്ത്രീകൾ കയറിയതിന്റെ മുഴുവൻ കുറ്റവും ചിലർ മുഖ്യമന്ത്രിയിൽ കെട്ടിവയ്ക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യത്തിൽ അന്ന് ഇടപെട്ടിട്ടില്ലെ'ന്നും എ പത്മകുമാർ വ്യക്തമാക്കി. യുവതി പ്രവേശന വിഷയത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് എന്തായിരുന്നു എന്ന് തനിക്ക് അറിയാമെന്നും എന്നാൽ ഒരു ഭരണഘടന സ്ഥാപനത്തിൽ ഇരുന്ന വ്യക്തിയെന്ന നിലയ്ക്ക് അന്ന് നടന്ന എല്ലാ കാര്യങ്ങളും താൻ പറയുന്നില്ലെന്നും പത്മകുമാർ കൂട്ടിച്ചേർത്തു. 'ശബരിമല യുവതി പ്രവേശന വിഷയത്തിൽ പലരാലും ആരോപിക്കപ്പെടുന്ന പിണറായി വിജയൻ അല്ല യഥാർത്ഥ പിണറായി വിജയൻ. അക്കാലത്തെ ബോർഡ് പ്രസിഡൻറ് എന്ന രീതിയിൽ ഇക്കാര്യം എനിക്ക് അറിയാ'മെന്നും എ പത്മകുമാർ വ്യക്തമാക്കി. ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാടുകളാണ് തങ്ങൾക്ക് ഓരോരുത്തർക്കും ബാധകമെന്നും മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പറഞ്ഞു.
ഹൈന്ദവ വിശ്വാസിയാണെന്നും ഹൈന്ദവാനുഷ്ഠാനങ്ങൾ സംരക്ഷിച്ചു കൊള്ളാം എന്ന ബോർഡ് പ്രസിഡന്റിന്റെ സത്യപ്രതിഞ്ജാ വാചകം മുഖ്യമന്ത്രി എപ്പോഴും ഓർമിപ്പിച്ചിരുന്നു. അങ്ങനെയുള്ള മുഖ്യമന്ത്രി പിണറായി വിജയനെയാണ് ചിലർ വിമർശിച്ചത്. യുവതി പ്രവേശന വിഷയത്തിൽ സുപ്രീംകോടതി വിധി വന്നതിലൂടെ അത് പാലിക്കാൻ നിർബന്ധിതരായി എന്നും എ പത്മകുമാർ വ്യക്തമാക്കി.
ആഗോള അയ്യപ്പ സംഗമം നടത്തുന്നതിൽ ഒരു തെറ്റുമില്ല. ദേവസ്വം ബോർഡിന്റേത് നല്ല തീരുമാനം. എൽഡിഎഫ് സർക്കാർ ആഗോള അയ്യപ്പ സംഗമത്തെ സഹായിക്കും എന്നതിൽ തർക്കമില്ല. ഒരു സർക്കാർ ശബരിമലയെ സഹായിക്കും എന്ന് പറഞ്ഞു മുന്നോട്ടു വന്നാൽ എന്തിന് വേണ്ട എന്ന് പറയണം. അയ്യപ്പ സംഗമം നടത്തുന്നതിന് സർക്കാരിന് അധികാരമില്ല എന്ന വാദത്തോട് യോജിപ്പില്ല. എസ്എൻഡിപിയും എൻഎസ്എസും ആഗോള അയ്യപ്പ സംഗമത്തിന് പിന്തുണ നൽകുന്നതും പത്മകുമാർ ചൂണ്ടിക്കാണിച്ചു. ശബരിമലയെ ഉപയോഗിച്ച് രാഷ്ട്രീയം കളിക്കാൻ ഇടതുപക്ഷം തയ്യാറാകില്ലെന്ന് ഉറപ്പാണെന്നും മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് വ്യക്തമാക്കി.
എൻഎസ്എസ് ഒരു നിലപാട് സ്വീകരിച്ചതുകൊണ്ട് ജി സുകുമാരൻ നായരെ വിമർശിക്കുന്നത് ശരിയല്ല. എസ്എൻഡിപി പിന്തുണച്ചതുകൊണ്ട് വെള്ളാപ്പള്ളി നടേശനേയും വിമർശിക്കുന്നത് ശരിയല്ല. ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളിയും സുകുമാരൻ നായരും ഇപ്പോൾ നിലപാട് സ്വീകരിച്ചതുകൊണ്ട് സോഷ്യൽ മീഡിയയിൽ അവരെ അപഹസിക്കുന്നത് ശരിയല്ലെന്നും എ പത്മകുമാർ വ്യക്തമാക്കി.
Content Highlights: Pinarayi Vijayan did not intervene in the issue of women's entry at that time A Padmakumar