നടി ലക്ഷ്മി മേനോന്‍ ഒളിവില്‍, വിശദമായ അന്വേഷണം നടക്കുന്നു; സിറ്റി പൊലീസ് കമ്മീഷണര്‍

ഐടി ജീവനക്കാരനായ യുവാവിനെ പ്രതികള്‍ നോര്‍ത്ത് പാലത്തിന് സമീപം കാര്‍ വട്ടംവെച്ച് തടയുകയായിരുന്നു.

നടി ലക്ഷ്മി മേനോന്‍ ഒളിവില്‍, വിശദമായ അന്വേഷണം നടക്കുന്നു; സിറ്റി പൊലീസ് കമ്മീഷണര്‍
dot image

കൊച്ചി: ഐ ടി ജീവനക്കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസില്‍ പ്രതിയായ നടി ലക്ഷ്മി മേനോന്‍ ഒളിവിലാണെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ. നടിയുടെ പങ്ക് സംബന്ധിച്ച് വിശദമായ അന്വേഷണം നടക്കുകയാണ്. കേസില്‍ നാല് പ്രതികളാണുള്ളത്. അതില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

റാപ്പര്‍ വേടനെതിരെയുള്ള രണ്ടാമത്തെ പരാതി കുറിച്ചും കമ്മീഷണര്‍ പ്രതികരിച്ചു. റാപ്പര്‍ വേടനെതിരായ രണ്ടാമത്തെ കേസില്‍ പരാതിക്കാരിയുടെ മറുപടി ലഭിച്ചിട്ടില്ല. മൊഴിയെടുത്ത ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നും കമ്മീഷണര്‍ പറഞ്ഞു.

ബാറിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കൊച്ചിയില്‍ ഐ ടി ജീവനക്കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച സംഭവത്തില്‍ പ്രമുഖ നടി ലക്ഷ്മി മേനോനെ പ്രതിചേര്‍ത്തിരുന്നു. മൂന്നാം പ്രതിയാണ് ലക്ഷ്മി. തട്ടിക്കൊണ്ടുപോയ സംഘത്തിന്റെ കാറില്‍ നടിയും ഉണ്ടായിരുന്നു. തട്ടിക്കൊണ്ടുപോകുന്നതിനിടെ നടി കാറിലുണ്ടായിരുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിചേര്‍ത്തത്.

ഞായറാഴ്ച്ച രാത്രിയായിരുന്നു സംഭവം. സംഭവത്തില്‍ മൂന്ന് പേരെ നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ ഒരാള്‍ പ്രമുഖ നടിയുടെ സുഹൃത്താണ്. ബാനര്‍ജി റോഡിലെ ബാറില്‍ വെച്ചായിരുന്നു തര്‍ക്കം ഉണ്ടായത്. അതിന് ശേഷം കാറില്‍ മടങ്ങുകയായിരുന്ന ഐടി ജീവനക്കാരനായ യുവാവിനെ പ്രതികള്‍ നോര്‍ത്ത് പാലത്തിന് സമീപം കാര്‍ വട്ടംവെച്ച് തടയുകയായിരുന്നു.

തുടര്‍ന്ന് യുവാവിനെ കാറില്‍ കയറ്റി പറവൂര്‍ ഭാഗത്തേക്ക് കൊണ്ടുപോയി മര്‍ദ്ദിച്ചെന്നാണ് കേസ്. സംഭവത്തില്‍ മിഥുന്‍, അനീഷ്, സോനാമോള്‍ എന്നിവരെ തിങ്കളാഴ്ച്ച രാവിലെയാണ് അറസ്റ്റ് ചെയ്തത്.

Content Highlights: Actress Lakshmi Menon absconding; City Police Commissioner

dot image
To advertise here,contact us
dot image