'വലതുപക്ഷം ദുരുദ്ദേശത്തോടെ പ്രചരിപ്പിക്കുന്നു,കോണ്‍ഗ്രസില്‍ ചേര്‍ന്നിട്ടില്ല';അഭ്യൂഹങ്ങള്‍ തള്ളി കാഞ്ച ഏലയ്യ

ഇന്ത്യയിലെ ഒബിസിക്കാരുടെ ഏക വിമോചകൻ രാഹുൽ ഗാന്ധിയാണെണ് കാഞ്ച ഏലയ്യ പറഞ്ഞിരുന്നു

dot image

ന്യൂഡൽഹി: കോൺഗ്രസ് പാർട്ടിയിൽ ചേര്‍ന്നുവെന്ന അഭ്യൂഹങ്ങൾ തള്ളി പ്രമുഖ എഴുത്തുകാരനും ചിന്തകനും സാമൂഹിക പ്രവർത്തകനുമായ കാഞ്ച ഏലയ്യ. കോൺഗ്രസിന്റെ ഒബിസി പ്രത്യയശാസ്ത്ര ഉപദേശക സമിതിയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടതിന് പിന്നാലെ കാഞ്ച ഏലയ്യ കോൺഗ്രസിൽ ചേർന്നുവെന്ന തരത്തിൽ അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. ഇതിലാണ് അദ്ദേഹം വിശദീകരണവുമായി രംഗത്ത് വന്നത്. പാർട്ടി പുറത്തിറക്കിയ പട്ടിക പ്രകാരം കമ്മിറ്റിയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട 23 പേരിൽ ഒരാളായിരുന്നു കാഞ്ച ഏലയ്യ.


'ജാതി സെൻസസിന്റെ ആവശ്യകതയെക്കുറിച്ചുള്ള ധാരണ പാർട്ടിക്ക് രൂപപ്പെടുത്തിനൽകിയത് ഞാനായിരിക്കാം, പക്ഷേ ഞാൻ പാർട്ടിയിൽ ചേർന്നു എന്ന് പറയുന്നത് തെറ്റാണ്. വലതുപക്ഷ ശക്തികളാണ് ദുരുദ്ദേശത്തോടെ ഈ വാർത്ത പ്രചരിപ്പിക്കുന്നത്' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കഴിഞ്ഞമാസം ഡൽഹി തൽക്കത്തോറ സ്റ്റേഡിയത്തിൽ കോൺഗ്രസ് ഒബിസി വിഭാഗത്തിൽറെ പ്രാതിനിധ്യ നീതി മഹാസമ്മേളനത്തിൽ സംസാരിക്കവെ രാഹുൽഗാന്ധിയെ പ്രകീർത്തിച്ച് കാഞ്ച ഏലയ്യ സംസാരിച്ചിരുന്നു. ഇന്ത്യയിലെ ഒബിസിക്കാരുടെ ഏക വിമോചകൻ രാഹുൽ ഗാന്ധിയാണെന്നും അമേരിക്കയിലെ കറുത്ത വർഗക്കാരുടെ വിമോചകനായ മാർട്ടിൻ ലൂഥർ കിങ്ങിനെപോലെയാണ് അദ്ദേഹമെന്നും കാഞ്ച ഏലയ്യ പറഞ്ഞിരുന്നു. ഒബിസിയെ മോചിപ്പിച്ചാൽ ബിജെപി പിന്നീട് ഒരിക്കലും അധികാരത്തിൽ വരില്ലെന്നും ഒബിസിയുടേയും ആദിവാസികളുടേയും ശക്തി അതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ സമ്മേളനത്തെ കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ വിപ്ലവകരമായ മുന്നേറ്റം എന്നാണ് കാഞ്ച ഏലയ്യ വിശേഷിപ്പിച്ചിരുന്നത്.

Content Highlights: Kancha Ilaiah refutes rumours of joining Congress

dot image
To advertise here,contact us
dot image