
മുംബൈ: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പരമാവധി ജോലി സമയം ഒമ്പത് മണിക്കൂറിൽ നിന്ന് പത്ത് മണിക്കൂറായി ഉയർത്താൻ മഹാരാഷ്ട്ര സർക്കാർ. 2017-ലെ മഹാരാഷ്ട്ര ഷോപ്പ്സ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ്സ് (തൊഴിൽ നിയന്ത്രണവും സേവന വ്യവസ്ഥകളും) നിയമത്തിൽ നിർണായക മാറ്റങ്ങൾ വരുത്തുന്നതിലൂടെയാണിത്.
കടകൾ, ഹോട്ടലുകൾ, വിനോദ വേദികൾ തുടങ്ങിയ സ്ഥലങ്ങളിലെ ജീവനക്കാരുടെ ജോലി സമയം നിയന്ത്രിക്കുന്നതാണ് ഈ നിയമം. ചൊവ്വാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിൽ സംസ്ഥാന തൊഴിൽ വകുപ്പ് തീരുമാനം അവതരിപ്പിച്ചു. 2017-ലെ നിയമനിർമ്മാണത്തിൽ ഏകദേശം അഞ്ച് പ്രധാന മാറ്റങ്ങൾ വരുത്താൻ തൊഴിൽ വകുപ്പ് ഉദ്ദേശിക്കുന്നുവെന്നും വ്യക്തമാക്കി. ആറ് മണിക്കൂറിലധികം തുടർച്ചയായി ജോലി ചെയ്താൽ അര മണിക്കൂർ ഇടവേള നൽകണമെന്നും നിർദ്ദേശിക്കുന്നു. നിലവിൽ ഇത് അഞ്ച് മണിക്കൂറാണ്.
മൂന്നു മാസത്തിനുള്ളിൽ എടുക്കാവുന്ന ഓവർ ടൈം ജോലി സമയം 125-ൽ നിന്ന് 144 മണിക്കൂർ ആക്കി ഉയർത്തി. ഒരു ദിവസത്തെ പരമാവധി ഓവർടൈം 10-ൽ നിന്ന് 12 മണിക്കൂറായി വർധിപ്പിക്കാനും നിർദേശമുണ്ട്. 20-ൽ കൂടുതൽ തൊഴിലാളികൾ ഉള്ള സ്ഥാപനങ്ങളിലാണ് ഇത് പ്രാവർത്തികമാവുക. നിലവിൽ ഇത് 10 ആണ്. കഴിഞ്ഞ ജൂണിൽ ആന്ധ്രപ്രദേശ് സർക്കാറും തൊഴിൽ സമയം 10 മണിക്കൂറാക്കി വർധിപ്പിച്ചിരുന്നു. ഇത് വ്യാപക വിമർശനത്തിന് കാരണമാവുകയും ചെയ്തു. തൊഴിലാളികളെ അടിമകളാക്കുന്നതാണ് തൊഴിൽ സമയ വർധനയെന്നായിരുന്നു വിമർശനം.
Content Highlights: Maharashtra May Increase Working Hours To 10 In Private Establishments Soon