ഓണ്‍ലൈന്‍ ബെറ്റിംഗ് ആപ്പുകള്‍ക്ക് നിരോധനം: ബില്ല് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു

സെലിബ്രിറ്റികള്‍ ഓണ്‍ലൈന്‍ ഗെയ്മിംഗ് പ്രമോഷൻ നടത്തുന്നത് നിരോധിക്കുന്നതിന് ബില്ലില്‍ വ്യവസ്ഥയുണ്ട്

dot image

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ബെറ്റിംഗ് ആപ്പുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയേക്കും. ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. ഓണ്‍ലൈന്‍ ഗെയിമിംഗ് ബില്‍ നാളെ പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കുമെന്നാണ് വിവരം. ഓണ്‍ലൈന്‍ ഗെയ്മിങ്ങിന്റെ പേരില്‍ നടക്കുന്ന തട്ടിപ്പുകള്‍ തടയാനാണ് നിയമഭേദഗതി. ഓണ്‍ലൈന്‍ വാതുവെപ്പുകള്‍ക്ക് ശിക്ഷയും പിഴയും ഉറപ്പുവരുത്തും. സെലിബ്രിറ്റികള്‍ ഓണ്‍ലൈന്‍ ഗെയ്മിംഗ് നടത്തുന്നത് നിരോധിക്കുന്നതിന് ബില്ലില്‍ വ്യവസ്ഥയുണ്ട്.

ഓണ്‍ലൈന്‍ ബെറ്റിംഗ് ആപ്പുകള്‍ക്കുമേല്‍ കര്‍ശന നിരോധനമേര്‍പ്പെടുത്താനൊരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. 2023 ഒക്ടോബര്‍ മുതല്‍ ഓണ്‍ലൈന്‍ ഗെയിമിംഗിന് 28 ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്തിയിരുന്നു. 2024-2025 സാമ്പത്തിക വര്‍ഷത്തില്‍ ഓണ്‍ലൈന്‍ ഗെയിമുകളില്‍ വിജയിക്കുന്ന തുകയ്ക്ക് 30 ശതമാനം നികുതിയും ചുമത്തിയിരുന്നു. ഓഫ്‌ഷോര്‍ ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകളും നികുതിയുടെ പരിധിയില്‍ വരും. രജിസ്റ്റര്‍ ചെയ്യാത്തതോ നിയമവിരുദ്ധമോ ആയ സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാനും കേന്ദ്രത്തിന് അധികാരമുണ്ട്.

ഭാരതീയ ന്യായ സംഹിത പ്രകാരം, അനധികൃത വാതുവെപ്പ് ഏഴ് വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്. ബെറ്റിംഗ് ഭരണഘടനയുടെ സ്റ്റേറ്റ് ലിസ്റ്റില്‍ പെടുന്നതിനാല്‍ നടപടിയെടുക്കാനുളള അധികാരം അതത് സംസ്ഥാനങ്ങള്‍ക്കായിരിക്കും. 2022-നും 2025-നും ഇടയില്‍ 14,000-ലധികം ഓണ്‍ലൈന്‍ ഗെയിമിംഗ്, ബെറ്റിംഗ് ആപ്പുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിരോധനമേര്‍പ്പെടുത്തിയിരുന്നു.

കഴിഞ്ഞ മാസം, ബെറ്റിങ് ആപ്പുകളുടെ പരസ്യത്തില്‍ അഭിനയിച്ച സിനിമാതാരങ്ങൾക്കെതിരെയും സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസേഴ്സിനെതിരെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) കേസെടുത്തിരുന്നു. വിജയ് ദേവരകൊണ്ട, റാണ ദഗ്ഗുബാട്ടി, പ്രകാശ് രാജ്, നിധി അഗര്‍വാള്‍, മഞ്ചു ലക്ഷ്മി എന്നീ താരങ്ങള്‍ക്കെതിരെയാണ് ഇസിഐആര്‍(എന്‍ഫോഴ്സ് കേസ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട്) രജിസ്റ്റര്‍ ചെയ്തത്.

29 സിനിമാതാരങ്ങൾ, ഹർഷൻ സായ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസേഴ്സ്, ലോക്കൽ ബോയ് നാനി എന്ന യൂട്യൂബ് ചാനലിന്റെ നടത്തിപ്പുകാർ എന്നിവർക്കെതിരെ നിലവിൽ ഇഡി അന്വേഷണങ്ങൾ നടത്തിവരികയാണ്. ഈ ബെറ്റിങ് ആപ്പ് പ്രൊമോട്ട് ചെയ്യുന്നതിലൂടെ വലിയ തുകയുടെ ഇടപാടുകള്‍ നടന്നിട്ടുണ്ടാവാമെന്നും അത് കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടതാകാമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നുണ്ട്.

ജംഗ്ലീ റമ്മിയുടെ പ്രമോഷനുമായി റാണ ദഗ്ഗുബാട്ടിയും പ്രകാശ് രാജും, A23 യ്‌ക്കൊപ്പം വിജയ് ദേവരകൊണ്ട, യോലോ 247-ക്കൊപ്പം മഞ്ചു ലക്ഷ്മി, ഫെയർപ്ലേ എന്ന ബെറ്റിങ് ആപ്പിനൊപ്പം പ്രണീത, ജീത് വിൻ എന്നിവരോടൊപ്പം നടി നിധി അഗർവാളും സഹകരിച്ചിരുന്നതായി എഫ്ഐആറിൽ പറയുന്നു. ഓൺലൈൻ പോപ്പ്-അപ്പ് പരസ്യങ്ങളിലൂടെ അഭിനേതാക്കളും സോഷ്യൽ മീഡിയ ഇൻഫ്ലുൻസേർസും ഈ വാതുവെപ്പ് പ്ലാറ്റ്‌ഫോമുകൾ പ്രോത്സാഹിപ്പിച്ചതായും, ഉപയോക്താക്കളെ നിയമവിരുദ്ധ ചൂതാട്ടത്തിൽ ഏർപ്പെടാൻ പ്രേരിപ്പിക്കുന്നതായും ആരോപണങ്ങൾ ഉണ്ട്.

Content Highlights: Cabinet approves gaming online gaming bill regulating betting apps and penalising gambling

dot image
To advertise here,contact us
dot image