
ന്യൂഡൽഹി: കഴിഞ്ഞ വർഷം മഹാരാഷ്ട്ര സർക്കാർ ചെയ്തതുപോലെ ഗുജറാത്തിന്റെ 'രാജ്യ മാതാവാ'യി പശുവിനെ പ്രഖ്യാപിക്കണമെന്ന് സംസ്ഥാനത്ത് നിന്നുള്ള കോൺഗ്രസിന്റെ ഏക എംപി ജെനി ബെൻ നാഗാജി താക്കൂർ. ഗുജറാത്ത് മുഖ്യമന്ത്രി ഭുപേന്ദ്ര പട്ടേലിന് ഗെനി ബെൻ കത്ത് നൽകി. മൃദു ഹിന്ദുത്വ നിലപാടിന്റെ ഭാഗമായല്ല താൻ ഈ ആവശ്യം ഉന്നയിക്കുന്നത്. ജനങ്ങൾ പശുവിനെ ഗോമാതാവായി പൂജിക്കുന്നതുകൊണ്ടാണ് താൻ ആവശ്യം ഉയർത്തുന്നതെന്നും ജെനി ബെൻ വ്യക്തമാക്കി.
ഈ ആവശ്യം ഉന്നയിച്ച് കഴിഞ്ഞ ആഴ്ച മുതൽ നിരാഹാര സമരം നടത്തുന്ന പ്രാദേശിക മതനേതാവ് മഹന്ത് ദേവ്നാഥ് ബാപ്പുവിനെ പിന്തുണച്ചാണ് അവർ കത്ത് എഴുതിയത്. "ലോക്സഭാംഗവും കോൺഗ്രസ് നേതാവുമായ ഞാൻ, മഹാരാഷ്ട്ര ചെയ്തതുപോലെ ഗുജറാത്തിലും പശുവിനെ രാജ്യമാതാവായി പ്രഖ്യാപിക്കണമെന്ന് നിങ്ങളോട് അഭ്യർത്ഥിക്കുന്നു" എന്ന് അവർ കത്തിൽ വ്യക്തമാക്കി.
ഗുജറാത്തിന്റെ 'രാജ്യ മാതാവായി' പശുവിനെ പ്രഖ്യാപിക്കണമെന്ന ആവശ്യം ഉന്നയിച്ച് മഹന്ത് ദേവ്നാഥ് ബാപ്പു ഗുജറാത്തിലെ 159 എംപിമാർക്ക് കത്ത് നൽകിയിരുന്നു. ഈ കത്തിന് മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രിക്ക് കത്തെഴുതുന്നതെന്നും കോൺഗ്രസ് എംപി വ്യക്തമാക്കി. 2024 സെപ്റ്റംബറിൽ മഹാരാഷ്ട്ര പശുവിനെ 'രാജ്യമാത ഗോമാത' എന്ന് പ്രഖ്യാപിച്ചിരുന്നു.
Content Highlights: Congress mp written to cm urging him to declare the cow as Rajya Mata