ആദ്യ ബഹിരാകാശ യാത്രികന്‍ നീല്‍ ആംസ്‌ട്രോങെന്ന് വിദ്യാര്‍ത്ഥികള്‍, അല്ല ഹനുമാനാണെന്ന് അനുരാഗ് താക്കൂര്‍

ഹനുമാന്‍ ജിയാണ് ആദ്യ ബഹിരാകാശ യാത്രികന്‍ എന്ന അടിക്കുറിപ്പോടെ തന്റെ പ്രസംഗത്തിന്റെ വീഡിയോ അദ്ദേഹം എക്‌സില്‍ പങ്കുവെച്ചിട്ടുമുണ്ട്

dot image

ഷിംല: ആദ്യ ബഹിരാകാശ യാത്രികന്‍ ഹനുമാനാണെന്ന് ബിജെപി എംപി അനുരാഗ് താക്കൂര്‍. ദേശീയ ബഹിരാകാശ ദിനത്തില്‍ ഹിമാചല്‍ പ്രദേശിലെ പിഎം ശ്രീ സ്‌കൂളിലെ വിദ്യാര്‍ത്ഥികളോട് സംവദിക്കവെയാണ് അനുരാഗ് താക്കൂര്‍ ഇക്കാര്യം പറഞ്ഞത്. ആദ്യത്തെ ബഹിരാകാശ സഞ്ചാരി ആരാണ് എന്നായിരുന്നു അനുരാഗ് താക്കൂര്‍ വിദ്യാര്‍ത്ഥികളോട് ചോദിച്ചത്. വിദ്യാര്‍ത്ഥികള്‍ ഒരുമിച്ച് നീല്‍ ആംസ്‌ട്രോങ് എന്ന് മറുപടി നല്‍കി. അപ്പോഴാണ് ആദ്യ ബഹിരാകാശ സഞ്ചാരി ഹനുമാന്‍ ആണ് എന്നാണ് താന്‍ കരുതുന്നതെന്ന് അനുരാഗ് താക്കൂര്‍ പറഞ്ഞത്. ഇന്ത്യന്‍ പാരമ്പര്യത്തെക്കുറിച്ച് അറിയാന്‍ പാഠപുസ്തകങ്ങള്‍ക്ക് അപ്പുറം നോക്കണമെന്നും അദ്ദേഹം പറഞ്ഞു. ഹനുമാന്‍ ജിയാണ് ആദ്യ ബഹിരാകാശ യാത്രികന്‍ എന്ന അടിക്കുറിപ്പോടെ തന്റെ പ്രസംഗത്തിന്റെ വീഡിയോ അദ്ദേഹം എക്‌സില്‍ പങ്കുവെച്ചിട്ടുമുണ്ട്.

ബഹിരാകാശത്തേക്ക് ആദ്യമായി യാത്ര ചെയ്തത് യൂറി ഗഗാറിനാണ്. ചന്ദ്രനില്‍ ആദ്യമായി കാലുകുത്തിയ ആളാണ് നീല്‍ ആംസ്‌ട്രോങ്.

'ബഹിരാകാശത്ത് ആദ്യമായി യാത്ര ചെയ്തത് ആരാണ്? ഞാന്‍ കരുതുന്നത് അത് ഹനുമാന്‍ ജി ആണ് എന്നാണ്. നമ്മള്‍ ഇപ്പോഴും നമ്മളെ തന്നെയാണ് കാണുന്നത്. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുളള നമ്മുടെ പാരമ്പര്യം, അറിവ്, സംസ്‌കാരം എന്നിവ അറിയാത്തിടത്തോളം കാലം ബ്രിട്ടീഷുകാര്‍ കാണിച്ചുതന്നത് പോലെ നാം തുടരും. അതിനാല്‍ നിങ്ങളെല്ലാവരും പാഠപുസ്തകങ്ങള്‍ക്കപ്പുറം നമ്മുടെ രാഷ്ട്രത്തെയും പാരമ്പര്യത്തെയും അറിയണം. അപ്പോള്‍ നിങ്ങള്‍ക്ക് നിരവധി കാര്യങ്ങള്‍ കണ്ടെത്താനാകും'- അനുരാഗ് താക്കൂര്‍ പറഞ്ഞു.

അതേസമയം, അനുരാഗ് താക്കൂറിന്റെ പരാമര്‍ശത്തിനെതിരെ കനിമൊഴി എംപി രംഗത്തെത്തി. വിദ്യാര്‍ത്ഥികളെ തെറ്റിദ്ധരിപ്പിക്കുന്നതിലൂടെ വിജ്ഞാനത്തെ തന്നെ അപമാനിക്കുകയാണ് അനുരാഗ് താക്കൂറെന്ന് കനിമൊഴി പറഞ്ഞു. കുട്ടികളെ തെറ്റിദ്ധരിപ്പിക്കുന്നത് ഭരണഘടനയോടുളള അവഹേളനമാണെന്നും ശാസ്ത്രീയ മനോഭാവം വളര്‍ത്തണമെന്ന തത്വത്തെ അവഹേളിക്കുകയാണെന്നും കനിമൊഴി എംപി പറഞ്ഞു. 'കുട്ടികളില്‍ അന്വേഷണ ത്വരയും വസ്തുതകളെ അടിസ്ഥാനമാക്കിയുളള അറിവിനോടുളള താല്‍പ്പര്യവും വളര്‍ത്തുന്നത് രാജ്യത്തിന്റെ ഭാവി കെട്ടിപ്പടുക്കുന്നതിന് അത്യന്താപേക്ഷിതമാണ്. പുരാണത്തെ ശാസ്ത്രമായി അവതരിപ്പിക്കുന്നതിലല്ല പുരോഗതി. ചരിത്രപരമായ വസ്തുതകളും ഐതീഹ്യങ്ങളും തമ്മില്‍ വേര്‍തിരിച്ചറിയുന്നതില്‍ നിന്ന് വിദ്യാര്‍ത്ഥികളെ തടയുന്ന പരാമര്‍ശങ്ങള്‍ ശരിയല്ല. പുരാണങ്ങള്‍ക്ക് സാംസ്‌കാരികവും സാഹിത്യപരവുമായ സ്ഥാനമുണ്ട്. എന്നാല്‍ അത് വസ്തുതയായി ക്ലാസ് മുറികളില്‍ അവതരിപ്പിക്കുന്നത് ശാസ്ത്രപഠനത്തിന്റെ അടിത്തറയെ ദുര്‍ബലപ്പെടുത്തും'- കനിമൊഴി പറഞ്ഞു.

Content Highlights: Hanuman was the first space traveller says anurag thakur to students

dot image
To advertise here,contact us
dot image