
ഗാസിയാബാദ്: ഭാര്യയുടെ ഇൻസ്റ്റഗ്രാം റീലിനെ ചൊല്ലിയുണ്ടായ തർക്കം കലാശിച്ചത് ഭാർത്താവിന് നേരെയുള്ള ആക്രമണത്തിൽ. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. ഇൻസ്റ്റഗ്രാമിൽ സ്ഥിരമായി വീഡിയോ പങ്കുവെയ്ക്കാറുള്ള ഭാര്യയെ ഭർത്താവ് അനിസ് വിലക്കിയതാണ് പ്രകോപനത്തിന് ഇടയാക്കിയതെന്നാണ് റിപ്പോർട്ടുകൾ.
ഭാര്യ ഇഷ്രത്ത് മോശം റീലുകൾ പങ്കുവെക്കാറുണ്ടെന്നും ഇത് താൻ ചോദ്യം ചെയ്യുകയും വിലക്കുകയും ചെയ്തതോടെ പ്രകോപിതയായി തന്നെ കത്തികൊണ്ട് ആക്രമിച്ചെന്നുമാണ് അനിസ് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്. റീല്‍സ് പങ്കുവെക്കുന്നത് പലപ്പോഴായി ചോദ്യം ചെയ്തിരുന്നുവെന്നും എന്നാൽ അപ്പോഴെല്ലാം ഭാര്യ തന്നെ കേസിൽപ്പെടുത്തുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുകയാണ് ചെയ്യുന്നതെന്നും അനിസ് പറയുന്നു. ഒരു ദിവസം വീഡിയോയെ കുറിച്ച് ചോദിച്ചപ്പോൾ ഇഷ്രത്ത് തന്നെ കത്തികൊണ്ട് ആക്രമിച്ചെന്നും ഇയാൾ പറയുന്നു. യുവതി കത്തിവീശുന്നതിന്റെയടക്കം വീഡിയോയും ഇയാൾ പരാതിക്കൊപ്പം കൈമാറി.
വീട്ടിലെ കാര്യങ്ങളൊന്നും ശ്രദ്ധിക്കാൻ സമയമില്ലാത്ത ഭാര്യ എപ്പോഴും ഇൻസ്റ്റഗ്രാമിലാണ്. പെരുമാറ്റത്തിലും മാറ്റങ്ങളുണ്ട്. പല പുരുഷന്മാരുമായും സംസാരിക്കുകയും ഇടപെടുകയും ചെയ്യുന്നുണ്ട്. ഇത് ചോദ്യം ചെയ്യുമ്പോഴെല്ലാം ആക്രമണ സ്വഭാവം കാണിക്കുകയും ആത്മഹത്യാഭീഷണി മുഴക്കുകയും ചെയ്യുന്നു. തനിക്കെതിരെ മാത്രമല്ല വീട്ടുകാരെയും കേസിൽക്കുടുക്കുമെന്ന് ഭാര്യ ഭീഷണിപ്പെടുത്തിയെന്ന് ഇയാൾ ആരോപിച്ചു.
ആദ്യം വെറും ഭീഷണിയായിരുന്നു. എന്നാൽ ഒരു തവണ യഥാർത്ഥത്തിൽ ഭാര്യ പരാതി നൽകിയതിന് പിന്നാലെ തന്നെ പൊലീസ് വിളിപ്പിച്ചെന്നും സ്വന്തം വീട്ടിൽ നിന്ന് ഭാര്യ തന്നെ പുറത്താക്കിയിരിക്കയാണെന്നും യുവാവ് പറഞ്ഞു. 29 കാരിയായ ഇഷ്രത്തുമായി 2009ലായിരുന്നു അനിസിന്റെ വിവാഹം. 2024ൽ യുവതി ഇൻസ്റ്റഗ്രാം ആരംഭിച്ചതോടെയാണ് ജീവിതം തകിടംമറിഞ്ഞതെന്ന് അനിസ് പറഞ്ഞു. ഇഷ്രത്ത് റീലുകൾ എടുക്കുന്നതിൽ സജീവ പരീക്ഷണം നടത്തുകയും സംസാരിക്കുന്ന കാര്യങ്ങളും ചെറിയ വഴക്കുകളും വരെ റീലായി ചിത്രീകരിക്കുമെന്നും അനിസ് പറഞ്ഞു. ഇവർക്ക് ഒമ്പതും ആറും വയസുള്ള കുട്ടികളുണ്ട്.
അതേസമയം യുവാവിന്റെ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
Content Highlights: Wife attacks man with knife after fight over reels in Gaziabad