
ജയ്പൂർ: പർയുഷൺ ഉത്സവത്തിന്റെയും അനന്ത ചതുർദശിയുടെയും ഭാഗമായി രാജസ്ഥാനിൽ രണ്ട് ദിവസം മാംസവും മുട്ടയും മറ്റ് നോൺ-വെജിറ്റേറിയൻ ഭക്ഷണങ്ങളും വിൽക്കുന്നതിൽ നിരോധനം. തിങ്കളാഴ്ചയാണ് ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവ് പുറത്തിറങ്ങിയത്. പർയുഷൺ ഉത്സവത്തോടനുബന്ധിച്ച് ഓഗസ്റ്റ് 28നും അനന്ത ചതുർദശിയോട് അനുബന്ധിച്ച് സെപ്റ്റംബർ 6നും കശാപ്പുശാലകളും മട്ടണും ചിക്കനും വിൽക്കുന്ന കടകളും അടച്ചിടാനാണ് ഉത്തരവ്.
ആദ്യമായാണ് ഈ രണ്ട് ദിവസങ്ങളിൽ സംസ്ഥാനത്തുടനീളം മുട്ട വിൽപ്പന നിരോധിച്ചിരിക്കുന്നത്. മതസംഘടനകളുടെ ആവശ്യപ്രകാരമാണ് ഈ രണ്ട് ദിവസങ്ങളിൽ മാംസത്തിന്റെയും മുട്ടയുടെയും വിൽപ്പന നിരോധിക്കാൻ തീരുമാനിച്ചതെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിട്ട് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കൃഷ്ണ ജന്മാഷ്ടമി ദിനമായ ഓഗസ്റ്റ് 16 ന് നഗരത്തിൽ മൃഗങ്ങളെ കൊല്ലുന്നതിനും മാംസം വിൽക്കുന്നതിനും നിരോധനം ഏർപ്പെടുത്തുന്നതായി നേരത്തെ ബ്രഹ്ത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) പ്രഖ്യാപിച്ചിരുന്നു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഓഗസ്റ്റ് 15നും ഉത്സവങ്ങൾ കണക്കിലെടുത്ത് ഓഗസ്റ്റ് 20നും മഹാരാഷ്ട്രയിലെ നിരവധി മുനിസിപ്പാലിറ്റികൾ മാംസ വിൽപ്പന നിരോധിച്ചിരുന്നു. ഇത് സംസ്ഥാനത്ത് രാഷ്ട്രീയ വിവാദത്തിന് വഴിതെളിച്ചിരുന്നു. പ്രതിപക്ഷമായ എൻസിപി (എസ്‌പി) ശിവസേന (യുബിടി) നേതാക്കൾ ഇത് ജനങ്ങളുടെ ഭക്ഷണ തിരഞ്ഞെടുക്കാനുള്ള അവകാശത്തിന് നേരെയുള്ള ആക്രമണമാണെന്ന് ആരോപിച്ചിരുന്നു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറും ഉത്തരവിനെ വിമർശിച്ചിരുന്നു. അത്തരം നടപടികൾ തെറ്റാണെന്നായിരുന്നു അജിത് പവാറിൻ്റെ നിലപാട്.
Content Highlights: Rajasthan bans meat and egg on August 28, September 6 due to religious festivals